- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാവിന്റെയും റാണിയുടേയും അഭിനന്ദനം പ്രചോദനമായി; ദേവയാനി ആശാട്ടി കൈകൊട്ടിയാൽ ശിഷ്യർ ഇന്നും ഓടിയെത്തും; വാർദ്ധക്യത്തിലും കയർപിന്നി തിരുവാതിരയ്ക്കായി ദേവയാനിയമ്മയുടെ ജീവിതം
ആലപ്പുഴ : നൂറ്റാണ്ടിന്റെ പടിവാതിലിലെത്തിയിട്ടും ദേവയാനിയമ്മയ്ക്ക് പതിനേഴിന്റെ ചുറുചുറുക്ക്. സദാസമയവും തിരുവാതിര ശീലുകൾ ഉരുവിട്ടുകൊണ്ടാണ് ഈ മുതുമുത്തശ്ശി ദിനംതള്ളുന്നത്. അതുകൊണ്ടുതന്നെ വാർധക്യം ഈ നൂറുക്കാരിയെ പിടിക്കൂടിയിട്ടേയില്ല. പള്ളിപ്പാട് നടുവട്ടം കാട്ടിൽപ്പറമ്പിൽ ദേവയാനിയമ്മയെന്ന ആശാട്ടിയമ്മ നടനകലയിലെ അപൂർവ്വ ഇനങ്
ആലപ്പുഴ : നൂറ്റാണ്ടിന്റെ പടിവാതിലിലെത്തിയിട്ടും ദേവയാനിയമ്മയ്ക്ക് പതിനേഴിന്റെ ചുറുചുറുക്ക്. സദാസമയവും തിരുവാതിര ശീലുകൾ ഉരുവിട്ടുകൊണ്ടാണ് ഈ മുതുമുത്തശ്ശി ദിനംതള്ളുന്നത്. അതുകൊണ്ടുതന്നെ വാർധക്യം ഈ നൂറുക്കാരിയെ പിടിക്കൂടിയിട്ടേയില്ല. പള്ളിപ്പാട് നടുവട്ടം കാട്ടിൽപ്പറമ്പിൽ ദേവയാനിയമ്മയെന്ന ആശാട്ടിയമ്മ നടനകലയിലെ അപൂർവ്വ ഇനങ്ങളിൽ ഒന്നായ കയർപിന്നി തിരുവാതിരയുടെ പ്രചാരകയാണ്.
പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും കലോപാസനയിൽ ഇവർ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇപ്പോഴും കുട്ടികൾക്ക് ചുവടുകൾ പറഞ്ഞുകൊടുത്ത് പഠിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുള്ള ഈ അമ്മയ്ക്കുള്ളത്. ആശാട്ടിയൊന്ന് കൈകൊട്ടിയാൽ വീടിന്റെ പരിസരത്തുള്ള പെൺകുട്ടികളും അമ്മമാരും ഓടിയെത്തും ആശാട്ടിയോടൊപ്പം ചുവടുകൾ വെയ്ക്കുവാൻ.
അനേകം ശിഷ്യസമ്പത്തിന് ഉടമയാണ് ദേവയാനി ആശാട്ടി. നാട്ടിൽ ഉള്ള ശിഷ്യകളിൽ അമ്മമാരും അമ്മൂമ്മമാരും ഉണ്ട്. പതിമൂന്നാം വയസ്സിലാണ് ആശാട്ടിയമ്മ കയർപിന്നിതിരുവാതിര വശമാക്കിയത്. ഹരിപ്പാട് ഗേൾസ് സ്‌കൂളിൽ പഠിക്കുമ്പോഴാണ് അന്നത്തെ പ്രധാന അദ്ധ്യാപികയും പ്രശസ്ത കവിയിത്രിയുമായിരുന്ന മുതുകുളം പാർവ്വതിയമ്മ ദേവയാനിയേയും മറ്റ് പെൺകുട്ടികളെയും കയർപിന്നിതിരുവാതിര അഭ്യസിപ്പിച്ചത്.
സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ അവഗാഹം ഉണ്ടായിരുന്ന പാർവ്വതിയമ്മ സാർ, തിരുവാതിരയുടെ തനിമ നഷ്ടപ്പെടാതെയാണ് കയർപിന്നി തിരുവാതിര എന്ന പുതിയ കലാരൂപം ചിട്ടപ്പെടുത്തിയതെന്ന് ദേവയാനിയമ്മ ഓർക്കുന്നു. ഇങ്ങനെ ഒരു തിരുവാതിര കളിയെക്കുറിച്ച് അന്നുവരെ ആരും കേട്ടിട്ടുണ്ടായിരുന്നില്ല. റീജന്റ് അമ്മ മഹാറാണിയുടേയും ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിന്റെയും ഹരിപ്പാട് സന്ദർശനത്തോട് അനുബന്ധിച്ച് അന്നത്തെ പെൺപള്ളിക്കൂടത്തിൽ എത്തിയപ്പോൾ അവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് കയർപിന്നിതിരുവാതിര പഠിച്ച് അവതരിപ്പിച്ചത്.
റാണിയും മഹാരാജാവും പെൺകുട്ടികളെ അഭിന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഇതിന് നേതൃത്വം നൽകിയത് ദേവയാനിയമ്മയായിരുന്നു. വാഴുക വാഴുക ചിരം വാഴുക പൂരാടം തിരുന്നാളിൽ പാരിൽ അവതരിച്ച പുണ്യകരുണാമൃത സാഗരമേ എന്ന വരികൾ തുടങ്ങുന്ന പാട്ടുകൾ പാടിയായിരുന്നു തിരുവാതിര കളി അവതരിപ്പിച്ചത്. കുറച്ചുനാൾ മുമ്പ് വീണ് പരിക്കേൽക്കുന്നത് വരെയും ദേവയാനിയമ്മ ഈ കല പഠിപ്പിക്കുയും അവതരിപ്പിക്കുയും ചെയ്തിരുന്നു.
പരന്ന തളികപോലുള്ള വശങ്ങളിൽ സുഷിരങ്ങളുള്ള പലക വൃക്ഷങ്ങളുടെ ഉയരമുള്ള കൊമ്പുകളിൽ സ്ഥാപിച്ചിട്ട് 12 കയറുകൾ ബന്ധിക്കും, താഴേക്ക് കിടക്കുന്ന ഈ 12 കയറുകളിൽ 12 പെൺകുട്ടികൾ ഇരു കൈകളും കൊണ്ട് പിടിച്ച് പാട്ടുകൾ പാടി പ്രത്യേക ചുവടുകൾ വച്ച് തിരുവാതിര കളിക്കും ഇതാണ് കയർപിന്നിതിരുവാതിര. തിരുവാതിര എന്ന കലാരൂപത്തിന്റെ പ്രചരണാർത്ഥം ദേവയാനിയമ്മയെ തേടി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളത്ത് വച്ച നടന്ന ചടങ്ങിൽ ദേവയാനിയമ്മയെ ആദരിക്കാനെത്തിയത് സൂപ്പർ സ്റ്റാർ ഭരത് മമ്മൂട്ടി ആയിരുന്നു. അന്ന് മമ്മൂട്ടിയോടൊപ്പം നിന്നെടുത്ത ഫോട്ടോ ഭദ്രമായി സൂക്ഷിച്ചുകൊണ്ട് പോയകാലത്തെ സുവർണ്ണനിമിഷങ്ങൾ അയവിറക്കി വിശ്രമജീവിതം നയിക്കുകയാണ് ഈ അപൂർവ്വ കലാരൂപത്തിന്റെ ആശാട്ടിയായ ഈ നൂറ്റാണ്ടിന്റെ തോഴി.