മലപ്പുറം: താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ മരിച്ച താനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ .സബറുദ്ദീന്റെ പേരിൽ എറണാകുളം കെ.പി.എച്ച്സി .എസിഇൽ ഉണ്ടായിരുന്ന ഹൗസിങ്ങ് ലോൺ ബാധ്യത എഴുതിത്ത്ത്തള്ളി. 15ലക്ഷമാണ് ഇവിടെ നിന്നും സബറുദ്ദീൻ ലോൺ എടുത്തിരുന്നത്. അദ്ദേഹം 1,25,000 രൂപ ഇതിനോടകം അടച്ചിട്ടുണ്ട്. ബാക്കി വരുന്ന 13,75,000 രൂപയാണ് സൊസൈറ്റി എഴുതിത്ത്ത്തള്ളിയത്.

അപകടമരണം സംഭവിക്കുന്നവർക്ക് ലഭിക്കുന്ന 20 ലക്ഷം രൂപ, സീപാസ് പദ്ധതി പ്രകാരം ലഭിക്കുന്ന 5 ലക്ഷം രൂപ എന്നിവ ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും കെ.പി.എച്ച്സി .എസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. റുബീന അറിയിച്ചു.
പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി സബറുദ്ധീൻ മരിച്ചത് ഡ്യൂട്ടിക്കിടിയിലാണെന്നാണ് വിവരം. അദ്ദേഹം കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ബോട്ടിൽ യാത്ര ചെയ്തത്.

താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും മലപ്പുറം എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗവുമായിരുന്നു സബറുദ്ദീൻ. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തൂവൽത്തീരത്ത് എത്തിയത് എന്നാണ് പൊലീസുകാർ നൽകിയ വിവരത്തിൽ നിന്ന് വ്യക്തമാകുന്നത്. വിജനമായ പ്രദേശമായതു കൊണ്ടു തന്നെ മയക്കുമരുന്ന് ഉപയോഗവും മറ്റും വ്യാപകമാണ്. അത് പരിശോധിക്കാൻ അദ്ദേഹം ബോട്ടു മാർഗം അക്കരെ കടക്കാനുള്ള യാത്രയിലായിരുന്നിരിക്കാം എന്നാണ് നിഗമനം.

അപകടത്തിൽപ്പെട്ട ബോട്ടിലെ ജീവനക്കാർ ലഹരിയും മറ്റും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകാം അദ്ദേഹം ബോട്ടിൽ കയറിയത് എന്ന സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. കേരള പൊലീസിന്റെ അഭിമാനമായിരുന്ന സബറുദ്ദീൻ മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്. അത്തരത്തിലൊരു അനുഭവം പൊലീസ് ഉദ്യോഗസ്ഥർ തന്നെ പങ്കുവെച്ചു. താനൂർ ബീച്ച് റോഡിലെ മിൽമ ബൂത്തിൽനിന്ന് സ്‌കൂട്ടർ കവർന്ന മോഷ്ടാവിനെ തേടി ദിവസങ്ങളായിരുന്നു അന്ന് പൊലീസ് ഉദ്യോഗസ്ഥർ അലഞ്ഞത്. താനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കൂടിയാണ് സ്‌കൂട്ടർ കവർന്ന് മോഷ്ടാവ് കടന്നതെന്ന സി.സി.ടി.വി. ദൃശ്യം കൂടി വന്നതോടെ പൊലീസുകാരുടെ ഉറക്കം പോയി. മാസ്‌ക് ധരിച്ചിരുന്നതിനാൽ പ്രതിയുടെ മുഖവും വ്യക്തമായിരുന്നില്ല.

ഒടുവിൽ സബറുദ്ദീനും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സലേഷുമാണ് എട്ടാം നാൾ പതിനഞ്ചുകാരൻ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാൻ വൈകുന്നതിനിടെ, മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ മുടി വെട്ടാതെ ഇറങ്ങുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാതെ ഇനി മുടി വെട്ടില്ലെന്നും സഹപ്രവർത്തകരോടു പറഞ്ഞു. ദിവസങ്ങൾക്കു ശേഷം പ്രതിയെ പിടികൂടിയതിനു ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞതും കൃത്യനിർവഹണത്തിനിടെയായണെന്നത് കൂടുതൽ നൊമ്പരമാവുകയാണ്.

സംഭവ ദിവസം വൈകുന്നേരത്തോടെ ഒരു കേസിലെ പ്രതിയുടെ ലൊക്കേഷൻ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലിൽ എത്തിയ ഇദ്ധേഹം 6.30 ഓടെ തൂവൽ തീരത്ത് എത്തി പ്രതിക്കായി ബോട്ടിൽ കയറുകയായിരുന്നുവെന്നു ചില നാട്ടുകാർ പറയുന്നു. കൂടെയുള്ള പൊലീസുകാരനെ കരയിൽ നിർത്തിയാണ് ബോട്ടിൽ ഇദ്ദേഹം കയറിയത്.

ആദ്യം ബോട്ടിന്റെ മുകൾ നിലയിലും പിന്നീട് താഴത്തേക്കും ഇറങ്ങിയതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നു. എല്ലാവരോടും സുപരിചിതനും, സ്‌നേഹത്തോടും പെരുമാറിയിരുന്ന ഇദ്ദേഹത്തിനെ അവസാനം ഒരു നോക്ക് കാണാൻ നിരവധി പേരാണ് ഒഴുകിയെത്തിത്. മൂന്ന് കുട്ടികളുള്ള സബറുവിന്റെ മൂന്നാമത്തെ കുട്ടിക്ക് 28 ദിവസം മാത്രമെ പ്രായമുള്ളൂ. ഈയടുത്തകാലങ്ങളിലായി നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്തി പിടികൂടുന്നതിൽ പ്രശസ്തി നേടിയിട്ടുണ്ട്. രാത്രിയിൽ അപകടത്തിൽ പെട്ട ബോട്ട് ഉയർത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്.