- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സാറെ എന്റെ കുട്ടികൾ എല്ലാരുംപോയി': കേന്ദ്ര മന്ത്രി വി.മുരളീധരന് മുന്നിൽ പൊട്ടിക്കരഞ്ഞ് റുഖിയ; താനൂർ ബോട്ടപകടത്തിൽ 11 പേർ മരിച്ച കുടുംബത്തിലെ ഉമ്മയുടെ ഇരുതോളും പിടിച്ച് കൂടെയുണ്ടെന്നും ഒറ്റപ്പെടില്ലെന്നും ആശ്വാസവാക്ക്; എല്ലാം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുരളീധരൻ
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ കുടുംബത്തിലെ 11പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ സെയ്തലവിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അപകടത്തിൽ എട്ടു പേരമക്കളും, മൂന്നു മരുമക്കളും നഷ്ടമായ റുഖിയ മന്ത്രിക്കു പിന്നിൽ നിയന്ത്രണം വിട്ടുപൊട്ടിക്കരഞ്ഞു. 'സാറെ എന്റെ കുട്ടികൾ എല്ലാരും പോയി' എന്നുപൊട്ടിക്കരഞ്ഞു പറഞ്ഞ റുഖിയയുടെ ഇരുതോളുകളും പിടിച്ച് ഒറ്റപ്പെടില്ലെന്നും ഞങ്ങളുണ്ട് കൂടെയെന്നും മുരളീധരൻ ഉറപ്പു നൽകി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും മന്ത്രി ഉറപ്പു നൽകി. ഇന്നു രാവിലെയാണു മന്ത്രി ഇവരുടെ വീട്ടിലെത്തിയത്.
രാവിലെ എട്ടുമണിയോടെ താനൂർ പൂരപ്പുഴയിലെ പരിയാപുരം കരയും അപകടം നടന്ന ബോട്ടും സന്ദർശിച്ച ശേഷമാണു റുഖിയയുടെ വീട്ടിലെത്തിയത്. താനൂരിലെ ബോട്ട് ദുരന്തത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 11പേരിൽ ഒമ്പതുപേരും കുന്നുമ്മൽ സെയ്തലവിയുടെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടാണ് മന്ത്രി സന്ദർശിച്ചത്. വീടിന്റെ ഓടുകളെല്ലാം ഇളകി പായ കൊണ്ടു കെട്ടിവലിച്ചുണ്ടാക്കിയ വീട്ടിലാണു കുടുംബം കഴിയുന്നത്. കടപ്പുറത്തോട് അടുത്താണെങ്കിലും തൊട്ടപ്പുറത്തൊന്നും ഇത്തരത്തിൽ ശോചനീയാവസ്ഥയിലുള്ള വീടുകളില്ല.
മരണപ്പെട്ട പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സൈയ്തലവിയുടെസഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. സെയ്തലവി ഏറെ നാളത്തെ സ്വപ്നങ്ങളുടെ ഭാഗമായി വീടിന്റെ മൂൻവശത്തായി പുതിയ വീടു പണിയാൻ അടിത്തറ പാകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ സാമ്പത്തിക പ്രയാസം മൂലം വീടുപണി നീണ്ടുപോകുകയായിരുന്നു. സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും നിയമതടസങ്ങൾ പറഞ്ഞ് ലഭിച്ചില്ലെന്നും വീട്ടുകാർ പറയുന്നു. സൈതലവിയുടെ ബന്ധുക്കളായ ജാബിറിന്റെ ഭാര്യ ജൽസിയ (45), ജരീർ (12), എന്നിവരും മരണപ്പെട്ടിട്ടുണ്ട്.
ഈ കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ മാത്രമാണു രക്ഷപ്പെട്ടത്. പരപ്പനങ്ങാടി അരയൻ കടപ്പുറം ജുമാ മസ്ജിദിലാണ് കൂടുംബത്തിലുള്ളവർക്ക് അന്ത്യവിശ്രമമൊരുക്കിയത്. അതേ സമയം ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പണം ഉണ്ടാക്കാൻ മാത്രം ഉദ്ദേശിച്ച് തട്ടിക്കൂട്ട് പദ്ധതികൾ നടപ്പിലാക്കും മുമ്പ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ച് വകുപ്പു മന്ത്രി മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വിഷയത്തോട് പ്രതികരിച്ചു. ആളുകളെ കുത്തിനിറച്ച് നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന വിവരം നാട്ടുകാർ മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞിട്ടും എന്തുകൊണ്ട് ഇക്കാര്യം അവഗണിച്ചു എന്നതിന് മന്ത്രി റിയാസും അബ്ദുറഹ്‌മാനും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകവും താനൂർ ബോട്ടപകടവും ഇത്തരം സംഭവങ്ങളുടെ ആവർത്തനവും പിണറായി ഭരണത്തിൽ ആർക്കും എന്ത് തോന്ന്യാസവും ചെയ്യാം എന്ന അരാജകത്വമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.എ മജീദ് എംഎൽഎ, ബിജെപി. മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, സംസ്ഥാന നേതാക്കളായ പി.രഘുനാഥ്, എ.. നാഗേഷ്, ഡോ: രേണു സുരേഷ്, എൻ.പി.രാധാകൃഷ്ണൻ, വി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ - മണ്ഡലം നേതാക്കളായ പി.ആർ.രശ്മിൽ നാഥ്, എം.പ്രേമൻ, പ്രിയേഷ് കാർക്കോളി, ശ്രീരാഗ് മോഹൻ, കെ.സുബിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്