മുംബൈ: യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് ആഗോള വ്യാപകമായി ഓഹരി വില ഇടിയുന്ന സമയമാണിത്. വില്‍പ്പന സമ്മര്‍ദം ശക്തമായതോടെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ കനത്ത ഇടിവിലായ സെന്‍സെക്സ് ഒരുവേള 78,232.60 വരെ താഴ്ന്നു. പിന്നീട് നഷ്ടം 941.88 പോയിന്റായി കുറച്ച് 78,782.24ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 24,315.75ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് 23,816 പോയിന്റ് വരെ താഴ്ന്നു.

പക്ഷേ ഈ തിരിച്ചടികള്‍ക്കിടയിലും കേരളത്തിലെ ഒരു കമ്പനി തലയുയര്‍ത്തി നില്‍ക്കയാണെന്നാണ് ഇക്കണോമിക്ക് ടൈംസ് അടക്കമുള്ള സാമ്പത്തിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതാണ് നമ്മുടെ കിഴക്കമ്പലത്തെ സാബു എം ജേക്കബ് നയിക്കുന്ന കിറ്റക്‌സ് ഗാര്‍മെന്‍സ്. കിറ്റെക്സ് ഓഹരി ഇന്നും അഞ്ച് ശതമാനം ഉയര്‍ന്നു. ഓഹരി വില 624 രൂപ കടന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് ഗുണമായതാണ് കിറ്റെക്സ് ഓഹരികളെ ഉയരത്തിലേക്ക് നയിക്കുന്നത് എന്നാണ് വിലയിരുത്തല്‍. രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭം മൂന്ന് മടങ്ങ് വര്‍ധിച്ചു.

39.94 കോടിയാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാനപാദത്തിലിത് 13.2 കോടി രൂപയായിരുന്നു. 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി വിലയുള്ളത്. അഞ്ച് മാസം കൊണ്ട് ഓഹരി വില 237 ശതമാനം വര്‍ധിച്ചു. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരി വില ഇന്ന് 3.11 ശതമാനം ഉയര്‍ന്നു. ആഡ് ടെക് സിസ്റ്റംസ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, കെ.എസ്.ഇ, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, നിറ്റ ജെലാറ്റിന്‍, പി.ടി.എല്‍ എന്റര്‍പ്രൈസസ് എന്നിവയാണ് നേട്ടത്തിലായ മറ്റു കമ്പനികള്‍.




തെലങ്കാനയില്‍ പോയതോടെ ഉയര്‍ച്ച

കേരളത്തിലെ ഇടതു-വലതു പാര്‍ട്ടികള്‍ ഒന്നിച്ച് എതിര്‍ത്തിട്ടും പൊരുതിക്കയറി കഥയാണ് കിറ്റകിസിന്റെ കഥ. കിറ്റെക്സ് ഗാര്‍മെന്റസ്, എംഡിയും ട്വന്റി ട്വന്റി എന്ന പാര്‍ട്ടിയുടെ രക്ഷാധികാരിയുമായ സാബും എം ജേക്കബിന് ഇത് മധുര പ്രതികാരത്തിന്റെ ദിനങ്ങളാണ്. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, കിഴക്കമ്പലത്തെയം സമീപ പഞ്ചായത്തുകളിലെയും, അധികാരം പിടിച്ചതിന് അയാള്‍ കനത്ത വിലയാണ് കൊടുക്കേണ്ടി വന്നത്. കിറ്റെക്സ് കമ്പനിയില്‍ അടിക്കടി റെയ്ഡും, പരിശോധനകളുമാണ് പിന്നീട് കേരളം കണ്ടത്. ഇവിടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു, വിവിധ വകുപ്പുകളുടെ പരിശോധന നടക്കുന്നു.ഒരുവേള കിറ്റെക്സ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാലോ എന്നുവരെ തങ്ങള്‍ ആലോചിക്കുന്നതായി സാബു എം ജേക്കബ് പറഞ്ഞിരുന്നു. കുന്നത്തുനാട് എം എം എല്‍യായി പി വി ശ്രീനിജന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, തങ്ങള്‍ക്കുനേരെയുള്ള സര്‍ക്കാര്‍ നടപടികള്‍ വര്‍ധിച്ചതെന്നും, ശ്രീനിജന്റെ ലക്ഷ്യം കിറ്റെക്സിന്റെ തകര്‍ച്ചയാണെന്നും സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചിരുന്നു.

വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ നടത്തുന്ന, അന്യായമായ പരിശോധനകള്‍ക്കതെിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കേരളം വിടുകയാണെന്ന പ്രഖ്യാപനം സാബു എം ജേക്കബ് നടത്തിയത്. ഈ പീഡനം മടുപ്പിക്കുന്നതാണെന്നും ഇനി ഒരു രൂപപോലും കേരളത്തില്‍ മുടങ്ങില്ലെന്നും സാബു എം ജേക്കബ് വികാരധീനനായി പറഞ്ഞു. എന്നാല്‍ സിപിഎം സൈബര്‍ സഖാക്കാള്‍ അടക്കമുള്ളവര്‍ അതിനെയും പരിഹസിച്ചു. കിറ്റെക്സ് പോയാല്‍ പുല്ലാണെന്ന് പറഞ്ഞു. സാബു എം ജേക്കബിനെ നിരന്തരം ആക്ഷേപിച്ച് പോസ്റ്റിട്ടു.

