കൊച്ചി: സിറോ മലബാർ സഭയുടെ മുഴുവൻ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് സിനഡിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദ്ദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്റേതാണ് തീരുമാനം.

ഏകീകൃത കുർബാന രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് സിറോ മലബാർ സഭ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു.ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് അതിരൂപതയ്ക്ക് മാർപാപ്പ കർശന നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, ഒത്തുതീർപ്പെന്ന നിലയിൽ ക്രിസ്മസ് ദിനത്തിൽ മാത്രമാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കിയത്.

ഇനിയും നിഷേധം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചിരുന്നു. എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് തനിക്കറിയാമെന്നും മാർപാപ്പ പറഞ്ഞിരുന്നു. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ, മറ്റിടങ്ങളിൽ നിന്നാണെന്നും മാർപ്പാപ്പ പറഞ്ഞിരുന്നു.

എന്താണ് കുർബാനവിവാദം?

മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്.

1. ജനാഭിമുഖ കുർബാന: വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നത്.

എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയായിരുന്നു പാലിച്ച് പോന്നിരുന്നത്.

2. അൾത്താരാഭിമുഖ കുർബാന: വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി.

3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.

1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദ്ദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്..

എറണാകുളവും ഇരിങ്ങാലക്കുടയും ജനാഭിമുഖം തുടർന്നതെങ്ങനെ?

ഭരണപരവും അജപാലനപരവുമായ പൊതുവിഷയത്തിൽ ഒരു രൂപതയിൽ പ്രശ്‌നമുണ്ടെങ്കിൽ ആ വിഷയത്തിൽ നിന്ന് വിടുതൽ നേടാൻ കാനോൻ നിയമത്തിലെ 1538 വകുപ്പ് ആ രൂപത അധ്യക്ഷന് അധികാരം നൽകുന്നുണ്ട്. എന്നാൽ ഈ അധികാരം പരിമിതപ്പെടുത്തി എന്നാണ് സിനഡ് ഏകീകരിച്ച കുർബാന കൊണ്ടുവന്നപ്പോൾ പറഞ്ഞിരുന്നത്. കാനോൻ നിയമം പരിമിതപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അത്തരമൊരു നിർദ്ദേശം പൗരസ്ത്യ കാര്യാലയത്തിൽ നിന്നും നലകിയിട്ടില്ലെന്നും വത്തിക്കാൻ വ്യക്തമാക്കുകയും രൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ മാർ ആന്റണി കരിയിലിന് അധികാരം നൽകുകയും ചെയ്യുകയായിരുന്നു. ഇതേ അധികാരം ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപത ബിഷപുമാരും ജനാഭിമുഖ കുർബാന തുടരാൻ അനുവാദം നൽകിയത്.

എറണാകുളത്തെ സംബന്ധിച്ച് ജനാഭിമുഖ കുർബാന ഏറെ വൈകാരികമാണ്. രൂപതയുടെ ശില്പി എന്നറിയപ്പെടുന്ന കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആണ് ജനാഭിമുഖ കുർബാനയുടെ വക്താവ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ശില്പി കൂടിയായ ഇദ്ദേഹമാണ് ഓരോ രാജ്യത്തേയും സഭ അതാത് രാജ്യത്തെ പാരമ്പര്യയും സംസ്‌കാരവും കൂടി ഉൾക്കൊള്ളണമെന്ന' ആശയം മുന്നോട്ടുവച്ചത്. ഭാരതത്തിൽ ജീവിക്കുന്ന ഭാരതീയരായ നാം ഭാരതത്തിന്റെ സംസ്‌കാരം ഉൾക്കൊള്ളണമെന്ന നിലപാടിലാണ് അദ്ദേഹം സഭയെ നയിച്ചിരുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് മേരീസ് ബസിലിക്കയാണ് അതിരൂപതയുടെയും മേജർ ആർച്ച് ബിഷപിന്റെയും സ്ഥാനിക ദേവാലയം.