- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന കാറിൽ ഡിസൈനുള്ള വെള്ള ഷർട്ട്; കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോലും അനുവദിക്കാതെ പൊലീസ്; ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേട്ടിന് മുന്നിൽ കൊണ്ടു പോകുമെന്ന് അഭ്യൂഹം; മുഖ്യമന്ത്രിയുടെ ഓഫീസ് എന്തു പറയുമെന്നത് നിർണ്ണായകം
കോഴിക്കോട്: തന്റെ ചിത്രങ്ങൾ പതിച്ച പ്ളേക്കാർഡുകളുമേന്തിയ വൻ ജനക്കൂട്ടത്തിന്റെ നടുവിലൂടെ സുരഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മണിക്കൂറുകൾ നീണ്ട നാടകീയതയ്ക്കൊടുവിലാണ് അദ്ദേഹം നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. സ്റ്റേഷന് പരിസരത്ത് സുരേഷ് ഗോപിക്ക് പിന്തുണയുമായി നിരവധി പേരാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ഐപിസിയിലെ 354 (എ ) വകുപ്പ് ഇട്ടതുകൊണ്ട് തന്നെ ഒരു തരത്തിലും സ്റ്റേഷൻ ജാമ്യം കൊടുക്കരുത് എന്ന തരത്തിലുള്ള നിയമോപദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് പരിവാർ കേന്ദ്രങ്ങൾ പറയുന്നു. അതോടെപ്പം ചില സമ്മർദ്ദം കൂടി ആയപ്പോൾ പൊലീസ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന. മജിസ്ട്രേട്ട് ജാമ്യം കൊടുക്കുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കിൽ താരത്തിന് ജയിലിൽ പോകേണ്ടി വരും. പരമാവധി സമയം ചോദ്യം ചെയ്യൽ നടക്കാനാണ് സാധ്യത.
ഐപിസിയിലെ 354 (എ ) വകുപ്പിൽ ആദ്യ കുറ്റകൃത്യത്തിന് സ്റ്റേഷൻ ജാമ്യം നൽകാമെന്നും വ്യവസ്ഥയുണ്ട്. ചിലപ്പോൾ പൊലീസ് ആ വഴിക്കും തീരുമാനം എടുത്തേക്കാം. അങ്ങനെ എങ്കിലും കോടതിയിലും ആശുപത്രിയിലും ഒന്നും സുരേഷ് ഗോപിയെ കൊണ്ടു പോകില്ല. സുരേഷ് ഗോപിക്ക് ജാമ്യം നൽകാതെ കോടതിയിൽ കൊണ്ടു പോകുന്നത് താരത്തിന്റെ ജനപ്രീതി ഉയർത്തുമെന്ന വിലയിരുത്തലുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശം അതിനിർണ്ണായകമാകും.
അതിനിടെ മലയാള സിനിമയിലെ സൂപ്പർ താരം അടക്കം പ്രമുഖർ സുരേഷ് ഗോപിക്ക് വേണ്ടി രംഗത്തുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിനേയും പൊലീസ് ഉന്നതരേയുമെല്ലാം അവർ നീരസം അറിയിച്ചിട്ടുണ്ട്. ഒരു ക്രിമിനലിനെ പോലെ സുരേഷ് ഗോപിയെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് അവരുടെ വാദം. മാധ്യമ പ്രവർത്തകയെ അപമാനിക്കുക സുരേഷ് ഗോപിയുടെ ലക്ഷ്യമായിരുന്നില്ലെന്നും അവർ പറയുന്നു.
ചുവന്നകാറിലാണ് ,സുരേഷ് ഗോപി സ്റ്റേഷന് മുന്നിലെത്തിയത്. ഡിസൈനുള്ള തൂവെള്ള ഷർട്ടും. കാറിനെ സ്റ്റേഷനിനുള്ളിലേക്ക് കടത്തിയില്ല. സ്റ്റേഷനിൽ കയറും മുമ്പ് പ്രവർത്തകരെ അഭിസംബോധന ചെയ്യാനും അനുവദിച്ചില്ല. പ്രവർത്തകരെ കൈവീശി കാട്ടിയാണ് സുരേഷ് ഗോപി അകത്തേക്ക് പോയത്. അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചാലും കുഴപ്പമില്ലെന്ന നിലയിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് എത്തുന്നത്. അതുകൊണ്ടാണ് മുൻകൂർ ജാമ്യം നേടാൻ ശ്രമിക്കാത്തതും. മുൻ കൂർ ജാമ്യം എടുത്ത് സുരേഷ് ഗോപി പൊലീസിന് മുന്നിലെത്തുമെന്നായിരുന്നു പൊലീസുകാർ കണക്കു കൂട്ടിയത്. അത് പൊളിയുകയായിരുന്നു.
സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല എന്നുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബിജെപിക്കാർ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടുകയായിരുന്നു. പദയാത്രക്കുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജനക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കാറിൽ ആക്ഷൻ ഹീറോ വന്നിറങ്ങുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രമുഖ നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ് , ശോഭ സുരേന്ദ്രൻ തുടങ്ങിയവർ സ്ഥലത്തുണ്ട്. ധാരാളം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
സുരേഷ് ഗോപിയുടെ ചിത്രം പതിച്ച ''വേട്ടയാടാൻ വിട്ടുതരില്ല'' എന്ന് വലിയ ആകാശരത്തിൽ എഴുതിയ ബാനറുകൾ പിടിച്ചാണ് ബിജെപിക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുന്നത്. അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോൾ മുദ്രാവാക്യം വിളികൾ കൊണ്ട് സ്റ്റേഷൻ പരിസരം മുഖരിതമായി. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് എന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