- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു... ബൂട്ടിട്ട് ചവിട്ടി... 101ഏത്തം.... 50 തവളച്ചാട്ടം... ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിപ്പിച്ചു; മൂന്ന് വട്ടം ഛർദ്ദിച്ചിട്ടും തുള്ളി വെള്ളം കൊടുക്കാത്ത ക്രൂരത; ഗുണ്ടാബന്ധത്തിന്റെ പേരിൽ പരൽമീനുകളെ പുറത്താക്കുന്ന പഴുതിൽ കൊടുംസ്രാവുകൾ അകത്ത്; സിഐ സുരേഷ് വി നായർക്ക് പദവി കിട്ടുമ്പോൾ
തിരുവനന്തപുരം: ഗുണ്ടാ, മാഫിയാ ബന്ധത്തിന്റെ പേരിൽ പൊലീസിലെ പരൽമീനുകളെ സസ്പെൻഡ് ചെയ്ത് കാടിളക്കുന്നതിനിടെ, അതിക്രൂരമായ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന, സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെയടക്കം തിരിച്ചെടുക്കുകയാണ് സർക്കാർ.
തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ, തിരുവല്ലം നെല്ലിയോട് മേലേചരുവിള പുത്തൻ വീട്ടിൽ സി.പ്രഭാകരന്റെയും സുധയുടെയും മകൻ സുരേഷ് (40) മരിച്ചത് ക്രൂരമായ പൊലീസ് മർദ്ദനമേറ്റതിനാലാണ് കണ്ടെത്തി സസ്പെൻഡ് ചെയ്ത സിഐ സുരേഷ് വി നായരെയാണ് ഇപ്പോൾ തിരിച്ചെടുത്തത്. എല്ലാവരുടെയും ശ്രദ്ധ ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരായ നടപടിയിലേക്ക് മാറുമ്പോഴാണ് കൊടും സ്രാവുകളെ ആ പഴുത് മുതലെടുത്ത് അകത്ത് കയറ്റുന്നത്.
സിഐ സുരേഷ് വി നായരും ഗ്രേഡ് എസ്ഐ സജീവും 2ഹോംഗാർഡുകളും ക്രൂരമായി മർദ്ദിച്ചെന്നും മർദ്ദനമേറ്റ സുരേഷ് മൂന്നുവട്ടം ഛർദ്ദിക്കുകയും ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയും നെഞ്ചുവേദനയെടുത്ത് പുളയുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ലെന്നുമാണ് സെല്ലിൽ ഒപ്പമുണ്ടായിരുന്നയാളുടെ മൊഴി. സിഐയുടെ ജീപ്പ് സ്റ്റേഷനിലുണ്ടായിരുന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല. മറ്റൊരു സ്വകാര്യ വാഹനമെത്തിച്ച് ഏറെ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു. കസ്റ്റഡി മർദ്ദനമാണെന്ന് വ്യക്തമായതോടെ കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കി.
ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയിൽ സുരേഷിനെയും ഒപ്പമുണ്ടായിരുന്ന 4പേരെയും പിടികൂടിയ സമയത്തുതന്നെ പൊലീസ് മർദ്ദനം തുടങ്ങി. സുരേഷിനെ കാലിൽ അടിച്ച് ജീപ്പിലേക്ക് ഇടിച്ചു കയറ്റി. സ്റ്റേഷന് മുന്നിലിട്ടും അകത്തിട്ടും ക്രൂരമായി മർദ്ദിച്ചു. ലോക്കപ്പിലിട്ട് കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു. ഹോഗാർഡ് ഉണ്ണികൃഷ്ണനും മറ്റൊരാളും ബൂട്ടിട്ട് ചവിട്ടി. ക്രൂരമായി മർദ്ദിച്ചതിനു പിറ്റേന്ന് സിഐയുടെ നേതൃത്വത്തിൽ കഠിനമായ വ്യായാമമുറകൾ ചെയ്യിച്ചു. 101ഏത്തമിടീച്ചു, 50തവളച്ചാട്ടം, 50 പുഷ്അപ് എന്നിവ ചെയ്യിച്ചു. അതിനു ശേഷം ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിപ്പിച്ചു.
മുട്ടുവളയാതെ 50വട്ടം കൈ നിലത്തുകുത്തിച്ചു. തളർന്നു വീണവരെക്കൊണ്ട് വീണ്ടും ചെയ്യിപ്പിച്ചു. പിന്നീട് സെല്ലിൽ അടച്ചു. അൽപ്പസമയത്തിനകം സുരേഷിന് താൻ വെള്ളം കെടുത്തു. 3വട്ടം ഛർദ്ദിച്ചു. പിന്നാലെ നെഞ്ചുവേദനയും ശ്വാസംമുട്ടലുമുണ്ടായി. സിഐ സെൽ തുറന്ന് സുരേഷിനെ പുറത്തിറക്കിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. വേറെ വാഹനം വന്നശേഷം നടത്തിയാണ് തീരെ അവശനായ സുരേഷിനെ കൊണ്ടുപോയത്. രണ്ട് പൊലസുകാരെയും കയറ്റി പൂന്തുറ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ലാത്തികൊണ്ട് മർദ്ദിച്ചെന്നായിരുന്നു സുരേഷിനൊപ്പം ഉണ്ടായിരുന്നവരുടെ ആദ്യമൊഴി. പിന്നീട് സിഐയും പൊലീസുകാരും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു. ഇവരെല്ലം ചുറ്റും ഇരുന്ന് മൊഴിമാറ്റിച്ച് എഴുതിയെടുത്തു. കള്ളമൊഴി വീഡിയോയിൽ റെക്കാർഡ് ചെയ്തു. പല കേസുകളിലും കുടുക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചത്. സുരേഷ് മരിച്ച ശേഷം സിഐ വന്ന് കാലുപിടിച്ചു. എത്ര ചെലവായാലും സ്വന്തം ചെലവിൽ ജാമ്യത്തിലിറക്കാമെന്നും ജയിലിൽ കൊണ്ടുപോകാതെ ആശുപത്രിയിലാക്കാമെന്നും സിഐ പറഞ്ഞു.
ക്രൈംബ്രാഞ്ചിനോടും മാധ്യമങ്ങളോടും മർദ്ദനവിവരം പറയരുതെന്നും ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ വഞ്ചിയൂർ സിഐയും സംഘവുമെത്തി തങ്ങളെ ജയിലിലേക്ക് മാറ്റി. പിന്നീട് പൊലീസ് തടിതപ്പിയെന്നും സുരേഷിനൊപ്പമുണ്ടായിരുന്നയാൾ വെളിപ്പെടുത്തിയിരുന്നു. സുരേഷിന്റെ ശരീരത്തിൽ 12 ചതവുണ്ടെന്നും മരണത്തിനു കാരണമായ ഹൃദ്രോഗബാധയ്ക്ക് അത് ആക്കം കൂട്ടിയിരിക്കാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശരീരത്തിൽ പരുക്കില്ലെന്നും ഹൃദയാഘാതം മൂലമാണു മരിച്ചതെന്നുമാണു പൊലീസ് പറഞ്ഞത് ഇതോടെയാണ് പൊളിഞ്ഞത്.
താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, തോളിനു താഴെ ഇടതു കൈയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി 6 ഭാഗങ്ങളിൽ എന്നിങ്ങനെയാണു ചതവുള്ളത്. എത്ര നീളത്തിലും വീതിയിലുമാണ് ചതവ് എന്നതും വിവരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്