- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ പൂരപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സിദ്ദിഖും മക്കളും പോയത് ബൈക്കിൽ; ജെട്ടിക്ക് സമീപം ബൈക്ക് നിർത്തി ബോട്ട് സവാരിക്ക് കയറിയത് അവസാന യാത്രയായി; ദുരന്തത്തിന്റെ രണ്ടാം ദിവസം ബൈക്ക് കണ്ടവരേറെ; മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് വാഹനം എടുക്കാൻ ചെന്നപ്പോൾ കളവ് പോയി; പരാതിയുമായി ഭാര്യ; അപകടസ്ഥലത്തും ക്രൂരത
മലപ്പുറം: താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ മരിച്ച ഓലപീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ ബൈക്കും കളവു പോയി. അപകട ദിവസം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് മക്കളായ ഫാത്തിമ മിൻഹ, ഫൈസാൻ എന്നിവരോടൊന്നിച്ച് സ്വന്തം ബൈക്കിലാണ് പോയത്. ജെട്ടിക്ക് സമീപം ബൈക്ക് നിറുത്തിയിട്ടാണ് ബോട്ടിൽ മൂവരും കയറിയത്. ദുരന്തത്തിന് ശേഷം രണ്ടാം ദിവസം വാഹനം ഇവിടെ കണ്ടവരുണ്ടായിരുന്നു. വീട്ടിലെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മൂന്നാം ദിവസം ബൈക്ക് എടുക്കാൻ ബന്ധുക്കൾ തീരത്ത് എത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞത്. ഭാര്യ മുനീറ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിയും നൽകി.
ഇന്നുനാലുപേർ കൂടി പിടിയിൽ
അതേസമയം, താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായവർ ഒമ്പതായി. ഇന്നു നാലുപേർ കൂടി കസ്റ്റഡിയിലായി. ബോട്ട് ജീവനക്കാരായ എളാരം കടപ്പുറം സ്വദേശി വടക്കയിൽ സവാദ് (41), ബോട്ടിന്റെ മാനേജർ താനൂർ സ്വദേശി മലയിൽ അനിൽകുമാർ (48), യാത്രാടിക്കറ്റ് നൽകുന്ന താനൂർ സ്വദേശി കൈതവളപ്പിൽ ശ്യാംകുമാർ (35), ബോട്ടിൽ ആളെ വിളിച്ചുകയറ്റുന്ന ജീവനക്കാരൻ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കൽ ബിലാൽ(32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ബോട്ടുടമ നാസറിനെ രക്ഷപ്പെടാൻ സഹായിച്ച മറ്റ് മൂന്ന് പേരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു ഇതോടെ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
20 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായത്. ബോട്ട് പുറപ്പെട്ടയുടനെ എൻജിൻ ഭാഗത്ത് തീ വരികയും ഡീസൽ പൈപ്പിന്റെ ചോർച്ച കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇത് താൽകാലികമായി പരിഹരിച്ച് യാത്ര തുടരുകയായിരുന്നുവെന്നും ബോട്ടിന്റെ മുകൾത്തട്ടിൽ ആളുകൾ കയറിയതാണ് ബാലൻസ് തെറ്റി മറിയാനിടയാക്കിയതെന്നുമാണ് ഡ്രൈവർ ദിനേശൻ മൊഴി നൽകിയിട്ടുള്ളത്. ഇയാൾക്ക് നിലവിൽ സ്രാങ്ക് ലൈസൻസില്ലെന്നുമാണറിയുന്നത്.
താനൂർ ബോട്ടപകടത്തിൽ പുത്തൻ കടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ന (13), സഫ്ല ഷെറിൻ( 10 മാസം), സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27), മക്കളായ ഷഹ്റ ( 8), റുഷ്ദ (7), നൈറ (8), ഇവരുടെ ബന്ധു ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്റെ ഭാര്യ ജൽസിയ ( 42), മകൻ ജരീർ (12), ചെട്ടിപ്പടി വെട്ടികുത്തി സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബീവി (38), മക്കളായ ആദില ഷെറി (15), അദ്നാൻ (10), ഹർഷാൻ (3), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരത്തെ കോക്കാട് അബ്ദുൽ നവാസിന്റെ മകൻ അൻഷിദ് (12), നവാസിന്റെ സഹോദരൻ വാസിമിന്റെ മകൻ അഫ്ലഹ് (7) താനൂർ ഓലപ്പീടികകാട്ടിൽ പീടിയേക്കൽ സിദ്ദിഖ്(41), മക്കളായ ഫാത്തിമ മിൻഹ(12), ഫൈസാൻ(3) മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി ചിറമംഗലം സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചത്.
ജുഡീഷ്യൽ കമ്മീഷൻ സ്ഥലം സന്ദർശിച്ചു
ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി നിയോഗിച്ച റിട്ട: ഹൈക്കോടതി ജസ്റ്റിസ് വി കെ മോഹനൻ ദുരന്ത സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചിരുന്നത്
റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് വികെ മോഹനൻ അടക്കമുള്ള മൂന്നുപേരാകും അപകടം അന്വേഷിക്കുക.
രാവിലെ താനൂരിലെത്തിയ വി കെ മോഹനൻ ഉച്ചയോടെയാണ് അപകടം നടന്ന പൂരപ്പുഴയുടെ തീരത്തെത്തിയത്. ബോട്ട് വിശദമായി പരിശോധിച്ചു. തിരൂർ ഡിവൈഎസ്‌പി ബെന്നിയും സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സർക്കാർ ഉത്തരവ് ഇറങ്ങിയതിന് ശേഷം കമ്മീഷൻ അംഗങ്ങൾ യോഗം ചേരുമെന്നും സാങ്കേതിക വിദഗ്ധരുടെയും, നിയമ വിദഗ്ധരുടെയും സഹായം ആവശ്യമെങ്കിൽ തേടുമെന്നും ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ബോട്ട് ഫോറൻസിക് വിദഗ്ധരും വിശദമായി പരിശോധിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്