- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരാജ് വെഞ്ഞാറമൂടിനെ രക്ഷിക്കാൻ സിപിഎം സുഹൃത്തുക്കളും സജീവം; ലൈസൻസിന് കുഴപ്പം വരില്ല
കൊച്ചി: കുറച്ചു കൂടി സമയം തന്നാൽ മറുപടി നൽകാമെന്ന് മോട്ടോർ വാഹന വകുപ്പിനെ അനൗദ്യോഗികമായി നടൻ സുരാജ് വെഞ്ഞാറമൂട് അറിയിച്ചെന്ന് സൂചന. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിനാണ് ഈ സൂചന നൽകിയത്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്ക് ഉടൻ കടക്കില്ല. ലൈസൻസ് സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിന് കാത്തിരിക്കും. മറുപടി പരിശോധിച്ച് ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നത് വേണ്ടെന്ന് വയ്ക്കാനും സാധ്യതയുണ്ട്. ഇനി നടപടി എടുത്താലും അത് ഒന്നോ രണ്ടോ മൂന്നോ മാസത്തേക്ക് മാത്രമായി ചുരുക്കും
മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന നടൻ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോർ വാഹന വകുപ്പ് തീരുമാനം എടുത്തത് ഗതാഗത മന്ത്രിയുടെ നിർ്‌ദേശ പ്രകാരമാണ്. എറണാകുളം ആർ.ടി. ഓഫീസിൽനിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയത്. നടപടി വേഗത്തിലാക്കാനും നിർദ്ദേശം നൽകിയത് മന്ത്രിയുടെ ഓഫീസാണ്. എന്നാൽ വാർത്തകൾ എത്തിയതോടെ നടന്റെ അടുത്ത ആളുകൾ പ്രശ്‌നത്തിൽ ഇടപെട്ടു. തിരക്ക് കാരണമാണ് മറുപടി നൽകാത്തതെന്നും പറഞ്ഞു.
സിപിഎം നേതൃത്വവുമായും സുരാജിന് അടുപ്പമുണ്ട്. ഗതാഗതമന്ത്രിയും അടുത്ത വ്യക്തി. അതുകൊണ്ട് തന്നെ കുറച്ചു കൂടി കാത്തിരിക്കാൻ തീരുമാനം ഉണ്ടാവുകയും ചെയ്തു. സിനിമാ താരമെന്ന നിലയിലെ തിരക്കുകൾ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തിൽ പൊലീസിന്റെ എഫ്.ഐ.ആർ. മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് നിർദ്ദേശം പുറപ്പെടുവിച്ചു. എന്നാൽ നോട്ടീസ് നൽകിയതു കൊണ്ട് സുരാജിന്റെ വിഷയത്തിൽ മുമ്പോട്ട് പോകും.
എഫ്.ഐ.ആർ. വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ. ഓഫീസുകൾക്ക് നിർദ്ദേശം ലഭിച്ചു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് പുതിയ നിർദേശമെന്നാണ് സൂചന. സിപിഎമ്മും ഈ വിഷയത്തിൽ ഇടപെട്ടുവെന്നാണ് സൂചന. സുരാജ് പരാതി പറഞ്ഞതിനെ തുടർന്നാണ് സിപിഎം കരുതലോടെ തീരുമാനമെടുക്കണമെന്ന ആവശ്യം മുമ്പോട്ട് വച്ചത്.
എഫ് ഐ ആർ ഇട്ടാലുടൻ ലൈസൻസ് റദ്ദാക്കുന്നതിനോട് മന്ത്രി കെബി ഗണേശ് കുമാറിനും താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇനി മോട്ടോർ വാഹന വകുപ്പ് വിശദ പരിശോധന നടത്തും. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്. ഈ അപകടത്തിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകി.
താരത്തിന് രജിസ്‌ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ.ടി.ഒ.യ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചു. കഴിഞ്ഞ ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്.