- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുവൈബത്തുൽ അസ്ലമിയ വീണ്ടും വിവാദത്തിൽ
ദുബായ്: സോഷ്യൽ മീഡിയയിൽ ഏറെ പിന്തുണയുള്ള ഒരു വനിതാ സംരംഭകയും മോഡലും ആണ് സുവൈബത്തുൽ അസ്ലമിയ. കേരളത്തിലും അറബ് നാടുകളിലും നവമാധ്യമങ്ങളിലൂടെ വലിയ സ്വാധീനം സൃഷ്ടിക്കുന്ന സുവൈബത്തുൽ അസ്ലമിയ എപിജെ അബ്ദുൽ കലാം പുരസ്കാരം ലഭിച്ചതോടെ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്.
ആരാണ് സുബൈബത്തുൽ അസ്ലമിയ?
നടൻ ടോവിനോ തോമസിന്റെ വെഡിങ് ആനിവേഴ്സറിക്കു സ്പെഷ്യൽ കേക്കുണ്ടാക്കി നൽകിയതോടെയാണ് ഈ സുന്ദരി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് ഇരിങ്ങണ്ണൂരിലെ സുവൈബത്തുൽ അസ്ലമിയ ഇന്ന് നവമാധ്യമ സൂപ്പർ ഹീറോയിനായി മാറിക്കൊണ്ടിരിക്കുകയാണ്. രുചി കൊണ്ടും വൈവിധ്യം കൊണ്ട് പ്രശസ്തമായ 'ഐന അമാൽ ബേക്ക്' എന്ന ബ്രാൻഡ് നെയിം കേരളത്തിന് സമ്മാനിച്ച ഈ ഇരുപത്തിയാറുകാരി പക്ഷെ ചില്ലറക്കാരിയല്ല. ഒരു വർഷം കൊണ്ട് അയ്യായിരത്തിലേറെ കേക്കുകൾ നിർമ്മിച്ച് ആളുകളുടെ മനസ്സ് നിറച്ച ഈ യുവതി മുന്നേ വാർത്തകളിൽ താരമായിരുന്നു. സാധാരണക്കാരുടെയും സെലിബ്രറ്റികളുടെയും പ്രശംസ ഒരേപോലെ കൈപ്പറ്റിയ അസ്ലമിയയും അവരുടെ കേക്കും സോഷ്യൽ മീഡിയയിൽ അസ്ലമിയ വിവാദത്തിന് മുമ്പേ ഹിറ്റായ ഘടകങ്ങളാണ്.
ഇന്ന് പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള ഇൻസ്റ്റ റീൽസ് സെലിബ്രറ്റി കൂടിയാണ് അസ്ലമിയ. കോയമ്പത്തൂരിലെ സി.എം.എസ് കോളേജിൽ ബയോകെമിസ്ട്രിയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ ഈ മിടുക്കി രുചിക്കൂട്ടുകളുടെ രസതന്ത്രം തീർക്കണമെന്നത് ഒരു പക്ഷെ കാലത്തിന്റെ കാവ്യനീതിയാവാം. ഇരിങ്ങണ്ണൂരിലെ പാലാപറമ്പത്തെ മൊയ്തുവിന്റേയും ശരീഫയുടെയും മകളായ അസ്ലമിയ കേക്കിന്റെ ലോകത്തേക്ക് എത്തിയത് പക്ഷെ തികച്ചും ആകസ്മികമായാണ്. ആദ്യം തൊട്ടേ പാചകം ഇഷ്ട മേഖലയായിരുന്നു. ഭർത്താവ് വില്ല്യാപ്പള്ളി പടിഞ്ഞാറയിൽ ഷരീഖിന്റെ കൂടെ ബഹ്റൈനിലായിരുന്ന സമയത്ത് എഫ്.എം റേഡിയോയിൽ പുതിയ രുചി വൈവിധ്യങ്ങൾ അവതരിപ്പിച്ചിരുന്നതും അതുകൊണ്ടുതന്നെയാണ്.
