വയനാട്: പേപ്പട്ടി വിഷയത്തിൽ കേരളത്തിൽ നടക്കുന്നത് ചർച്ചകൾ മാത്രം. തദ്ദേശ മന്ത്രി എംബി രാജേഷിന്റെ യോഗങ്ങൾക്ക് അപ്പുറം ഒന്നും നടക്കുന്നില്ല. പട്ടികൾ കേരളം ഭരിക്കുകയാണ്. പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രി വരാന്തയിൽ തമ്പടിച്ച തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നോടുന്നതിനിടെ വീണു പരുക്ക് ഏറ്റത് ഇന്നലെയുണ്ടായ ക്രൂരമായ സംഭവമാണ്. പനമരം സിഎച്ച്‌സിയിൽ ചികിത്സയിലായിരുന്ന പച്ചിലക്കാട് വരിയിൽ നൗഷാദിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് (36) പരുക്കേറ്റത്.

ആശുപത്രി വിടേണ്ടിയിരുന്ന ഫാത്തിമയെ തലയ്ക്കും കൈ,കാൽ മുട്ടുകൾക്കും പരുക്കേറ്റതിനെ തുടർന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂടുവെള്ളം എടുക്കാൻ പഴയ ആശുപത്രി കെട്ടിടത്തിലെത്തി മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടാണ് 4 തെരുവുനായ്ക്കൾ ഫാത്തിമയെ ആക്രമിക്കാനെത്തിയത്. ആശുപത്രി വരാന്തയിലും ആംബുലൻസിനടിയിലും കൂട്ടത്തോടെ നിന്ന നായ്ക്കൾ ഇവരുടെ പിന്നാലെ കുരച്ചെത്തുകയായിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 52 പേർക്ക് ഇന്നലെ നായ്ക്കളുടെ കടിയേറ്റു. ആലപ്പുഴ ജില്ലയിൽ തുറവൂർ, ചേർത്തല, അരൂർ മേഖലകളിലായി 10 പേർക്കാണു തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട ജില്ലയിൽ നായ്ക്കളുടെ കടിയേറ്റു 13 പേർ ചികിത്സതേടി. ഇവരിൽ 11 പേരെയും വളർത്തുനായ്ക്കളാണ് ആക്രമിച്ചത്. തെരുവു നായകൾ എല്ലായിടത്തും സജീവമാണ്. ചർച്ചകൾക്ക് അപ്പുറം സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത.

തെരുവുനായ്ക്കൾ മുന്നിൽ ചാടിയതോടെ ബൈക്കു മറിഞ്ഞ് തൃശൂർ തൃത്തല്ലൂർ ഇത്തിക്കാട്ട് നന്ദകുമാറിന് (51) പരുക്കേറ്റു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വരുമ്പോഴാണ് ദേശീയപാതയിൽ അപകടമുണ്ടായത്. നായ ബൈക്കിന് കുറുകെ ചാടി മാധ്യമ പ്രവർത്തകനും പരിക്കേറ്റു. ജന്മഭൂമി കൊല്ലം റിപ്പോർട്ടർ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴയിൽ പത്തോളം നായ്ക്കൾ ചേർന്ന് ആടുകളേയും കോഴികളെയും കടിച്ചു കൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ മൃഗങ്ങൾക്കാണ് കടിയേറ്റത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് നായകൾ കടിച്ചത്. ആടിന്റെ കരച്ചിൽ കേട്ടാണ് സമീപവാസികൾ എത്തിയത്. നായ്ക്കളെ തുരത്തി ആടിനെ രക്ഷിക്കാൻ അയൽക്കാർ ശ്രമിച്ചെങ്കിലും ഫലവത്തായില്ല.

കോട്ടയം പാമ്പാടി ഏഴാം മൈലിൽ വീട്ടമ്മ ഉൾപ്പെടെ ഏഴു പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാർ കൊന്ന നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷി മൃഗനിർണയ കേന്ദ്രത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.