- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ ഉപദേശം, സാധാരണക്കാരന് തടവും ചാട്ടയടിയും; സ്ത്രീകള്‍ പാടിയാലും ഉറക്കെ വായിച്ചാലും ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ കണ്ടാലും ജയില്‍; ഇസ്ലാം വിട്ടവന് വധശിക്ഷ; കുട്ടികളെ തല്ലാം; താലിബാന്‍ നിയമങ്ങള്‍ ഞെട്ടിപ്പിക്കുമ്പോള്‍!
താലിബാന്‍ നിയമങ്ങള്‍ ഞെട്ടിപ്പിക്കുമ്പോള്‍!

പട്ടിണി കാരണം ജനം അവയവങ്ങള്‍ വില്‍ക്കുന്ന രാജ്യമാണ് താലിബാന്‍ ഭിക്കുന്ന അഫ്ഗാനിസ്ഥാന്‍. ഒരുകാലത്ത് സംസ്‌ക്കാരസമ്പന്നമായ ഈ നാട് താലിബാന്‍ ഭരണത്തില്‍ ഭൂമിയിലെ നരകമായി മാറി. മതവ്യാഖ്യാനം നടപ്പാക്കുക എന്നതിലപ്പുറത്തേക്ക് ഭരണപരമായ ഒരു തീരുമാനവും എടുക്കാന്‍ കഴിയാത്ത അശക്തമായ ഒരു ഭരണകൂടമായി താലിബാന്റെ രണ്ടാം അഫ്ഗാന്‍ സര്‍ക്കാര്‍ മാറുകയാണ്. അധികാരം പിടിച്ചെടുത്ത് നാലര വര്‍ഷം പിന്നിടുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും ഹനിക്കുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കിയിരിക്കയാണ് താലിബാന്‍ ഭരണകൂടം. സ്ത്രീകളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള അതിക്രൂരമായ ശിക്ഷാവിധികളാണ് പുതിയ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
താലിബാന്റെ പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. താലിബാന്‍ പരമാധികാരി ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പുവെച്ച ഈ പുതിയ നിയമം നീതിനിര്‍വ്വഹണ രംഗത്ത് കടുത്ത വിവേചനത്തിന് വഴിതുറക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. താലിബാന്‍ പുതിയ ക്രമിനല്‍ നിയമത്തിന്റെ വിശദാംശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
പൗരന്‍മാരില്‍ അടിമകളും സ്വതന്ത്രരും
പുതിയ നിയമത്തിലെ ഒമ്പതാം അനുച്ഛേദം അനുസരിച്ച് അഫ്ഗാന്‍ സമൂഹത്തെ നാലായി വിഭജിച്ചിരിക്കുന്നു. മതപണ്ഡിതര്‍ (ഉലമകള്‍/ മുല്ലകള്‍), ഉന്നത കുലീനര്‍, (അഷറഫ്) മധ്യവര്‍ഗ്ഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഈ തരംതിരിക്കല്‍ അനുസരിച്ച്, ഒരേ കുറ്റകൃത്യത്തിന് പ്രതിയുടെ സാമൂഹിക പദവി നോക്കിയായിരിക്കും ശിക്ഷ വിധിക്കുക. ഉദാഹരണത്തിന്, ഒരു മതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ അയാള്‍ക്ക് വെറും 'ഉപദേശം' നല്‍കി വിട്ടയക്കാം. എന്നാല്‍ സാധാരണക്കാരനോ പാവപ്പെട്ടവനോ ആയ ഒരാളാണ് അതേ കുറ്റം ചെയ്യുന്നതെങ്കില്‍ തടവും ചാട്ടവാറടിയും ഉള്‍പ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും.
