- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ ഇംഗ്ലീഷ് പഠിപ്പിച്ചതിന് പിതാവിന് ചാട്ടവാറടി; മേക്കപ്പ് ഇട്ടതിന് 16 വയസ്സുള്ള നിരവധി പെൺകുട്ടികളെ കസ്റ്റഡിയിലെടുത്തു; വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നതും കുറ്റം; കുട്ടികളെ വിട്ടയയ്ക്കുന്നത് മാപ്പ് എഴുതി വാങ്ങി; അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പെൺകുട്ടികളോടുള്ള ക്രൂരത തുടരുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂരത തുടരുന്നു. ഇംഗ്ലീഷ് പഠിക്കുന്നു, മേക്കപ്പ് ഇടുന്നു എന്നതിന്റെ പേരിലൊക്കെ കുട്ടികളെപ്പോലും കസ്റ്റഡിയിൽ എടുക്കയാണ്. 'മോശം രീതിയിൽ ഹിജാബ്' ധരിക്കുകയും മേക്കപ്പ് ഇടുകയും ചെയ്തതിന് 16 വയസ്സ് പ്രായമുള്ള നിരവധി പെൺകുട്ടികളെ താലിബാൻ അറസ്റ്റ് ചെയ്തു. അനിസ്ലാമികമായി പെൺകുട്ടികളെ വളർത്തിയതിന് ഇവരുടെ രക്ഷിതാക്കൾ ചാട്ടവാറടിക്ക് വിധേയരായതായി ഗാർഡിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഷോപ്പിങ് സെന്ററുകൾ, ക്ലാസുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നാണ് താലിബാൻ പെൺകുട്ടികളെ ട്രക്കുകളിൽ കയറ്റി കൊണ്ടു പോയത്. മേക്കപ്പ് ധരിക്കുകയും മറ്റുള്ളവരെ 'മോശം ഹിജാബ്' ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. സ്ത്രീകൾ തല മുതൽ കാൽ വരെ മൂടുന്ന വസ്ത്രം ധരിക്കണമെന്ന് 2022 മെയ് മാസത്തിൽ താലിബാൻ ഉത്തരവിട്ടിരുന്നു. 'താൻ ശിരോവസ്ത്രം ധരിച്ചിരുന്നു, എന്നിട്ടും എന്റെ വസ്ത്രം അനുചിതമാണെന്ന് പറഞ്ഞ് അവർ എന്നെ മർദ്ദിച്ചു'- തടങ്കലിൽ നിന്നും മോചിപ്പിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. ഇംഗ്ലീഷ് പഠിച്ചതും വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചതും തനിക്കെതിരായി ആരോപിക്കപ്പെട്ട കുറ്റമാണ്' പെൺകുട്ടി പറയുന്നു.
ശിരോവസ്ത്രം ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തുപോകില്ലെന്ന് എഴുതി ഒപ്പിട്ട് നൽകിയാണ് പെൺകുട്ടിയെ താലിബാൻ മോചിപ്പിച്ചത്. മകളെ ഇംഗ്ലീഷ് കോഴ്സ് പഠിപ്പിച്ചതിന് അച്ഛനെ ക്രൂരമായാണ് മർദ്ദിച്ചത്. ഇനി പഠിക്കാനുള്ള ധൈര്യം തനിക്കില്ലെന്ന് പെൺകുട്ടി ഗാർഡിയൻ ദിനപത്രത്തിനോട് വെളിപ്പെടുത്തി.
സ്ത്രീകൾ കണ്ണുകൾ മാത്രം പുറത്തുകാണിക്കണം
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതിനുശേഷം, വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങൾ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം താലിബാൻ കൂടുതൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ തല മുതൽ കാൽ വരെ മൂടണം, കണ്ണുകൾ മാത്രമേ കാണിക്കാവൂ എന്നാണ് അവരുടെ വെളിപ്പെടുത്തൽ.
ഇതിൽ ഒരു പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെയാണ്. '2021ൽ താലിബാൻ അധികാരമേറ്റപ്പോൾ എന്നെ സ്കൂളിൽ നിന്ന് വിലക്കിയിരുന്നു. ഇപ്പോൾ എനിക്ക് എന്റെ സ്വകാര്യ ക്ലാസുകളിൽ പോലും പോകാൻ കഴിയില്ല. വീട്ടിൽ നിൽക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതല്ലാതെ എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഇനി ചിന്തിക്കാൻ കഴിയില്ല.''- അവൾ പറഞ്ഞു. താലിബാൻ പൊലീസ് അറസ്റ്റുചെയ്ത ഒരു കുട്ടിയുടെ അനുഭവം ഇങ്ങനെ. 'രണ്ട് രാവും പകലും അവർ ഞങ്ങളെ തടങ്കലിൽ പാർപ്പിച്ചൂ. ഇംഗ്ലീഷ് പഠിച്ചതിനും വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചതിനും താലിബാൻ തങ്ങളെ അവിശ്വാസികളെന്ന് ആവർത്തിച്ച് വിളിച്ചു. നിർബന്ധിത ശിരോവസ്ത്രമില്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കുന്ന രേഖയിൽ ഒപ്പുവെച്ചതിന് ശേഷമാണ് വിട്ടയച്ചത്. ഇംഗ്ലീഷ് ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.''
എന്നാൽ സദ്ഗുണ പ്രചാരത്തിനുള്ള പരിശീലനമാണ് ഇതെന്നാണ് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് ഗാർഡിയന് നൽകിയ ശബ്ദ സന്ദേശത്തിൽ പറയുന്നു. തൽഫലമായി, അവരെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി ജാമ്യത്തിൽ വിട്ടയച്ചു,' അത്തരം അറസ്റ്റുകൾ 'സാധാരണ രീതിയല്ല' എന്നും അദ്ദേഹം പറഞ്ഞു.
അഫ്്ഗാനികളെ സ്ത്രീകളെക്കുറിച്ച് ആശങ്ക ഉയർന്നതോടെ, താലിബാനുമായി ഇടപഴകാൻ യുഎൻ സുരക്ഷാ കൗൺസിൽ പ്രത്യേക ദൂതനോട്, ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയിലെ ഗവേഷകയായ ഫെറേഷ്ത അബ്ബാസിയും സംഭവത്തിൽ പ്രതിഷേധിക്കുന്നു. -'അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അറസ്റ്റുകൾ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള കൂടുതൽ അടിച്ചമർത്തലാണ്. ഇപ്പോഴും ജോലി ചെയ്യുന്ന അപൂർവം സ്ത്രീകൾക്ക് പോലും ഇതുമൂലം ഭീഷണിയും സമ്മർദ്ദവും ഉണ്ടാവും. ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, , അവർ പഴയതുപോലെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടില്ല.'' അതേസമയം താലിബാൻ അവട്ടെ, എങ്ങനെ ഹിജാബ് ധരിക്കണമെന്ന് അടക്കമുള്ള കാര്യങ്ങൾ, ആവർത്തിച്ച് ബോധവത്ക്കരിക്കാൻ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