കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതിൽ പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവർ, വാക്സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽവച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേർക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച വിവരം. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

ഇവരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവ്: കുമാരൻ. മക്കൾ: ജയേഷ്, ജിതേഷ് (പൊലീസ് ഡോഗ് സ്‌ക്വാഡ്, പയ്യോളി ), ജിനോയ് (ചേവായൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജിജി, നിത്യ, ഇന്ദു.

അതേ സമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വർധിക്കുകയാണ്. കോട്ടയം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നാട്ടുകാരെ കൂട്ടത്തോടെ കടിച്ച തെരുവുനായയ്ക്ക് അതിതീവ്ര പേവിഷ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. നാട്ടിലെ തെരുവ് നായകൾക്കും വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്കുമെല്ലാം രണ്ട് ലക്ഷം രൂപയിലേറെ ചെലവിട്ടാണ് പേവിഷ പ്രതിരോധ വാക്‌സിൻ കുത്തിവയ്ക്കുന്നത്.

പ്രത്യേക പരിശീലനം നേടിയവരാണ് നായകളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നത്. നായ ഒന്നിനെ കുത്തിവയ്ക്കുന്നതിന് 375 രൂപയാണ് പ്രതിഫലം. ഇതിന് പുറമേ കഴിഞ്ഞ ദിവസം തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവരുടെയെല്ലാം ചികിൽസാ ചെലവും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവച്ച നായകളുടെ വന്ധ്യംകരണ നടപടികൾ പുനരാരംഭിക്കാൻ സർക്കാർ തല നടപടി ഉണ്ടാവണമെന്നും ഇല്ലെങ്കിൽ തെരുവുനായ ആക്രമണം തുടർകഥയാകുമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ മുന്നറിയിപ്പ്.