മതപണ്ഡിതരെ നിയമത്തിന് മുകളിലുള്ള വിഭാഗമായി ഇവരെ കണക്കാക്കുന്നു. ഇവരെ ശിക്ഷിക്കാന്‍ പോലും വകുപ്പില്ല. ഉന്നത കുലീനര്‍ എന്ന വിഭാഗത്തിലാണ്. ഗോത്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഈ വിഭാഗത്തില്‍ വരുന്നു. ഇവരെ കോടതിയില്‍ വിളിച്ചുവരുത്തി ഉപദേശിക്കുകയാണ് പതിവ്, ജയില്‍ ശിക്ഷയില്‍ നിന്ന് ഇവര്‍ക്ക് വലിയ പരിരക്ഷയുണ്ട്. മധ്യവര്‍ഗത്തിനും സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാം. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും താഴന്ന വിഭാഗത്തിലാണ്.
പുതിയ നിയമത്തില്‍ 'ഗുലാമി' അഥവാ അടിമത്തം എന്ന പദവിക്ക് താലിബാന്‍ നിയമസാധുത നല്‍കിയിട്ടുണ്ട്. നിയമത്തിലെ വിവിധ വകുപ്പുകളില്‍ 'സ്വതന്ത്രന്‍', 'അടിമ' എന്നീ പദങ്ങള്‍ ആവര്‍ത്തിച്ചു ഉപയോഗിച്ചിരിക്കുന്നു. കുറ്റവാളി സ്വതന്ത്രനാണോ അടിമയാണോ എന്ന് നോക്കി ശിക്ഷ നിശ്ചയിക്കാമെന്ന് ഇതില്‍ പറയുന്നു.ഭര്‍ത്താവിനും യജമാനനുംതങ്ങളുടെ കീഴിലുള്ളവരെ ശിക്ഷിക്കാന്‍ നിയമപരമായ അധികാരം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.നിയമപ്രകാരം നിശ്ചയിച്ചിട്ടില്ലാത്ത തഅ്‌സീര്‍ ശിക്ഷകള്‍ നടപ്പിലാക്കുമ്പോള്‍ വ്യക്തി സ്വതന്ത്രനാണോ അടിമയാണോ എന്നത് പരിഗണിക്കും.
സ്ത്രീകള്‍ ഉറക്കെ വായിക്കാന്‍ പാടില്ല
താലിബാന്റെ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമംഅഫ്ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നിയമവിധേയമാക്കുന്ന രീതിയിലാണ് പല വകുപ്പുകളും വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4 പ്രകാരം, തങ്ങളുടെ കീഴിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശിക്ഷ നല്‍കാന്‍ ഭര്‍ത്താവിനും യജമാനനും അധികാരം നല്‍കുന്നു. ഇത് ഗാര്‍ഹിക പീഡനത്തെ ഒരു കുടുംബപരമായ അവകാശമായി മാറ്റം. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ത്രീകളെ ജയിലിലടയ്ക്കാന്‍ നിയമം അനുവദിക്കുന്നു. സ്ത്രീകളുടെ ശബ്ദം പൊതുസ്ഥലത്ത് കേള്‍ക്കാന്‍ പാടില്ലെന്നും, അവര്‍ പാടാനോ ഉറക്കെ വായിക്കാനോ പാടില്ലെന്നും നിയമം കര്‍ശനമാക്കുന്നു. ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന ഭര്‍ത്താവിന് വെറും 15 ദിവസത്തെ തടവ് ശിക്ഷ മാത്രമേ പുതിയ നിയമം അനുശാസിക്കന്നുള്ളൂ.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ വിലക്കില്ല.10 വയസ്സുള്ള കുട്ടി പ്രാര്‍ത്ഥനയില്‍ വീഴ്ച വരുത്തിയാല്‍ അവനെ ശിക്ഷിക്കാന്‍ അച്ഛന് നിയമപരമായ അധികാരം പുതിയ നിയമം നല്‍കുന്നു. അസ്ഥികള്‍ ഒടിയുകയോ ചര്‍മ്മം കീറുകയും ചെയ്യുന്ന തരത്തിലുള്ള പരിക്കുകള്‍ ഉണ്ടാക്കുന്ന അതിക്രമങ്ങള്‍ മാത്രമേ കുറ്റകൃത്യമായി കണക്കാക്കൂ . മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ക്കെതിരെ വ്യക്തമായ സംരക്ഷണം നിയമത്തിലില്ല. ഭരണകൂടത്തിന് എതിരെ നില്‍ക്കുന്നവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ സാക്ഷികള്‍ക്കും വിവരമറിയിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാം . ഇത് അയല്‍ക്കാര്‍ക്കിടയില്‍ പോലും ഭയവും അവിശ്വാസവും വളര്‍ത്തുന്നു.
