- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരാജിന് അമിത വേഗതയിൽ ഒരിളവും കൊടുക്കേണ്ടതില്ലെന്ന നിലപാടിൽ മന്ത്രി ഗണേശ്; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത സുരാജ് വെഞ്ഞാറമൂടിന് ലൈസൻസ് നഷ്ടമാകാൻ സാധ്യത; തമ്മനം-കാരക്കോടം റോഡിലെ അപകടം വീണ്ടും ചർച്ചകളിൽ; അതിവേഗ നടപടിയുമായി ആർടിഒ
കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. നടൻ മറുപടി നൽകിയാൽ ലൈസൻസ് റദ്ദാക്കില്ല. ഏത് സാഹചര്യത്തിലാണ് മറുപടി നൽകാത്തതെന്ന് മനസ്സിലാക്കാൻ അധികൃതർ ശ്രമം നടത്തും.
രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവമാണ് ഇതിന് കാരണം. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.
പാലാരിവട്ടം പൊലീസാണ് എഫ്‌ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. രജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു. എന്നാൽ മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ അനുമതിയോടെയാണ് നടപടികൾ തുടങ്ങുന്നത്. നടനായാലും നടപടി എടുക്കാൻ സിനിമാക്കാരൻ കൂടിയായ ഗണേശ് നിർദ്ദേശിച്ചതായാണ് സൂചന.
മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. സുരാജ് സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ സുരാജിന് കാര്യമായ പരിക്കുകളുണ്ടായില്ല. പരിക്കേറ്റ ആളിനെ കാണാൻ നടൻ ആശുപത്രിയിൽ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