ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സർക്കാർ ഏറ്റെടുക്കും. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സർക്കാരിന് കത്ത് നൽകി. ഇത് സർക്കാർ അംഗീകരിക്കും. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് 150 മീറ്റർ ദൂരത്താണ് ഈ കെട്ടിടം. 40 വർഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.

പിടികിട്ടാപ്പുള്ളിയായി കേരളാ പൊലീസിന് മാനക്കേടുണ്ടാക്കിയ ഗോപാലകൃഷ്ണകുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തിനായി അന്ന് നിർമ്മിച്ചു കൊണ്ടിരുന്ന കൂറ്റൻ വീട് ഇന്നും പാതി വഴിയിൽ നിർമ്മാണം നിലച്ച് വണ്ടാനം മെഡിക്കൽ കോളേജിന് സമീപം നില നിൽക്കുന്നു. ഈ വീടാണ് സർക്കാർ ഏറ്റെടുക്കാൻ പോകുന്നത്. വണ്ടാനം മെഡിക്കൽ കോളേജിന് അടുത്തുള്ള ഈ വീട്ടിനും പറയാനുള്ളത് സുകുമാരക്കുറുപ്പെന്ന കൊടുകുറ്റവാളിയുടെ കഥയാണ്.

40 വർഷം മുൻപ് നിർമ്മിച്ച വീടാണെന്ന് കണ്ടാൽ തോന്നില്ല. അന്നത്തെ ഇഷ്ടികയുടെ ഗുണനിലവാരം നിർമ്മാണത്തിൽ കാണാനും കഴിയുന്നുണ്ട്. വാർത്ത കെട്ടിടത്തിലെ കോൺക്രീറ്റിന് പോലും വിള്ളലുണ്ടായിട്ടില്ല. സുകുമാരക്കുറുപ്പ് കൊലപാതകത്തിൽ പ്രതിയായതിന് ശേഷം ഇവിടേക്ക് ആവരുടെ ബന്ധുക്കൾ പോലും എത്തി നോക്കിയിട്ടില്ല. ഒരു പ്രേതാലയം പോലെയാണ് ഈ കെട്ടിടം നിലനിൽക്കുന്നത്. നാട്ടുകാർ ഇവിടെ കാർഷിക ആവശ്യങ്ങൾക്കുള്ള വളങ്ങളും മറ്റും ശേഖരിച്ച് വയ്ക്കാൻ ഉപയോഗിച്ചു വരികയാണ്.

ഈ വീടിന്റെ നിർമ്മാണം നടക്കുമ്പോഴാണ് സുകുമാരക്കുറുപ്പ് വിദേശത്ത് നിന്നും വൻ തുക ഇൻഷുറൻസ് ലഭിക്കാനായി കാറപകടത്തിൽ മരിച്ചു എന്ന് വരുത്തി തീർക്കാൻ ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയത്. വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനും ആഡംബര ജീവിതം നയിക്കാനും കണ്ടെത്തിയ ഉപായമായിരുന്നു ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണ മികവിൽ ഇതെല്ലാം പൊളിയുകയായിരുന്നു.

1984 ലാണ് ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപത്തായി പുന്നപ്ര ഗ്രാമപഞ്ചായത്തിൽ അത്യാഡംബര സൗധം സുകുമാരക്കുറുപ്പ് നിർമ്മിക്കാൻ തുടങ്ങിയത്. അക്കാലത്ത് ഇയാൾ വിദേശത്ത് ജോലി നോക്കുകയായിരുന്നു. അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിലായിരുന്നു ജോലി. മുൻപ് എയർ ഫോഴ്‌സിൽ ജോലി ചെയ്തിരുന്ന കാലത്ത് മുംബൈയിൽ വച്ച് പരിചയപ്പെട്ട നഴ്‌സ് സരസമ്മ എന്ന യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് വിദേശത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

ഇരുവരും അവിടെ ഉയർന്ന ശമ്പളത്തിലായിരുന്നു ജീവിച്ചത്. എന്നാൽ ആഡംബര ജീവിതം നയ്ച്ചതിനാൽ പണമൊന്നും മിച്ചമില്ലായിരുന്നു. ഇതിനിടയിലായിരുന്നു നാട്ടിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും മാറി ആലപ്പുഴ നഗരത്തോട് ചേർന്ന് സ്ഥലം വാങ്ങി വീടു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വണ്ടാനത്തിന് സമീപം വീടു നിർമ്മാണം ആരംഭിച്ചത്.

വീടിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയാകുന്ന സമയത്താണ് വിദേശത്തെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കുറുപ്പ് അറിയുന്നത്. അങ്ങനെയാണെങ്കിൽ വീട് പണി നിന്നു പോകുമെന്നും സാമ്പത്തിക നില താറുമാറാകുമെന്നും കുറുപ്പിന് മനസ്സിലായി. എങ്ങനെയും ഇത് തരണം ചെയ്യണം. അതിനൊരു വഴി ആലോചിക്കുമ്പോഴാണ് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് നോവലിൽ വൻതുക ഇൻഷുറൻസ് തട്ടിയെടുക്കാൻ നായകൻ കാറപകടത്തിൽ താൻ കൊല്ലപ്പെട്ടു എന്ന് വരുത്തി തീർക്കുന്ന കഥ വായിക്കുന്നത്. ഇതോടെ കുറുപ്പ് വിദേശത്ത് വലിയ തുകയ്ക്ക് ഇൻഷുറൻസ് പോളിസി എടുത്തു. ആത്മാർത്ഥ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവിനോടും സഹോദരീ ഭർത്താവ് ഭാസ്‌ക്കരപിള്ളയോടും ഇക്കാര്യം ചർച്ച ചെയ്തു. ഇരുവർക്കും കിട്ടുന്ന തുകയിൽ നിന്നും നല്ലൊരു ഭാഗം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഭാസ്‌ക്കര പിള്ളയോട് വിദേശത്ത് നിന്നും നാട്ടിലേക്ക് താൻ തിരികെ എത്തുമ്പോൾ കാർ വാങ്ങണമെന്നും ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സംഘടിപ്പിക്കാൻ ബന്ധുവഴി നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് സുകുമാരക്കുറുപ്പിന്റെ ശരീര പ്രകൃതമുള്ളയാളെ കൊന്ന് കാറിലിട്ട് കത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. എന്നാൽ പൊലീസിന് തോന്നിയ സംശയങ്ങൾ മൂലം കള്ളിവെളിച്ചെത്താവുകയായിരുന്നു. ഇതോടെ കുറുപ്പിന്റെ പദ്ധതികളെല്ലാം പാളി. അങ്ങനെ വീടിന്റെ നിർമ്മാണം പാതി വഴിയിൽ നിലച്ചു പോയി.

അന്നത്തെകാലത്ത് കുറുപ്പ് സ്വന്തം കാറിൽ തനിച്ചും ഡ്രൈവർക്കൊപ്പവും ഇവിടെ വന്ന് നിർമ്മാണ പുരോഗതി വിലയിരുത്താറുണ്ടായിരുന്നു എന്ന് സമീപവാസിയായ റഹീം നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. ഒത്ത ശരീരമുള്ള ആജാനുബാഹുവായ ഒരാളായിരുന്നു അന്ന് കാണുമ്പോൾ. മിക്കപ്പോഴും മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് വന്നിരുന്നത്. എല്ലാവരും സൗമ്യനായിട്ടാണ് പെരുമാറിയിരുന്നത്. ഈ പരിസരത്തെങ്ങും അന്ന് ഇത്രയും വലിയൊരു വീട് ഉണ്ടായിരുന്നില്ല. എല്ലാവർക്കും അത്ഭുതമായിരുന്നു.

വീടുപണികാണാൻ തന്നെ നാട്ടുകാർ ഇവിടെ തടിച്ചു കൂടുന്നത് പതിവായിരുന്നു. കുറുപ്പ് കൊലപാതകം ചെയ്തു എന്ന വാർത്ത അറിയുന്നത് റേഡിയോയിലൂടെയായിരുന്നു. വാർത്ത കേട്ട് ഞങ്ങൾ നടുങ്ങിപ്പോയി. പിന്നീട് വീടിന്റെ നിർമ്മാണം നടന്നിട്ടില്ല. വർഷങ്ങളോളം ഇവിടേക്ക് ആരും വരാതായതോടെ നാട്ടുകാർ ഇവിടെ നിർമ്മാണത്തിന് ഇറക്കിയിരുന്ന സാധനങ്ങളെല്ലാം എടുത്തു കൊണ്ടു പോയി. ജനാലകളും വാതിലും കട്ടിളയുമെല്ലാം ഇളക്കിയെടുത്തു. പലരും വീട് നിർമ്മിച്ചത് കുറുപ്പിന്റെ വീട്ടു സാധനങ്ങൾ കൊണ്ടായിരുന്നു; റഹീം പറഞ്ഞു.