അങ്ങനെയിരിക്കെ രണ്ടാമത്തെ പ്രസവത്തിനായി നാട്ടിലെത്തിയപ്പോഴാണ് കോവിഡും ലോക്ഡൗണുമൊക്കെ പിടിമുറുക്കുന്നത്. ഒന്നും ചെയ്യാനില്ലാതിരുന്ന നാളുകളിൽ ഒഴിവുവേളകൾ ആനന്ദകരമാക്കണമെന്ന തോന്നലിൽ നിന്നാണ് കേക്ക് നിർമ്മാണത്തിലേക്ക് കടന്നത്. ആദ്യമൊക്കെ ബന്ധുക്കളും അയൽവാസികളും മാത്രമായിരുന്നു കേക്കിന്റെ ഉപഭോക്താക്കൾ. പക്ഷെ അസ്ലമിയയുടെ സഹോദരനും ഭർത്താവും കേക്കിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആവശ്യക്കാർ ഏറി. കേക്കിന്റെ രുചി ഒരുവട്ടം അറിഞ്ഞവർ വീണ്ടും വീണ്ടും തേടിയെത്തി. അങ്ങനെയാണ് 'ഐന അമാൽ ബേക്ക്' എന്ന ബ്രാൻഡ് ഉണ്ടായത്
തൊട്ടതെല്ലാം പൊന്നാക്കുന്ന അസ്ലമിയ, കൈവെക്കാത്ത മേഖലകളില്ല. പ്രവാസികൾ മക്കൾക്കും ബന്ധുക്കൾക്കും സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാനും വിവാഹ വീട്ടിലേക്കുള്ള സമ്മാനപ്പൊതി നൽകാനും അസ്ലമിയയെയാണ് ആശ്രയിക്കുന്നത്. വിവാഹത്തിനൊരുങ്ങുന്ന വധുവിന് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം സമ്മാനിക്കാൻ അസ്ലമിയ ഒരുക്കുന്ന ഗിഫ്റ്റ് ഹാമ്പറുകൾക്കും നല്ല ഡിമാന്റാണ്. ഇതിനൊക്കെ പുറമെ ബർത്തഡേ, വെഡിങ് ഇവന്റുകളൊക്കെ കളറാക്കി നടത്തിക്കൊടുക്കുന്ന ഏർപ്പാടും ഉണ്ട്. കേക്കിനോടൊപ്പം തന്നെ അടിപൊളി ചോക്ളറ്റ്സും ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.
ഐന മെഹക്, നൈല ലൈബ അമാൽ എന്നീ കുഞ്ഞുസുന്ദരികളുടെ ഉമ്മ കൂടിയായ സുവൈബത്തുൽ അസ്ലമിയ ആഘോഷങ്ങൾ ഉള്ളിടത്തൊക്കെയും നിറപുഞ്ചിരിയോടെ സജീവമായി നിന്നപ്പോഴാണ് ക്ലോസ്മെറ്റിക്സ് മേഖലയിലേക്ക് തിരിഞ്ഞത്. വെളുത്തിട്ട് പാറുന്ന ക്രീം ഉണ്ടാക്കിയതോടെ വിവാദത്തിന് തിരികൊളുത്തി. കൂടാതെ ദാമ്പത്യ ജീവിതത്തിലുണ്ടായ ചില പ്രതിസന്ധികളും നവമാധ്യമങ്ങളിൽ സജീവ ചർച്ചക്ക് കാരണമായി.
നവമാധ്യമ ലോകത്തെ പെയ്ഡ് പ്രൊമോഷന് ഒഴിച്ചുകൂടാനാവാത്ത പേര് സൃഷ്ടിക്കാനം ഇവർക്ക് സാധിച്ചു. ദുബായിയുടെ ഹണി റോസ് എന്ന ചെല്ലപ്പേരും ഇതിനിടയിൽ സോഷ്യൽ മീഡിയ ഇവർക്ക് ചാർത്തി നൽകി. കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആകുന്നതാണ് അസ്ലമിയെ ഇന്നും സോഷ്യൽ മീഡിയയിലെ പ്രസിദ്ധമായ താരമായി നിലനിർത്തുന്നത്.
കുടുംബ ജീവിതം എങ്ങനെ..
അസ്ലമിയ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് നിരവധി തവണ മനസ്സ് തുറന്നിരുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളും യാഥാർത്ഥ്യം എന്താണെന്ന് തുറന്നു പറയുന്നതായിരുന്നു ഇവരുടെ പല അഭിമുഖങ്ങളും.
'കോളേജ് പഠനം കഴിഞ്ഞ് 2016 ലാണ് എന്റെ വിവാഹം കഴിഞ്ഞത്. ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നു. ഇതിനിടയിലാണ് വീട്ടുകാരുടെ നിർബന്ധത്തിന് വിവാഹം കഴിച്ചത്. 2018 ലാണ് എനിക്ക് കുഞ്ഞ് ഉണ്ടാകുന്നത്. ശേഷം കുഞ്ഞിന് ഒരു 3 മാസം കഴിഞ്ഞപ്പോൾ എന്റെ ഭർത്താവിനെ ഖത്തർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. 10 വർഷം തടവും ആറ് ലക്ഷം റിയാലും ആയിരുന്നു അവർ ശിക്ഷ വിധിച്ചത്. ആ സമയത്ത് എനിക്ക് വേറെ വിവാഹാലോചനകൾ വന്നു. മുസ്ലിം മതത്തിൽ ഫസ്ക് ചൊല്ലുക എന്ന ആചാരമുണ്ട്. പെണ്ണ് അങ്ങോട്ട് ഒഴിവാക്കുക. തലാക്ക് ചൊല്ലുന്നതു പോലെ. അത് ഇസ്ലാം മതത്തിൽ ഉള്ളതാണ്. നാട്ടിലുള്ള ഉസ്താദുമാർ അടക്കം എന്നോട് പറഞ്ഞു ഒഴിവാക്കിക്കോളൂ, നീ ചെറിയ കുട്ടിയല്ലേ എന്ന്. അങ്ങനെ ആ വിവാഹം ഒഴിവാക്കി രണ്ടാമത്തെ വിവാഹം വീണ്ടും വീട്ടുകാരോട് നിർബന്ധത്താൽ കഴിക്കേണ്ടി വന്നു.
