കൊച്ചി : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. മകളുടെ വിവാഹം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

2023 ഒക്ടോബർ 27 ന് ആയിരുന്നു സുരേഷ് ഗോപിക്കെതിരെ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അദ്ദേഹം കൈ വെയ്ക്കുകയായിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ അനിഷ്ടം മാധ്യമപ്രവർത്തക പ്രകടിപ്പിച്ചെങ്കിലും സുരേഷ് ഗോപി വീണ്ടും ഇത് ആവർത്തിച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈ എടുത്ത് മാറ്റുകയായിരുന്നു.

വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്നായിരുന്ന മാധ്യമപ്രവർത്തക ചോദിച്ചത്. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ച് നോക്കെട്ടെ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെച്ചത്. ഇതാണ് വിവാദമായത്.

സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി സോഷ്യൽ മീഡിയ വഴി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകുകയായിരുന്നു.