കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൈനീസ് വ്യവസായികൾ അടക്കം വിദേശികൾ താമസിക്കാറുള്ള ഹോട്ടലിന് നേർക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷഹർ ഇ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ സന്ദർശകരെ ബന്ദികളാക്കിയെന്നാണ് റിപ്പോർട്ട്. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേൾക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രക്ഷപ്പെടാനായി ജനൽ വഴി താഴേക്കു ചാടിയ വിദേശികളായ രണ്ടുപേർക്കു പരുക്കേറ്റുവെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ടിൽ പറയുന്നു. താലിബാൻ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്.

ആയുധധാരികളായ മൂന്നുപേരെ വധിച്ചതായി താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന്റെയും വെടിവയ്‌പ്പിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ആയിരുന്നു ഇതെന്ന് കാബൂൾ പൊലീസിനുവേണ്ടി നിയമിതനായ താലിബാൻ വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു. ആക്രമണം അവസാനിച്ചുവെന്നും ഇപ്പോൾ പരിശോധനകൾ നടക്കുകയാണെന്നുമാണ് സദ്രാൻ പറയുന്നത്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ് എന്ന സംഘടന നിരന്തരമായി അഫ്ഗാനിൽ ആക്രമണം നടത്തുന്നുണ്ട്. താലിബാൻ കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ശക്തമായ ആക്രമണങ്ങളാണ് ഇവർ നടത്തിവരുന്നത്.

ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിലെത്തുമ്പോൾ താമസിക്കാൻ സ്ഥിരമായി തിരഞ്ഞെടുക്കുന്നതിനാൽ ചൈനീസ് ഹോട്ടലെന്നാണ് ഈ ഹോട്ടലിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികളും സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂൾ ലോങ്ഗൻ ഹോട്ടൽ. 

അതേസമയം ഹോട്ടലിൽ എത്രപേർ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തിൽ വിദേശികൾ ഉണ്ടോ എന്നും വ്യക്തമല്ല. അത്യാഹിതങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്ഥാനിൽ നടന്നിട്ടില്ല.

അഫ്ഗാനിസ്ഥാനുമായി 76 കിമീ അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന. താലിബാൻ ഭരണകൂടത്തെ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും ചൈന ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ബന്ധം തുടരുന്നുണ്ട്.

അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രദേശങ്ങൾ ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുർ വിഘടനവാദികളുടെ കേന്ദ്രങ്ങളായി മാറുമോ എന്ന് ചൈനയുടെ പ്രധാന ആശങ്കകളിലൊന്നാണ്. എങ്കിലും അതിന് അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ട്. അതിന് പകരമായി സാമ്പത്തിക പിന്തുണയും അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണ്തതിനുള്ള നിക്ഷേപങ്ങളുമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്.