- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലപ്പാടി മുതൽ കഴക്കൂട്ടം വരെ സിഗ്നലില്ലാ റോഡിൽ 100 കി.മീ വേഗതയിൽ ചീറിപ്പായാം!

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇടപ്പള്ളി വരെ തടസ്സമില്ലാത്ത യാത്ര. അതും മൂന്നര മണിക്കൂറിൽ. ദേശീയ പാതാ വികസനത്തിലെ ആദ്യ ഘട്ട ലക്ഷ്യം പുറത്തു വന്നിരുന്നു. ഇപ്പോൾ അതുക്കു മേലെയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ട്. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമ്മിക്കുന്നത് സിഗ്‌നലുകളില്ലാതെ മുന്നോട്ട് പോകും. 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്‌നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്. ഫലത്തിൽ അതിവേഗ പതായായി ഇതു മാറും. മേൽപാലങ്ങൾ എല്ലാ ജംഗ്ഷനിലും ഉണ്ടാക്കിയാകും ഇത് സാധ്യമാക്കുക.
നിർമ്മാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴുമണിക്കൂറിൽ എത്താം. അതായത് വന്ദേഭാരത് തീവണ്ടിയുടെ വേഗതയിൽ റോഡിലൂടെ തന്നെ യാത്ര സാധ്യമാകും. നിലവിൽ പന്ത്രണ്ടും പതിമൂന്നും മണിക്കൂറോണ് ഈ റൂട്ടിലൂടെയുള്ള റോഡിലൂടെ വേണ്ടി വരുന്ന യാത്രാ സമയം. ഗതാഗത കുരുക്കുണ്ടായാൽ അത് 15 മണിക്കൂർ വരെയാകും. അതിവേഗ സഞ്ചാരം റോഡിൽ സാധ്യമാക്കുന്ന പദ്ധതി മൂന്ന് കൊല്ലത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്.
റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമ്മിക്കും. ഇതിലൂടെ റോഡിന്റെ രണ്ടു വശവും പൂർണ്ണമായും വേർപെട്ടു പോകുന്നില്ലെന്ന് ഉറപ്പിക്കും. ദേശീയപാതയിൽ നിർമ്മാണം പൂർത്തിയായ കഴക്കൂട്ടംമുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാകും സിഗ്‌നൽ ഉണ്ടാകുക. നിലവിൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള പഴയറോഡിനുപകരം പുതിയ മേൽപ്പാലവുംവരും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുണ്ടാകും. ആകെ നാനൂറിലധികം അടിപ്പാതകളാണ് നിർമ്മിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമ്മാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.
റോഡ് വിഭജിക്കാൻ മീഡിയനുകളുണ്ടാവില്ല. ഇവ നിർമ്മിക്കാൻ കൂടുതൽ സ്ഥലംവേണം. ആറുവരി റോഡ് മീഡിയൻവെച്ച് നിർമ്മിക്കാൻ 60 മീറ്റർ സ്ഥലം ആവശ്യമാണ്. എന്നാൽ, 45 മീറ്ററിലാണ് നിർമ്മിക്കുന്നത്. പകരം ന്യൂജേഴ്സി ബാരിയർ ഉപയോഗിച്ചാകും റോഡ് വിഭജനം. ബാരിയറിന് 0.61 മീറ്റർ വീതിയേ ഉണ്ടാകൂ. അമേരിക്കയിലെ ന്യൂജേഴ്സിയിൽ റോഡ് വിഭജനത്തിന് 1950-കളിൽ ഉപയോഗിച്ചതിനാലാണ് ഇതിന് ന്യൂജേഴ്സി ബാരിയർ എന്ന പേരുവന്നത്. ഇതിൽ വന്നിടിച്ചാൽ വാഹനങ്ങളുടെ തകരാറും യാത്രക്കാരുടെ പരിക്കും പരമാവധി കുറയ്ക്കാം.
വന്ദേഭാരത് തീവണ്ടിയിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് രണ്ട് മണിക്കൂറിൽ താഴെ യാത്രയാണ് ലക്ഷ്യം. ഇതിന് അടുത്ത വേഗതയിൽ കേരളത്തിലെ റോഡിലൂടേയും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്താം ഈ റോഡിലൂടെ ഇടപ്പള്ളി-കഴക്കൂട്ടം 3 മണിക്കൂർ യാത്രാ പദ്ധതി റോഡ് അതിവേഗം മുമ്പോട്ട് പോവുകയാണ്. റോഡിൽ യാത്ര ദുരിതം കുറയ്ക്കുന്ന പദ്ധതി. ദേശീയപാതയുടെ നിലവാരത്തിൽ ഒരു കാറിന് 20 -25 മിനിട്ട് കൊണ്ട് പിന്നിടാവുന്ന ദൂരം ഇപ്പോൾ തന്നെ ഇരട്ടിയിലധികം അപഹരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. ഈ രീതി തലപ്പാടി വരേയും തുടരും.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നാേടെ ദേശീയപാതയിലെ തലപ്പാടി മുതൽ കഴക്കൂട്ടം വരെ സിഗ്നലും ജംഗ്ഷനുകളും കാണില്ല. ഈ റോഡിൽ 80 മുതൽ 120 കീ.മി വരെയാകും ശരാശരി വേഗത. ഇരുവശത്തും ഏഴര മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുടെ പണികളും പുരോഗമിക്കുകയാണ്. കാസർകോട് അതിർത്തിയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ദേശീയപാത 6 വരിയാക്കാനാണു കരാറുകൾ നൽകിയിരിക്കുന്നത്. കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ ദേശീയ പാത 66 പലയിടത്തും 2 വരിയാണ്, റോഡിന്റെ സ്ഥിതി മിക്കയിടങ്ങളിലും പരിതാപകരമാണ്. പ്രത്യേകിച്ചു മലബാർ മേഖലയിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും. റോഡ് വികസനത്തിലൂടെ ഈ ദുരവസ്ഥക്കു മാറ്റം വരും.
മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ചു തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന എൻഎച്ച് 66ന്റെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കർണാടക വഴി കൊങ്കൺ തീരത്തു കൂടിയുള്ള പാതയുടെ ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നതു കേരളത്തിലൂടെയാണ്. 669 കിലോമീറ്റർ. വാഹനപെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കേരളത്തിന് വലിയ ആശ്വാസമാകും ദേശീയ പാത വികസനം.

