ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്. 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു എം കെ ബാലു എംപി പ്രധാനമന്ത്രിയെയും കാണാൻ സാധ്യതയുണ്ട്.

മൊത്തം നാശനഷ്ടം വിലയിരുത്തുന്നതിനുള്ള സർവേ നടക്കുന്നതിനാൽ വിശദമായ റിപ്പോർട്ട് പിന്നീട് തയ്യാറാക്കുകയും അധിക ഫണ്ട് ആവശ്യപ്പെടുകയും ചെയ്യുമെന്നും സർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു. 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

വടക്കൻ ജില്ലകളായ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിനെത്തുടർന്ന് അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ല വിശദാംശങ്ങൾ സ്റ്റാലിൻ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റും തുടർന്നുണ്ടായ അതിശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടും ആളുകളെ വിവിധ തരത്തിൽ ബാധിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെയും സാരമായി ബാധിച്ചു. മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിൽ എത്തിയതോടെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബാപ്ത്‌ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് ആന്ധ്രാപ്രദേശിൽ സ്വീകരിച്ചിട്ടുള്ളത്. പതിനായിരത്തോളം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.