തിരുവനന്തപുരം: 'ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചതെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീതയെന്ന് പരിഹസിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യൻ മതിനിന്ദ നടത്തിയെന്ന് ആരോപിച്ച് സ്വാമി ഉദിത് ചൈതന്യ. ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ച പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും, ഹൈന്ദവ സംഘടനകൾ ടോമി സെബാസ്റ്റ്യന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനൊപ്പം ക്രിസ്ത്യൻ സഭകൾ ടോമിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ( ടോമി സെബാസ്റ്റ്യൻ ക്രൈസ്തവ പുരോഹിതൻ എന്ന് തെറ്റിദ്ധരിച്ചാണ്, സ്വാമി ഉദിത് ചൈതന്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ടോമി സെബാസ്റ്റ്യൻ ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ പ്രവർത്തകനാണ്. എസ്സൻസിന്റെ പരിപാടിയിലായിരുന്നു ടോമി സെബാസ്റ്റ്യന്റെ വിവാദ പ്രഭാഷണം)

രാമായണവും മഹാഭാരതവും കെട്ടുകഥകളോ എന്ന വിഷയത്തിൽ, ടോമി സെബാസ്റ്റ്യൻ നടത്തിയ പ്രഭാഷണ പരമ്പരയാണ് വിവാദമായത്.

ടോമി സെബാസ്റ്റ്യന്റെ പ്രഭാഷണത്തിലെ വിവാദ ഭാഗം ഇങ്ങനെ:

'ഭീമൻ ചെന്നിട്ട് ദുര്യോധനന്റെ അടുത്ത് ചെന്നേച്ച് പറഞ്ഞു, ഞങ്ങൾക്ക് കുറച്ചുസ്ഥലം തരണം. ദുര്യോധനൻ പറഞ്ഞു, സ്ഥലമോ, നിനക്കോ, ഓടെടാ ന്ന് പറഞ്ഞു. ഭീമന് പെട്ടെന്ന് ദേഷ്യം വരും. ഭീമൻ അവിടെ കിടന്ന വിറകുകൊള്ളിയെടുത്ത്, ദുര്യോധനനെ അടിക്കാനായി ഓടി ചെന്നു. ഭീമൻ ഇങ്ങനെ അവനുമായിട്ട് അടിയുണ്ടാക്കുമ്പോൾ, അഭിമന്യു ഇത് കണ്ടേച്ച്, തന്റെ വല്യച്ഛനെ അടിക്കുന്നത് കണ്ടപ്പോൾ, ഇവന് ദേഷ്യം വന്നു. ഭീഷ്മർക്ക് നേരേ കല്ലുപെറുക്കിയെറിഞ്ഞു. കൃപാചാര്യര് വന്നിട്ട് പറഞ്ഞു, ഈ വല്യപ്പൻ കാർന്നോരെയാണോടാ നീ കല്ലുപെറുക്കി എറിയുന്നത് എന്ന് ചോദിച്ച് രണ്ട് അടിയങ്ങ് വച്ചുകൊടുത്തു. ഇവന് 10-12 വയസേയുള്ളു, അഭിമന്യുവിന്.

അതുകണ്ടപ്പോഴത്തേക്കും, 12 വയസേ ഉള്ളുവെങ്കിലും, അവന് അളിയനുണ്ട്, ഉത്തരൻ, ഉത്തരൻ ആണെങ്കിൽ ഇങ്ങോട്ടൊന്നും വന്നതല്ല, അവന്റെ പശു അഴിഞ്ഞുപോയതിനെ അന്വേഷിച്ചുവന്നതാണ്. അപ്പോഴാണ് അളിയനെ പിടിച്ചിട്ട് അടിക്കുന്നത്. അപ്പോ, ഇവൻ ചെന്നിട്ട് ഇവനും കൂടി അടിക്കാൻ കൂടി. കൂട്ടത്തല്ലാകുന്നതിനിടയ്ക്ക് എവിടെയോ പെട്ടിട്ട് ഉത്തരൻ മരിച്ചുപോയി.

ഇതറിഞ്ഞപ്പോഴേക്കും അർജ്ജുനൻ പറഞ്ഞു, വേണ്ട നമുക്ക് ഈ പരിപാടിക്കൊന്നും പോകേണ്ട, വേറെ ഏതെങ്കിലും പണിക്ക് പോയി ജീവിക്കാം എന്നുപറഞ്ഞു. അപ്പോ, ശ്രീകൃഷ്ണൻ അർജ്ജുനനെ നല്ല പച്ചത്തെറി വിളിച്ചു. ശ്രീകൃഷ്ണൻ അന്നേരം വിളിച്ച പച്ചത്തെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീത.'

