കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായത്തിനിടയിൽ കഴിഞ്ഞ കുറേക്കാലമായി കീറാമുട്ടിയായ പ്രശ്നമായിരുന്നു സുന്നികൾക്കിടയിലെ എ പി- ഇ കെ പ്രശ്നം. ഇതിന്റെ പേരിൽ സംഘർഷങ്ങളും, പൊലീസ് കേസും, പള്ളിപിടിച്ചെടുക്കലും, എന്തിന് കൊലപാതകംപോലും ഉണ്ടായിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന വിഭാഗവും, പരേതനായ ഇ കെ അബൂബക്കർ മുസ്ലിയാർ നേതൃത്വ നൽകുന്ന ഔദ്യോഗിക വിഭാഗവും തമ്മിലുള്ള തർക്കത്തിന് ഇപ്പോൾ മഞ്ഞുരുകുന്നുവെന്നാണ് ലഭ്യമായ സൂചനകൾ. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇ കെ അബൂബക്കർ മുസ്ലിയാറുടെ കോഴിക്കോട് വരക്കലിലെ, മഖ്ബറയിൽ എത്തിയത് ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

കാന്തപുരത്തിന്റെ ഈ അപ്രതീക്ഷിത നീക്കം ഇ കെ വിഭാഗം നേതാക്കളിൽ അമ്പരപ്പുണ്ടാക്കി. സുന്നി ഐക്യത്തിന്റെ തുടക്കമായിട്ടാണ് കാണുന്നത്. ഇതിന് പ്രതികരണമായി അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്ന്, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.

ഷാബാനു കേസിലെ സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ മറ്റു മുസ്ലിം വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സമസ്തയുടെ തീരുമാനമാണ് സംഘടനയിലെ പിളർപ്പിന് കാരണം. മുസ്ലിംലീഗ് ഉൾപ്പെടടെയുള്ള സംഘനകളോടുള്ള നിലപാടിനെ ചൊല്ലിയാണ് . 1989-ൽ സമസ്തയിൽ പിളർപ്പുണ്ടായത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്ലിയാർ ജനറൽ സെക്രട്ടറി ആയിരിക്കെയാണ് കാന്തപുരം എപി വിഭാഗം സമസ്തയ്ക്ക് രൂപം നൽകിയത്. 1989ൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായി. സമസ്ത എപി വിഭാഗം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. ഇരു സുന്നിവിഭാഗങ്ങൾക്കുമടയിൽ പതിറ്റാണ്ടുകളായി ഐക്യശ്രമങ്ങൾ സജീവമാണ് എങ്കിലും അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല.

പിന്നീട് പരസ്പരം കടിച്ചുകീറുന്ന നിലപാടാണ് ഇരുസംഘടനകളും നടത്തിയത്. അതിനിടെ പലതവണ കാന്തപുരം ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴോന്നും എ പി വിഭാഗം അടുത്തിരുന്നില്ല. ഇപ്പോൾ അവരിലും മാറ്റം കാണുന്നുണ്ട്. കാന്തപുരത്തിൻ െസന്ദർശനത്തിനുശേഷമുള്ള പ്രതികരണമായി, അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്ന്, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. സന്ദർശനത്തെ അഭിനന്ദിച്ച് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ രംഗത്തെത്തി. 'അതെ, ശംസുൽ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങൾ.' - എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. കാന്തപുരത്തിന്റെ മഖ്ബറ സന്ദർശനത്തിൽ മറ്റു പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.

നൂറാം വാർഷികത്തിൽ ഐക്യ ശ്രമങ്ങൾ

സമസ്ത നൂറു വർഷം പിന്നിടുള്ള വേളയിൽ ഇരുവിഭാഗവും ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. നൂറാം വാർഷികം സ്വന്തമായി നടത്തുന്നത് ഐക്യശ്രമങ്ങൾക്ക് തടസ്സമാകില്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ കാന്തപുരം നേരത്തെ പറഞ്ഞിരുന്നു.

'ഇ.കെ വിഭാഗവും നൂറാം വാർഷികം നടത്തട്ടെ. ഞാൻ സമസ്തയിൽ വന്നിട്ട് അമ്പതിലധികം വർഷമായി. 1974ലാണ് സമസ്തയിൽ വന്നത്. അതിനു ശേഷം ജോയിന്റ് സെക്രട്ടറിയും പിന്നീട് ജനറൽ സെക്രട്ടറിയുമായി. 60-ാം വാർഷികത്തിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. അന്നു മുതൽ സമസ്തയിൽ പ്രവർത്തിക്കുന്നുണ്ട്. അതിപ്പോഴും തുടരുകയാണ്. സമ്മേളത്തിൽ വാദപ്രതിവാദത്തിനും തർക്കത്തിനുമില്ല. വാദത്തിന് പോയി ഞങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഐക്യത്തിന് നൂറാം വാർഷികം ഒരിക്കലും തടസ്സമാകില്ല. ഐക്യമുണ്ടായാൽ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്.' - കാന്തപുരം കൂട്ടിച്ചേർത്തു.

അതിനിടെ ക്രിസ്മസ് ആഘോഷിക്കരുത് എന്ന് എസ്വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്, പറഞ്ഞതിനിനോട് വിയോജിച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവനയും ഏറെ ചർച്ചയായി. ഇസ്ലാമിക വിശ്വാസങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ലെന്ന്, കാന്തപുരം എ പി അബൂബക്കർ മുസലിയാർ പറയുന്നത്. ''എല്ലാ സമുദായങ്ങളുമായി സൗഹൃദം പുലർത്തണം. എന്നാൽ സംസ്‌ക്കാരം പകർത്തരുത്. സംസ്‌ക്കാരം സ്വീകരിക്കുന്നതും സൗഹൃദം പുലർത്തുന്നതും വ്യത്യസ്തമാണ്. ''- കാന്തപുരം ചൂണ്ടിക്കാട്ടി.

ഇതരമതങ്ങളുടെ ആഘോഷങ്ങളിലുള്ള സൗഹൃദം എപ്പോഴുമുള്ളതെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. അവരുടെ സംസ്‌കാരം പകർത്താതിരിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. മമ്പുറം തങ്ങൾ ഉൾപ്പെടെ മറ്റ് മതങ്ങളുമായി സൗഹൃദം നിലനിർത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും കാന്തപുരം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം ഉറങ്ങി കിടക്കുകയാണ്. അവരെ സജീവമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.