കോടതിയെ അട്ടിമറിക്കുന്നു
താലിബാന്റെ പുതിയ ക്രിമിനല്‍ നിയമം (2026) അനുസരിച്ചുള്ള നീതിനിര്‍വ്വഹണം അന്താരാഷ്ട്ര നിയമങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ നിയമപ്രകാരം പ്രതികള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെങ്കിലും, പ്രൊഫഷണല്‍ അഭിഭാഷകരെ നിയമിക്കാനുള്ള അനുമതി നല്‍കുന്നില്ല. പ്രതികള്‍ക്ക് മൗനം പാലിക്കാനും അവകാശമില്ല ഇത് കുറ്റസമ്മതം നടത്താന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു.
തെളിവുകളേക്കാള്‍ ഉപരിയായി പ്രതിയുടെ കുറ്റസമ്മതത്തിനാണ് കോടതികള്‍ മുന്‍ഗണന നല്‍കുന്നത്. പീഡനത്തിലൂടെയോ ഭീഷണിയിലൂടെയോ നേടുന്ന കുറ്റസമ്മത മൊഴികള്‍ പോലും ശിക്ഷാ നടപടികള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.സ്ത്രീകളുടെ സാക്ഷ്യം പുരുഷന്മാരുടേതിന് തുല്യമായി പരിഗണിക്കില്ല. മുസ്ലീങ്ങള്‍ പ്രതികളായ കേസുകളില്‍ മുസ്ലീങ്ങളല്ലാത്തവരുടെ സാക്ഷ്യം അസാധുവാണ്.
ഇതെല്ലാം പ്രാബല്യത്തില്‍ വരുമ്പോള്‍ ഫലത്തില്‍ കോടതിപോലും അപ്രസക്തമാവും. താലിബാന്‍ സുപ്രീം ലീഡര്‍ ഹൈബത്തുള്ള അഖുന്‍സാദ നിയമിക്കുന്ന പ്രത്യേക കൗണ്‍സിലിനാണ് മേല്‍ക്കോടതിയുടെ റോള്‍. അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഇവര്‍ക്കാണ്. വിചാരണകള്‍ പലപ്പോഴും അടച്ചിട്ട മുറികളിലായിരിക്കും നടക്കുക. ഈ രീതിയിലുള്ള നീതിനിര്‍വ്വഹണം അഫ്ഗാനിസ്ഥാനിലെ ജുഡീഷ്യറിയെ പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണെന്നാണ് വിമര്‍ശനം.
വിധി വന്ന് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ (സാധാരണയായി 20 മുതല്‍ 30 ദിവസത്തിനുള്ളില്‍) പ്രതിക്ക് അപ്പീല്‍ നല്‍കാം. എന്നാല്‍, മുകളില്‍ പറഞ്ഞതുപോലെ പ്രൊഫഷണല്‍ അഭിഭാഷകരുടെ സഹായം ലഭ്യമല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അപ്പീല്‍ നടപടികള്‍ സ്വയം പൂര്‍ത്തിയാക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. അപ്പീല്‍ നടപടികളിലും ജനങ്ങളെ വിഭജിച്ചിട്ടുള്ള നാല് തട്ടുകള്‍ വലിയ സ്വാധീനം ചെലുത്തുന്നു. മതപണ്ഡിതര്‍ക്കോ (പ്രമാണിമാര്‍ക്കോ ലഭിക്കുന്ന ഇളവുകള്‍ താഴേത്തട്ടിലുള്ളവര്‍ക്ക് അപ്പീല്‍ കോടതിയില്‍ നിന്ന് ലഭിക്കാറില്ല.