ടോമി സെബാസ്റ്റ്യന്റെ പ്രസംഗത്തിലെ മറ്റൊരു ഭാഗം ഇങ്ങനെ:

പാണ്ഡവർക്ക് മൂന്ന് ചെറിയ ബലഹീനതകൾ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഒന്നു നന്നായി വെള്ളമടിക്കും. വെള്ളമടിച്ചുകഴിഞ്ഞാൽ ചീട്ടുകളിക്കാൻ പോണം. ചീട്ടുകളിയിൽ തോറ്റാൽ പെണ്ണുപിടിക്കാൻ പോണം. അങ്ങനെ, ഈ ചീട്ടുകളി, ചൂതാട്ടം എന്നൊക്കെ പറഞ്ഞാൽ, അസാമാന്യ കളിയാണ്. അവസാനം ഭാര്യയെ വരെ പണയം വെച്ച്, ചീട്ടുകളിച്ചവന്റെ പേരാണ് ധർമ്മപുത്രർ.

അപ്പോൾ, ദുര്യോധനന് ഒരുസഹതാപം തോന്നുന്നു...ദുര്യോധനൻ പറഞ്ഞു, വാടാ, നീ ഇനി ഒന്നും പണയം വയ്‌ക്കേണ്ട. നിനക്ക് ഞാൻ ഒരവസരം കൂടി തരാം. നീ ഈ കളിയിൽ ജയിച്ചാൽ, നീ ഇതുവരെ പണയം വച്ചത് മുഴുവൻ ഞാൻ തിരിച്ചുതരാം. തോറ്റുകഴിഞ്ഞാൽ, മേലാൽ, ഈ പഞ്ചായത്തിൽ കണ്ടുപോകരുത്. നിന്റെ ശല്ല്യം അത്രയ്ക്കുണ്ട്. അപ്പോൾ, ധർമ്മപുത്രർ അതും സമ്മതിച്ചു. അവിടെയും തോറ്റു. തോറ്റുകഴിഞ്ഞപ്പോൾ, ആ നാടുവിട്ടുപോകണം. അങ്ങനെയാണല്ലോ, കരാർ. അപ്പോ, ഇതിനകത്ത് ഇവര് പറയുന്നത്, കള്ളച്ചൂതിനാണെന്ന് അറിഞ്ഞാലും, ചൂത് കളിക്കാൻ വിളിച്ചെന്നാൽ, ചെല്ലണം, അത് രാജധർമ്മമാണ്. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുവോ?

സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോയിൽ പറയുന്നത്

കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യൻ ഫാദർ മഹാഭാരതത്തെയും, അതിലെ കഥാപാത്രങ്ങളെയും, വളരെ അവഹേളിച്ചുകൊണ്ട് പരിഹസിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ അദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്ന കാര്യം, ഭഗവദ്ഗീത, ഭഗവാൻ ശ്രീകൃഷ്ണനെ വിളിച്ച പച്ചത്തെറി എന്നാണ്. വളരെ നിന്ദ്യമായ, ഹീനമായ ഒരുകാര്യത്തെ നാം ശക്തമായി അപലപിക്കണം. കാരണം, ഭാരത സംസ്‌കൃതിയെ പ്രചോദിപ്പിച്ച അത്യുത്തമ കൃതിയായ ഭഗവദ്ഗീതയെയും മഹാഭാരതത്തെയും, അവഹേളിക്ക വഴി അദ്ദേഹം വേദവ്യാസ മഹർഷിയെന്ന മഹാഗുരുവിനെയാണ് അദ്ദേഹം നിന്ദിച്ചിരിക്കുന്നത്. അതുപോലെ ഭഗവാൻ ശ്രീകൃഷ്ണൻ, ഭാരതത്തിലെ ആരാധ്യനായ ആരാധനാമൂർത്തിയെ അദ്ദേഹം പരസ്യമായി നിന്ദിച്ചിരിക്കുകയാണ്.

ഭഗവദ്ഗീതയെ മാറോട് ചേർത്ത് സ്വന്തം പെറ്റമ്മയ്ക്ക് തുല്യമായി കൊണ്ടുനടന്ന്, സ്വാതന്ത്ര്യസമരത്തിലും, പ്രചോദനം എടുത്ത മഹാത്മാ ഗാന്ധിയെ പോലുള്ള മഹാന്മാരെയാണ് അദ്ദേഹം അവഹേളിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് പ്രചോദനം ഭഗവദ്ഗീതയായിരുന്നു. ഇതെല്ലാം, ഇത്തരം സംസ്‌കാരശൂന്യമായി ക്രിസ്ത്യൻ ഫാദറുടെ ഉള്ളിൽ നിന്ന് എങ്ങനെയാണ് അദ്ദേഹം പരിഹാസരൂപത്തിൽ അവതരിപ്പിച്ചതെന്ന് എനിക്ക് അറിയില്ല. അത്തരം നിന്ദ്യമായ പ്രവൃത്തി അദ്ദേഹം എങ്ങനെ ചെയ്തുവെന്നതാണ്.