പക്ഷേ തെലങ്കാനയുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. അവര്‍ പ്രത്യേക വിമാനം അയച്ചാണ് സാബു എം ജേക്കബിനെ ക്ഷണിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ്, 2021-ല്‍ കൊച്ചിയില്‍ നിന്ന് സാബു തെലങ്കാനയിലേക്ക് പറന്നു പൊങ്ങിയത്. പക്ഷേ് തെലങ്കാനാനയില്‍ പോയ അന്നുമുതല്‍, കിറ്റകിസിന്റെ വളര്‍ച്ച ശക്തമാവുകയാണ് ഉണ്ടായത്. കിറ്റക്സ് എം.ഡി സാബു എം ജേക്കബും, ടീമും തെലങ്കാനയിലേക്ക് ജെറ്റ് വിമാനം കയറിയ ദിവസം തന്നെ കമ്പനിയുടെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായി. 13 ശതമാനത്തോളമാണ് ഒറ്റ ദിവസം കൊണ്ട് വില കൂടിയിത്.

ലോകത്തിലെ നമ്പര്‍ വണ്‍ കമ്പനിയാവുമോ?

അമേരിക്കയില്‍ പിറന്ന് വീഴുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും ഇടുന്നത്, കേരളത്തിലെ ഒരു സ്ഥാപനത്തിന്റെ ഉടുപ്പുകളാണെന്ന് പറഞ്ഞാല്‍, അത് തള്ളാണെന്നായിരിക്കും ശരാശരി മലയാളി പറയുക. പക്ഷേ ഇത് ബഡായിയല്ല. അതാണ് കിഴക്കമ്പലത്തെ ചരിത്രം സൃഷ്ടിച്ച കിറ്റെക്സ് ഗാര്‍മെന്റ്സ് കമ്പനിയുടെ നേട്ടം. ഒട്ടും വ്യവസായ സൗഹൃദമല്ലാത്ത ഒരു സംസ്ഥാനത്തിന്, ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മാതൃക. പതിനയ്യായിരത്തോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും, മറ്റ് ആയിരങ്ങള്‍ക്ക് പരോക്ഷമായും തൊഴില്‍ കൊടുക്കുന്ന, യു.എസിലേക്ക് യൂറോപ്പിലേക്കും കുഞ്ഞുടുപ്പുകള്‍ കയറ്റി അയക്കുന്ന ഈ സ്ഥാപനം ഇന്ന ലോകത്തിലെ ബോബി ക്ലോത്ത് ബിസിനസില്‍ നമ്പര്‍ വണ്‍ ആവുകയാണ്.

നിലവില്‍ ആഗോളതലത്തില്‍ കുഞ്ഞുടുപ്പുകളുടെ നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, ഫുള്‍ സജജ്ജമാവന്നതോടെ ലോകത്തിലെ ഒന്നാമന്‍ ആവുമെന്നാണ് അറിയുന്നത്. വാറംഗല്‍ ജില്ലയിലെ കാക്കത്തിയ ടെക്സ്റ്റെല്‍ പാര്‍ക്കില്‍, 200 ഏക്കറില്‍ സ്ഥാപിച്ചിരുക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 14 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദനം, 9 ലക്ഷം ബേബി ക്ലോത്തുകള്‍ മാത്രമാണ്. രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് കിറ്റെക്സ് നിര്‍മ്മിച്ച് കയറ്റിയയക്കുന്നത്. വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് ഇവ നിര്‍മ്മിച്ച് നല്‍കുന്നത്. എറണാകുളം കിഴക്കമ്പലത്തുള്ള ഫാക്ടറിയില്‍നിന്ന് പ്രതിദിനം ഏഴുലക്ഷം കുഞ്ഞുടുപ്പുകളാണ് കിറ്റെക്സ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.

പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ, മൊത്തം ശേഷി 18 ലക്ഷമായി ഉയരും. ഇതിന് പുറമെ, ഹൈദരബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ, സീതാംപൂരില്‍ 250 ഏക്കറില്‍ മറ്റൊരു ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണം ഒരു മാസം മുമ്പ് തുടങ്ങി. ഇതുകൂടി സജ്ജമാവുന്നതോടെ, തെലങ്കാനയിലെ രണ്ട് ഫാക്ടറികളിലും മാത്രമായി, 22-25 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാനാവുമെന്നാണ് കിറ്റെക്സ് ചെയര്‍മാനും എംഡിയുമായ, സാബു എം ജേക്കബ് പറയുന്നത്. ഇതോടെ ഈ മേഖലയിലെ നമ്പര്‍ വണ്‍ കമ്പനി കിറ്റെകസ് ആയി മാറും. ഇപ്പോള്‍ ബംഗ്ലാദേശില്‍ പ്രക്ഷോഭവും കലാപവും സാമ്പത്തിക പ്രതിസന്ധിയുകാരണം, കുഞ്ഞുടുപ്പുകളുടെ ഉല്‍പ്പാദനം തടസ്സപ്പെട്ടതും ഫലത്തില്‍ കിറ്റക്സിന് തുണയാവുകയാണ്.