- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ ചെലവിൽ കല ആസ്വദിക്കാം; പുതിയ ആൾക്കാരെ പരിചയപ്പെടാം; സിനിമാ താരങ്ങളെയും അടുത്തുകാണാം; ഓട്ടൻതുള്ളലും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും ചവിട്ടു നാടകവും പെരുത്തിഷ്ടം; കലോത്സവ കാഴ്ച ജീവിതവ്രതമാക്കിയ സ്വാമി യതീന്ദ്ര തീർത്ഥയുടെ വേറിട്ട വിശേഷം
കോഴിക്കോട്: ചെറിയ ചെലവിൽ കല ആസ്വദിക്കാം. ഇഷ്ടപ്പെട്ട ഇനങ്ങൾ കാണാം. ഒരു പാടുപേരെ പരിചയപ്പെടാം. സിനിമ താരങ്ങളെയൊക്കെ അടുത്തുകാണാമല്ലോ. 73 -ാം വയസിലും കലോത്സവ വേദികളിലേക്കുള്ള മുടങ്ങാത്ത പ്രയാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്വാമി യതീന്ദ്രതീർത്ഥയുടെ പ്രതികരണം ഇങ്ങനെ.
ഈ വർഷം നടക്കുന്നത് 61-ാത് സംസ്ഥാന സ്‌കൂൾ കലോത്സവമാണ്. ഇതിൽ 53 കലോത്സവ വേദികളിലിലും ഞാൻ കാഴ്ചക്കാരനായി. ഇനിയും പറ്റാവുന്നിടത്തോളം കാലം ഇത്തരം വേദികളിൽ പോകും. ഇത്ര കുറഞ്ഞ ചെലവിൽ മറ്റെവിടെപോയാലാണ് എന്നെപ്പോലുള്ളവർക്ക് കലകൾ ആസ്വദിക്കുക കഴിയുക, ചെറുചിരിയോടെ സ്വാമി ചോദിക്കുന്നു.
1962 -ലായിരുന്നു സ്വാമി ആദ്യം കലോത്സവ വേദിയിലേയ്ക്ക് വണ്ടി കയറിയത്. ചങ്ങനാശേരി ഹിന്ദു കോളജിലാണ് ആ വർഷം കലോത്സവം നടന്നിരുന്നത്. ഓട്ടൻതുള്ളലും ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ചവിട്ടു നാടകം എന്നിവയെല്ലാമാണ് ഇഷ്ട ഇനങ്ങൾ.
ദഫ്മുട്ടും, അറബനയും വട്ടപ്പാട്ടും ഒപ്പനയുമെല്ലാം പെരുത്ത് ഇഷ്ടം. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ സ്വാമി മൃഗങ്ങളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ചാണ് സന്യാസം സ്വീകരിച്ചത്. പയ്യന്നൂരിൽവച്ച് സ്വാമി ആനന്ദതീർത്ഥരാണ് ദീക്ഷ നൽകിയത്. അപ്പോഴും കലയോടുള്ള പ്രിയം കൈവിട്ടില്ല. പിന്നീട് കലോത്സവവേദികളിലേയ്ക്കുള്ള യാത്ര ജീവിത വ്രതമാക്കി.
ചലച്ചിത്രതാരങ്ങളായി വളർന്ന വിനീത്, പക്രു, മഞ്ജുവാര്യർ തുടങ്ങി സിനിമ രംഗത്തുനിന്നുള്ളരടക്കം പ്രമുഖരെ പരിചയപ്പെടാനായത് ഈ യാത്രകളിലെ സുപ്രധാന നേട്ടമായിട്ടാണ് സ്വാമി വിലയിരുത്തുന്നത്. എറണാകുളം കൂവപ്പടിയിലെ ആനന്ദതീർത്ഥം മഠത്തിലാണ് ഇപ്പോൾ സ്വാമി താമസിക്കുന്നത്.
കലോത്സവ വേദികളിൽ എത്തിയാൽ ഉറക്കവും വിശപ്പുമൊന്നും തന്നെ അലട്ടാറില്ലെന്നാണ് സ്വാമിയുടെ പക്ഷം.സൗകര്യം കിട്ടുന്നിടത്ത് അൽപ്പനേരം തല ചായ്ക്കും. ചിലയിടങ്ങളിൽ ഭക്ഷണം സൗജന്യമായി കിട്ടും. ഒന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വാമി നയം വിശദമാക്കി.
പണ്ടൊക്കെ വർഷങ്ങളോളം ബുദ്ധിമുട്ടി പഠിച്ചായിരുന്നു കുട്ടികൾ മത്സരിക്കാനെത്തിയിരുന്നത്. ഇന്ന് അതെല്ലാം മാറി, കുറച്ച് മാസത്തെ പരിശീലനം നേടി എ ഗ്രേഡും വാങ്ങി എല്ലാവരും മടങ്ങും. അത് മാറണം. കലാതിലകവും പ്രതിഭാ പട്ടവും തിരികെ കൊണ്ടു വരണം. മാറിയ കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു സ്വാമിയുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.