അഫ്ഗാനിസ്ഥാനിലെ അപ്പീല്‍ കോടതികള്‍ക്ക് മുകളില്‍ താലിബാന്റെ സുപ്രീം കോടതിയാണുള്ളത്. കടുത്ത ശിക്ഷകള്‍ (വധശിക്ഷ, അവയവം മുറിക്കല്‍ തുടങ്ങിയവ) നടപ്പിലാക്കുന്നതിന് മുന്‍പ് താലിബാന്‍ സുപ്രീം ലീഡറായ ഹൈബത്തുള്ള അഖുന്‍സാദയുടെ അന്തിമ അനുമതി നിര്‍ബന്ധമാണ്. സുപ്രീം ലീഡറുടെ തീരുമാനം ചോദ്യം ചെയ്യാന്‍ പിന്നീട് ഒരിടത്തും സാധ്യമല്ല. അപ്പീല്‍ ഘട്ടത്തില്‍ പുതിയ സാക്ഷികളെ കൊണ്ടുവരുന്നത് കടുപ്പമേറിയ കാര്യമാണ്. ഭരണകൂടത്തിന് എതിരെ സാക്ഷ്യം പറയുന്നവര്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആരും സാക്ഷി പറയാന്‍ മുന്നോട്ട് വരാത്ത അവസ്ഥയുണ്ട്. സ്ത്രീകള്‍ക്ക് അപ്പീല്‍ നല്‍കണമെങ്കില്‍ ഒരു പുരുഷ സംരക്ഷകന്റെ സാന്നിധ്യം പലപ്പോഴും അനിവാര്യമായി വരുന്നു. ഇത് ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് നീതി തേടുന്നതിന് വലിയ തടസ്സമാകുന്നു.
മതം വിട്ടവനെ കൊല്ലുക
താലിബാന്റെ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം'അനുസരിച്ച്, ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷാ രീതികള്‍ കടുത്തതാണ്. മതം ഉപേക്ഷിക്കുന്ന പുരുഷന്മാര്‍ക്ക് വധശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ ഇവര്‍ക്ക് പശ്ചാത്തപിച്ച് മടങ്ങാന്‍ കോടതി മൂന്ന് ദിവസത്തെ സമയം അനുവദിക്കും. പ്രകാരം ഇതില്‍ മാറ്റമില്ലെങ്കില്‍ ശിക്ഷ നടപ്പിലാക്കും. മതം വിട്ട സ്ത്രീകള്‍ക്ക് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. തടവില്‍ കഴിയുന്ന സ്ത്രീ പശ്ചാത്തപിച്ച് മതം മാറാന്‍ തയ്യാറാകുന്നതുവരെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും 10 ചമ്മട്ടിയടി വീതം നല്‍കാന്‍ നിയമം അനുശാസിക്കുന്നു. മതനിന്ദാകുറ്റം മറ്റുഅവശേഷിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്കുനേരെയും അവര്‍ എടുത്തുപയോഗിക്കുന്നു.
അവശേഷിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കൊടിയ പീഡനമാണ്. ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ നിര്‍ണ്ണായക സാമ്പത്തിക ശക്തിയായിരുന്നു ഹിന്ദുക്കളും സിഖുകാരും. എണ്‍പതുകളില്‍ ഏതാണ്ട് 2.50 ലക്ഷത്തോളം ഹിന്ദു -സിഖ് ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കാബൂള്‍, കാണ്ഡഹാര്‍, നാഗ്രഹാര്‍, ഹേര്‍മന്ദ് തുടങ്ങി ഇറാന്‍ അതിര്‍ത്തി വരെയുള്ള പ്രവിശ്യകളില്‍ ഇവര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. കച്ചവടത്തില്‍ മുന്നില്‍ നിന്നിരുന്ന സിഖുകാരുടേയും, ഹിന്ദുക്കളുടേയും നല്ല കാലം അസ്തമിച്ചത് 90കളോടെയാണ്. താലിബാന്റെ വരവോടെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി തുടങ്ങി. സിഖ്- ഹിന്ദു കൂട്ടക്കൊലയും ക്രൂരമായ ആക്രമണങ്ങളും പതിവായി. ഇതോടെ 15000 ത്തോളം പേര്‍ മാത്രമായി ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു.
