- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സുരേഷ് ഗോപി കുടുംബ സമേതം തൃശ്ശൂർ ലൂർദ്ദ് മാതാ ദേവാലയത്തിലെത്തി; മകളുടെ വിവാഹത്തിന് മുമ്പായുള്ള നേർച്ചയായി മാതാവിന്റെ രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ചു; താരം ആഗ്രഹം അറിയിച്ചത് ഒരാഴ്ച്ച മുമ്പ് പള്ളിയിൽ എത്തിയപ്പോൾ; വികാരിയും ട്രസ്റ്റിമാരും അംഗീകാരം നൽകിയതോടെ നേർച്ച സമർപ്പണവും

തൃശ്ശൂർ: ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് പള്ളി സന്ദർശിച്ച സുരേഷ് ഗോപി തനിക്ക് ഇത്തരത്തിൽ ഒരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു.
പള്ളിയിൽ അടുത്തിടെ തിരുനാളിന് വന്നപ്പോൾ സ്വർണക്കിരീടം സമർപ്പിക്കുമെന്ന് നേരുകയും ചെയ്തിരുന്നു. മാതാവിന് പൊൻകിരീടം സമർപ്പിക്കുന്നത്. വികാരിയും ട്രസ്റ്റിമാരും അംഗീകാരം നൽകിയതോടെയാണ് ഇന്ന് കുടുംബസമേതം എത്തി കിരീടം സമർപ്പിച്ചത്. അടുത്ത കുടുംബാംഗങ്ങളും ബിജെപി ജില്ലാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്.
മകൾ ഭാഗ്യയയുടെ വിവാഹത്തിനു മുന്നോടിയായാണ് ഇത്. ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപിരാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും മോദി എത്തുന്നത് തൃശ്ശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെയാണ്. കല്യാണ ദിവസമായ 17ന് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്. വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും നൽകി പൊലീസ് പാസെടുക്കണം.
17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. റോഡ് മാർഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ 8.45ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. അന്ന് രാവിലെ ആറുമുതൽ ഒൻപത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

തൃപ്രയാർ ക്ഷേത്രത്തിലും മോദി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെയും കേന്ദ്ര ഏജൻസികൾ പരിശോധനകൾ നടത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ എടുക്കാൻ ഒരുങ്ങുന്ന ബിജെപിയുടെ സുരേഷ് ഗോപിക്ക് പുതിയ ഊർജ്ജമാകും മോദിയുടെ തൃപ്രയാർ സന്ദർശനം. കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ 'മര്യാദാ പുരുഷോത്തമൻ' ശ്രീരാമചന്ദ്രനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.

ആയോധ്യയെ ചർച്ചയാക്കുക എന്നതിന് അപ്പുറം തൃപ്രയാറിന് മറ്റൊരു രാഷ്ട്രീയ പ്രത്യേകത കൂടിയുണ്ട്. നാട്ടികയുടെ സ്വന്തമാണ് താനെന്ന് അവകാശപ്പെടുന്ന ടിഎൻ പ്രതാപനാണ് തൃശൂരിലെ നിലവിലെ എംപി. അതായത് തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറണമെങ്കിൽ തൃപ്രയാറിലെ അനുഗ്രഹം പ്രധാനമാണെന്ന് മോദി തിരിച്ചറിയുന്നു. ഇത് തന്നെയാണ് തൃപ്രയാറിനെ രാഷ്ട്രീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നതും. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാകും തൃപ്രയാറിലേക്ക് മോദി പോവുക. അതിന് മുമ്പ് സന്ദർശിക്കാനുള്ള സാധ്യതയും സുരക്ഷേ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. മോദിയുടെ 'രാമനെ' കാണാനുള്ള വരവ് തൃപ്രയാറിലും ബിജെപിക്ക് അനുകൂല തരംഗമൊരുക്കുമെന്നാണ് പരിവാർ കേന്ദ്രങ്ങളുടെ പ്രതീക്ഷ.