കാരണം ഹൈന്ദവ സമൂഹത്തെ വേദനിപ്പിക്കുന്ന, ഭാരത സംസ്‌കൃതിയെ അവഹേളിക്കുന്ന വളരെ സംസ്‌കാര ശൂന്യമായ പ്രവൃത്തി, ഇതിനെ ശക്തമായി അപലപിക്കുന്നു. ആരെയൊക്കെയാണ് അദ്ദേഹം അവഹേളിച്ചിരിക്കുന്നത്? ഗീതയ്ക്ക് ഭാഷ്യം രചിച്ച ശങ്കരാചാര്യ സ്വാമികൾ, ഭഗവദ്ഗീതയെ എഴുത്തുകൊണ്ട് ലോകത്തിന് പ്രചോദനം കൊടുത്ത സ്വാമി വിവേകാനന്ദനെ, ഭഗവദ്ഗീത കൊണ്ട് ലോകത്തെ തന്നെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ട സ്വാമി ചിന്മായനന്ദജിയെ, നാരായണ ഗുരുദേവൻ ചട്ടമ്പിസ്വാമികൾ, അനേകം ആചാരപരമ്പരകളുടെ ശാപമാണ് മനുഷ്യൻ പിടിച്ചുപറ്റുന്നത്. അത്തരം നിന്ദ്യമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്.

എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, നിങ്ങൾ, ജീസസ് ലീവ്ഡ് ഇൻ ഇന്ത്യ എന്ന പുസ്തകം രണ്ടുവട്ടം വായിക്കണം. 12 വർഷം ഭാരതത്തിൽ, കാശിയിലും, ഹരിദ്വാറിലും, ഋഷികേശിലും താമസിച്ച് അരുന്ധതി ഗുഹയിൽ തപസ് ചെയ്ത്, ഭാരത്തിലെ ഗീതയും യോഗയും പഠിച്ചുകൊണ്ടാണ്, ജീസസ് ക്രൈസ്റ്റ് എന്ന മഹാൻ, ലോകത്തിന് പ്രബോധനങ്ങൾ നടത്തിയിട്ടുള്ളത്. ആ ക്രിസ്തുവിനെയാണ് നിങ്ങൾ അവഹേളിച്ചിരിക്കുന്നത്. സ്വന്തം മതത്തിന്റെ ആചാര്യൻ, അദ്ദേഹം ഭാരതസംസ്‌കൃതി ഉൾക്കൊണ്ട മഹാത്മാവായിരുന്നു എന്നത് മറക്കരുത്.

നിങ്ങളുടെ പൂർവ്വികരാര്? നാല് തലമുറയ്ക്ക് മുമ്പ് നിങ്ങളുടെ പൂർവ്വികരാര്? ഗീതയും വേദവ്യാസ മഹർഷി രചിച്ച ഭാഗവതവും കൊണ്ടുനടന്നവരായിരുന്നു. പിന്നീടല്ലേ, ബ്രിട്ടീഷുകാരുടെ കാലത്തിന് ശേഷം മാർഗ്ഗം കൂടി ക്രിസ്തുമതത്തിലേക്ക് ഇവിടുത്തെ ആളുകൾ പോയിട്ടുള്ളത്. നിങ്ങളുടെ പൂർവ്വികരെയല്ലേ നിങ്ങൾ അവഹേളിച്ചിരിക്കുന്നത്. നിന്ദ്യമല്ലേ പ്രവൃത്തി?

അതുകൊണ്ട്, എനിക്ക് ഹൈന്ദവ സംഘടനകളോട് പറയാനുള്ളത്, ഇത്തരം നിന്ദ്യമായ, ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്ന, വേദനിപ്പിക്കുന്ന, ഹൈന്ദവാചാര്യന്മാരെ, അതുപോലെ, ഭഗവാൻ ശ്രീകൃഷ്ണനെ ഒക്കെ, ഇത്രമാത്രം പരിഹാസ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ക്രിസ്ത്യൻ ഫാദറുടെ നടപടിക്ക് എതിരെ നിയമനടപടികൾ എടുക്കണം. ഇത് മതനിന്ദയാണ്. തെറ്റാണ്. സംസ്‌കാര ശൂന്യമായ പ്രവൃത്തിയാണ്.