കച്ചവടത്തിലും, ട്രക്ക് - പെട്രോള്‍ വ്യാപാരത്തിലും മുന്‍പന്തിയിലായിരുന്ന സിഖുകാരെ താലിബാന്‍ പ്രത്യേകമായി നോട്ടമിട്ടു. സിഖുകാര്‍ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്ഥരാകണമെന്ന വ്യവസ്ഥയും താലിബാന്‍ മുന്നോട്ടുവച്ചു. റിപ്പോര്‍ട്ടേഴ്സ് ബയോണ്ട് ബോര്‍ഡേഴസ് എന്ന സംഘടനയും ബി.ബി.സിയുമൊക്കെ ഇത് പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജി കമ്മീഷന്റെ റിപ്പോര്‍ട്ട് വായിച്ചാല്‍ സത്യത്തില്‍ ആരും പേടിച്ചുപോവും. കാരണം സമാനതകളില്ലാത്ത ക്രൂരയാണ് താലിബാന്‍ ഈ രാജ്യങ്ങളില്‍ ന്യുനപക്ഷങ്ങളോട് നടത്തിയത്.
ന്യൂനപക്ഷങ്ങളുടെ ഭൂമിയും, വസ്തുക്കളും കൊള്ളയടിക്കുന്നത് ഒന്നാം താലിബാന്‍ ഭരണകാലത്ത് പതിവായിരുന്നു. ഹിന്ദു - സിഖ് കുട്ടികള്‍ക്ക് വിദ്യഭ്യാസം പോലും നല്‍കാന്‍ കഴിയുന്നില്ല . സ്‌കൂളുകളില്‍ ക്രൂരമായ പീഡനങ്ങള്‍ മൂലം പലരും കുട്ടികളെ ഡല്‍ഹിയിലും ,പഞ്ചാബിലുമാണ് പഠിപ്പിക്കുന്നത്. ഡ്രൈ ഫ്രൂട്ട് കച്ചവടത്തിന്റെ കുത്തകയുണ്ടായിരുന്ന സിഖുകാരെ തളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങളാണ് നടന്നത്. സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്. അനാഥരാക്കിയതിനു ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ പതിവായപ്പോള്‍ ബഹുഭൂരിപക്ഷം പേരും അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കും മറ്റും ഓടിപ്പോയി തുടങ്ങി.
മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാന്‍ അനുവദിക്കാത്ത സാഹചര്യം അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ ഉറുദുവില്‍ ചൊല്ലണമെന്ന നിബന്ധനയും നിലനില്‍ക്കുന്നു. സംസ്‌കൃതവും ഹിന്ദിയും അടക്കമുള്ള ഒരു ഭാഷയും ആരാധനാലയങ്ങില്‍പോലും അനുവദിക്കില്ല. മത വിശ്വാസങ്ങളില്‍ കര്‍ക്കശ നിയന്ത്രണങ്ങളുണ്ട്. പത്ത് ആരാധനാലയങ്ങള്‍ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സ്വന്തമായുള്ളത്.മത പീഡനം സഹിക്കാന്‍ വയ്യാതെ മിക്കവരും പലായനം ചെയ്തു തുടങ്ങിയതോടെ അമ്പലങ്ങളും ഗുരുദ്വാരകളും നശിച്ചു തുടങ്ങി. ഇനി പുതിയ നിയമങ്ങള്‍വരുന്നതോടെ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളുടെയും പുക കാണുമെന്ന് ഉറപ്പാണ്.


