കോട്ടയം: മന്നത്ത് പത്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനവുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സുകുമാരൻ നായർ പറഞ്ഞത്.

സി പി എമ്മിന് നേരെയാണ് സുകുമാരൻ നായർ ഒളിയമ്പെഴ്തത്. ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബാങ്കിന്റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പത്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും സുകുമാരൻ നായർ, മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്നത്ത് പത്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

'അറിവിൽ ഊന്നിയ പരിഷ്‌കർത്താവ്' എന്ന പേരിൽ ഡോ. കെ എസ് രവികുമാറിന്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം. ലേഖനത്തിൽ പിൽക്കാലത്ത് മന്നം സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകൻ എന്ന വ്യക്തിത്വത്തിൽ നിഴൽ വീഴ്‌ത്തുന്നവയായിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. ഇതാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.

മറ്റു സമുദായങ്ങളിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെയും മന്നം പിന്തുണച്ചു എന്നാണ് ലേഖകൻ വ്യക്തമാക്കിയത്. വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാവിവാഹം നടന്നപ്പോൾ സന്നിഹിതരായിരുന്ന പ്രമുഖ അതിഥികളിലൊരാൾ മന്നമായിരുന്നു. സാമൂഹ്യപരിവർത്തനത്തിനും വിദ്യാഭ്യാസപുരോഗതിക്കുംവേണ്ടി മന്നം ചെയ്ത ഗുണപരമായ സേവനങ്ങൾ കേരളചരിത്രത്തിൽ ഇടം നേടിയവയാണ്. എന്നാൽ, പിൽക്കാലത്ത് സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകൻ എന്ന വ്യക്തിത്വത്തിൽ നിഴൽ വീഴ്‌ത്തുന്നവയായിരുന്നു.

മറ്റു മതങ്ങളോടും സമുദായങ്ങളോടുമുള്ള അസഹിഷ്ണുത, മനുഷ്യവിരുദ്ധമായ അനാചാരങ്ങൾ, ആഘോഷങ്ങളുടെ പേരിലുള്ള ധൂർത്ത് തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെ ഇന്നും പ്രസക്തമായ നിലയിൽ ശക്തമായി പോരാടിയ നവോത്ഥാന നായകനായിരുന്നു മന്നത്ത് പത്മനാഭനെന്നും ലേഖകൻ കുറിച്ചിരുന്നു.