- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആത്മഹത്യ ചെയ്ത കർഷകന്റെ മുഴുവൻ ബാധ്യതയും തീർക്കാൻ ആക്ഷൻ ഹീറോ

ആലപ്പുഴ: ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തു. അതിനിടെ സുരേഷ് ഗോപിയുടെ ഇടപെടലുകളെ പുകഴ്‌ത്തി നടൻ ജയറാം രംഗത്തു വന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പൈസയുണ്ടാക്കുന്നത് മുഴുവൻ ആ പാവം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കുകയാണെന്ന് ജയറാം പറയുന്നു. 'ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്-ജയറാം പറയുന്നു.
ഓരോ കാര്യത്തിനുവേണ്ടിയും രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപി.-ഇതാണ് ജയറാമിന്റെ പ്രതികരണം. ഇതിനൊപ്പമാണ് പ്രസാദിന്റെ കടം തീർക്കലിലെ സുരേഷ് ഗോപിയുടെ ഇടപെടലും
പ്രസാദിന്റെ വീടും വസ്തുവും ജപ്തിചെയ്യാൻ പട്ടികജാതി വർഗ കോർപ്പറേഷൻ നോട്ടീസ് നൽകിയത് സംബന്ധിച്ച വാർത്ത ബിജെപി പരിസ്ഥിതി സെൽ സ്റ്റേറ്റ് കോ-കൺവീനറും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ചെയർമാനുമായ ഗോപൻ ചെന്നിത്തല സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കുടുംബത്തിന്റെ കടബാധ്യത സുരേഷ് ഗോപി ഏറ്റെടുത്തത്. സുരേഷ് ഗോപിയുടെ അതിവിശ്വസ്തനാണ് ഗോപൻ ചെന്നിത്തല. നേരത്തെ സുരേഷ് ഗോപിയുടെ പേഴ്‌സണൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല ഇന്നലെ പട്ടികജാതി വർഗ വികസന കോർപ്പറേഷനിലെത്തി പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലുള്ള സ്വയം തൊഴിൽ വായ്പ പലിശയും കുടിശ്ശികയും ഉൾപ്പെടെ തിട്ടപ്പെടുത്തി. മുഴുവൻ പണവും അടയ്ക്കുമെന്ന് ഗോപൻ ചെന്നിത്തല അറിയിച്ചു. സുരേഷ് ഗോപിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചു.മൈക്രോ ഫിനാൻസ് ലോണുകളും പലിശക്കടങ്ങളും ഉൾപ്പെടെ മുഴുവൻ ബാദ്ധ്യതയും തീർക്കാമെന്ന് സുരേഷ് ഗോപി സമ്മതിച്ചിട്ടുണ്ട്.
പ്രസാദിന് പണം കടം നൽകിയവരുമായും മൈക്രോ ഫിനാൻസ് കമ്പനികളുമായും ബന്ധപ്പെട്ട് ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ഇടപാടുകൾ തീർക്കും. സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം ഗോപൻ ചെന്നിത്തല തകഴി കുന്നുമ്മയിലുള്ള വീട്ടിലെത്തി ഓമനയെയും മക്കളെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഓമനയും കുടുംബവും ഇന്ന് പണം അടയ്ക്കാനായി ഗോപൻ ചെന്നിത്തലയ്ക്കും ബിജെപി നേതാക്കൾക്കുമൊപ്പം ആലപ്പുഴയിലെ പട്ടികജാതി വികസന കോർപ്പറേഷൻ ഓഫീസിലെത്തും.
ജപ്തി നോട്ടീസ് കിട്ടി എന്തുചെയ്യുമെന്ന് എത്തും പിടിയുമില്ലാതിരിക്കുമ്പോഴാണ് കേരളകൗമുദി ഞങ്ങളെ തിരക്കി വന്നത്. കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെ നിരവധിപേർ ആശ്വാസവുമായെത്തി. മുംബയിൽ നിന്ന് സുരേഷ് ഗോപിയുടെ ആരാധകൻ കുടിശ്ശികയായ 17,600 രൂപ ഗൂഗിൾ പേയിൽ തന്നു. ഈ പണം കോർപ്പറേഷനിൽ അടയ്ക്കാൻ പോകാനിരിക്കെയാണ് ഗോപൻ ചെന്നിത്തല വന്ന് സുരേഷ് ഗോപിയുടെ വാഗ്ദാനം അറിയിച്ചതെന്ന് കുടുംബം പറയുന്നു.