ആദ്യ ഭർത്താവ് നല്ല മനുഷ്യനാണ്, അയാളെ കള്ളക്കേസിൽ കുടുക്കിയതാണ്. വീട്ടുകാരുടെ നിർബന്ധത്താൽ ആണ് എന്നെ രണ്ടാമത് വിവാഹം കഴിപ്പിച്ചത്. അന്ന് ഞാൻ ഇത്ര ബോൾഡ് ആയിരുന്നില്ല. മാത്രമല്ല, എന്റെ കുഞ്ഞിന് മൂന്നുമാസം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾ മാതാപിതാക്കൾ ഒരു കാലം വരെ ഉണ്ടാവുകയുള്ളൂ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്നെ നോക്കാൻ ആരും ഉണ്ടാകില്ല. നീ ഒറ്റപ്പെട്ടു പോകുമെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞു. അങ്ങനെ അവരുടെ നിർബന്ധ പ്രകാരം രണ്ടാമത് ഞാൻ വിവാഹം കഴിപ്പിച്ചതാണ്.
ഞാൻ ചെയ്തത് തെറ്റാണ്...അങ്ങനെ ചെയ്യരുതായിരുന്നു..
രണ്ടാമത്തെ ഭർത്താവുമായുള്ള ബന്ധം ആദ്യം വളരെ നന്നായി പോയി. പിന്നീട് അയാൾക്ക് വേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഞാൻ കണ്ടെത്തി. മറ്റ് സ്ത്രീകളോടൊപ്പമുള്ള അയാളുടെ ഫോട്ടോകളും വീഡിയോകളും പിടിച്ചു. അതോടെ ആ ബന്ധം തുടരാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഞാൻ ബഹറിനിൽ നിന്ന് നാട്ടിലേക്ക് വന്നു. രണ്ടാമത്തെ എന്റെ ഭർത്താവിനെയും ഞാൻ ആത്മാർത്ഥമായാണ് സ്നേഹിച്ചത്. പക്ഷേ അയാൾ എന്നെ ചതിച്ചു. എന്റെ വിവാഹജീവിതം മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ബാക്കി എന്റെ പ്രൊഫഷനടക്കം എല്ലാം നന്നായി പോയി.
എന്റെ വിവാഹശേഷം മാത്രമാണ് ഞാൻ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചത്. ഇതാണ് അടിപൊളി ലൈഫ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. വേറെ മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ല. ഇപ്പോൾ എന്റെ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് ഞാൻ തന്നെയാണ്.'
പുരസ്കാര വിവാദം
നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് എപിജെ അബ്ദുൽ കലാം പുരസ്കാരം
അസ്ലമിയെ തേടിയെത്തിയത്. പുരസ്കാരം നൽകിയ സംഘാടകരെ കുറിച്ചും പുരസ്കാരത്തിന് എന്താണ് മാനദണ്ഡം എന്നതിനെ ചൊല്ലിയും നിരവധി കഥകൾ പ്രചാരണത്തിലുണ്ട്.
തട്ടിക്കൂട്ട് സംഘടനയാണ് പുരസ്കാരം നൽകുന്നത് എന്ന് പറയപ്പെടുമ്പോൾ പുരസ്കാര വിതരണത്തിന് മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരെ വേദിയിൽ എത്തിക്കാൻ ഇവർക്ക് സാധിക്കുന്നു എന്നും പറയപ്പെടുന്നു.
ഒരേ സമയം നൂറുകണക്കിന് അവാർഡുകളാണ് എപിജെ അബ്ദുൽ കലാമിന്റെ പേരിൽ നൽകപ്പെടുന്നത്. ഇത് അന്വേഷണ വിധേയമാക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. അവാർഡ് വിവരം പങ്കുവെച്ചതോടെ കൂടി സുവൈബത്തുൽ അസ്ലിമിയക്ക് നേരെ വലിയ നവമാധ്യമ അക്രമമാണ് നടന്നുവരുന്നത്. തീർത്തും ഒഴിവാക്കപ്പെടേണ്ട പദങ്ങൾ കലർത്തി അശ്ലീല മേൽവിലാസം നൽകിയും ചിലർ വിമർശിക്കുന്നുണ്ട്.
അവാർഡ് വിവരം പങ്കുവെച്ച സലാം പാപ്പിനിശ്ശേരി പോലുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വലിയ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇത്തരം വിവാദങ്ങൾ നിലനിൽക്കെ തന്നെ ഒരു വനിതാ സംരംഭക അവാർഡിന് എന്തുകൊണ്ടും താൻ സ്വയം അർഹയാണെന്ന് പറയാതെ പറയുന്നുണ്ട് ഇവർ.
ജീവിത പ്രതിസന്ധികളെ തളരാതെ നേരിട്ട് സോഷ്യൽ മീഡിയയിലെ സദാചാര കമ്മിറ്റിക്കാരെ വകവക്കാത്ത പുതിയ മെച്ചിൽ പുറങ്ങൾ തേടി ഇപ്പോഴും അസ്ലമിയ ഓടുകയാണ്