- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയ സുധാ മൂർത്തി ഇമിഗ്രേഷൻ ഫോമിൽ താമസ സ്ഥലമായി എഴുതിയത് പ്രധാനമന്ത്രിയുടെ വസതി; തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിച്ച് ബോർഡർ പൊലീസ്; ഋഷിയുടെ അമ്മായിയമ്മക്ക് പറ്റിയത്
ലണ്ടൻ: ഇൻഫോസി സ്ഥാപകൻ നാരായണ മൂർത്തിയുടെ പത്നി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവ് എന്നതിനൊക്കെ അപ്പുറം സ്വന്തമായി ഒരു വ്യക്തിത്വമുള്ള വനിതയാണ് സുധാ മൂർത്തി. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ അവർ ആ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. തന്റെ ലാളിത്യം കൊണ്ടു തന്നെ പലതവണ വാർത്തകളിൽ ഇടം നേടിയിട്ടുള്ള അവർ തന്റെ രസകരമായ ഒരു അനുഭവം കപിൽ ശർമ്മ ഷോയിലൂടെ പങ്കു വച്ചു.
അടുത്തിടെ ലണ്ടൻ സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവമായിരുന്നു അത്. തന്റെ സഹോദരിക്കൊപ്പമായിരുന്നു അവർ ലണ്ടനിൽ എത്തിയത്. ഹീത്രൂ വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോർഡർ പൊലീസ് അധികാരികൾപതിവ് പരിശോധനകൾ എല്ലാം നടത്തിയതിനു ശേഷം ലണ്ടനിൽ എവിടെയാണ് താമസിക്കുക എന്ന് അന്വേഷിച്ചു. സുധാ മൂർത്തി ഫോമിൽ എഴുതിയത് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് എന്നായിരുന്നു.
ഈ മേൽവിലാസം എഴുതാമോ എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അവർ പറയുന്നു. ഏതായാലും സഹോദരിയോട് ചോദിച്ച് അത് എഴുതുക തന്നെയായിരുന്നു. ഇത് വായിച്ച ഉദ്യോഗസ്ഥൻ ഏതോ വിചിത്ര സംഭവം കാണുന്നത് പോലെ സുധാമൂർത്തിയെ നോക്കി ''നിങ്ങൾ തമാശ പറയുകയാണോ?'' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. ഷോയിൽ പങ്കെടുത്ത കാണികളും ഈ വാക്കുകൾ കേട്ട് ആർത്ത് ചിരിച്ചു.
താൻ താമശ പറയുകയല്ലെന്നും, കാര്യമായി പറഞ്ഞതാണെന്നും, അവിടെയാണ് താമസം എന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കാൻ തയ്യാറായില്ല എന്ന് സുധാ മൂർത്തി പറയുന്നു. 72 വയസ്സുള്ള പത്രാസില്ലാത്ത ഒരു വൃദ്ധയെ പ്രധാനമന്ത്രിയുടെ ഭാര്യാമാതാവായി കാണാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നും അവർ കൂട്ടിച്ചേർത്തു.
നാരായണ മൂർത്തിക്കൊപ്പം ഇൻഫോസിസിന്റെ സഹ സ്ഥാപക കൂടിയാണ് സുധാ മൂർത്തി. മാത്രമല്ല അവരുടെ രചനകൾക്കും സാമൂഹ്യ പ്രവർത്തനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. എത്രയൊക്കെ ഉയരത്തിലെത്തിയാലും വസ്ത്ര ധാരണത്തിലും മറ്റും തികഞ്ഞ ലാളിത്യം പുലർത്തുന്ന അവർ അതിന്റെ പേരിൽ തന്നെയാണ് പലപ്പോഴും ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതും.
മറുനാടന്‍ ഡെസ്‌ക്