അതുപോലെ എനിക്ക് ക്രിസ്ത്യൻ സഭകളോട് പറയാനുള്ളത്, ഈ ക്രിസ്ത്യൻ ഫാദർക്ക് എതിരെ ശക്തമായ നടപടി എടുക്കണം. കാരണം ഭാരത്തിന്റെ പൈതൃകത്തെ, സംസ്‌കൃതിയെ, ഭാരതത്തിന്റെ അവതാരമൂർത്തിയെ, ആചാര്യ പരമ്പരകളെ, ആത്മീയ ശാസ്ത്രമായ ഭഗവദ്ഗീതയെ വളരെ മോശപ്പെട്ട രീതിയിൽ ചിത്രീകരിച്ച് അവഹേളിച്ച്, പരിഹസിച്ച അദ്ദേഹം ഹൈന്ദവ സമൂഹത്തെ മുഴുവൻ വേദനിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് എതിരെ ശക്തമായ നടപടി ഉണ്ടാകണം. അതുകൊണ്ട് ഇത്തരം ആളുകളോടെ എനിക്ക് പറയാനുള്ളത്, സ്വന്തം പൈതൃകത്തെ കളിയാക്കുന്നത് മാതൃത്വത്തെ നിന്ദിക്കുന്നതിന് തുല്യമാണ്.

(ടോമി സെബാസ്റ്റ്യൻ ക്രൈസ്തവ പുരോഹിതൻ അല്ലെന്ന് വ്യക്തമായതോടെ സ്വാമി ഉദിത് ചൈതന്യ പിന്നീട് തന്റെ വീഡിയോ പിൻവലിച്ചു.)

മഹാഭാരതം ഒരു കേട്ടുകഥയാണോ? ആണെന്നാണ് മഹാഭാരതം തന്നെ പറയുന്നത് എന്ന് ടോമി സെബാസ്റ്റ്യൻ തന്റെ ഫേസ്‌ബുക്കിലെ കുറിപ്പിൽ പറയുന്നു. കുറിപ്പ് ഇങ്ങനെ:

മഹാഭാരതം ഒരു കേട്ടുകഥയാണോ? ആണെന്നാണ് മഹാഭാരതം തന്നെ പറയുന്നത്. കാരണം മഹാഭാരതം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.
നൈമിശാരണ്യത്തിൽ ഒരു യാഗം നടക്കുമ്പോൾ അതിൽ പങ്കുകൊള്ളാൻ അവിടെ വന്ന ഉഗ്രശ്രവസ് പറഞ്ഞ കഥയാണ് മഹാഭാരതം കഥ. ഉഗ്രശ്രവസ് ആ കഥ കേട്ടത് ജനമേജയ രാജാവ് നടത്തുന്ന സർപ്പസത്രത്തിൽ പങ്കുകൊള്ളാൻ പോയപ്പോൾ അവിടെ വൈശ്യമ്പായൻ എന്ന പേരായ വേറെ ഒരാൾ പറഞ്ഞു കേട്ട കഥ എന്നുപറഞ്ഞാണ് ഉഗ്രശ്രവസ് ഈ കഥ പറയുന്നത്. വൈശമ്പായൻ ഈ കഥ കേൾക്കുന്നത് വൈശ്യമ്പായന്റെ ഗുരുവായ വ്യാസൻ പറഞ്ഞത് കേട്ടതാണ്. ഈ വ്യാസൻ പരാശര മഹർഷിയുടെ മകനായ വേദവ്യാസൻ അല്ല. കാരണം വേദവ്യാസന്റെ കാലഘട്ടവും ജനമേ രാജാവിന്റെ കാലഘട്ടവും തമ്മിൽ വലിയ അന്തരം ഉണ്ട്. എന്നുവച്ചാൽ മഹാഭാരതം ഒരു കേട്ട് കഥയാണെന്നാണ് മഹാഭാരതം തന്നെ പറയുന്നത്.

മഹാഭാരതവും രാമായണവും മനുഷ്യന്റെ കുടിയേറ്റത്തിന്റെ സഞ്ചാരപാതകളിൽ എവിടുന്നൊക്കെയോ കെട്ടിയ കഥകൾ കൂട്ടിച്ചേർത്തതാണ്. അതിൽ ഗ്രീക്ക് ഇതിഹാസവും പേർഷ്യൻ ഇതിഹാസങ്ങളും ഈജിപ്ഷ്യൻ ഇതിഹാസങ്ങളും നോഴ്‌സ് ഇതിഹാസങ്ങളും എല്ലാം കടന്നുവന്നിട്ടുണ്ട്. ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ സാഹിത്യങ്ങളാണ് എന്ന് മനസ്സിലാക്കിയാൽ ഈ സാഹിത്യങ്ങളുടെ പേരിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതും ആളുകളെ തല്ലിക്കൊല്ലുന്നതും ഒക്കെ ഒഴിവാക്കാവുന്ന കാര്യങ്ങളാണ്. ഈ കഥകളും അവയുടെ രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുമ്പോൾ ഇതൊക്കെ വെറും കഥകൾ മാത്രമായിരുന്നു എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം.