- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 പേർ കയറേണ്ട ബോട്ടിൽ അതിൽ അധികം പേരുണ്ടായിരുന്നു; പുഴയുടെ നടുവിൽ വച്ച് ഇടത്തേക്ക് ചെരിഞ്ഞപ്പോൾ മുകളിലുണ്ടായിരുന്ന ആരൊക്കെയോ വെള്ളത്തിലേക്കു വീണു; പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ പെട്ടെന്നു ബോട്ട് മുങ്ങി; മരിച്ച 22 പേരേയും തിരിച്ചറിഞ്ഞു; താനൂർ ദുരന്തത്തിൽ ഇരകളായവർ ഇവർ
താനൂർ: ആ ബോട്ടിലുണ്ടായിരുന്നത് നാൽപതു പേരിൽ അധികം. ദുരന്തത്തിൽ മരിച്ചത് 22 പേരാണ്. ചികിൽസയിലുള്ളത് 10 പേരും. നിസ്സാര പരിക്കുകളോടെ പത്തോളം പേർ രക്ഷപ്പെട്ടു. ഈ കണക്കിൽ നിന്നാണ് 22 പേർ കയറേണ്ട ബോട്ടിൽ അതിന്റെ ഇരട്ടിയോളം പേരുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. എത്ര പേരുണ്ടായിരുന്നുവെന്നത് ആർക്കും അറിയില്ലെന്നതാണ് ഇപ്പോഴും രക്ഷാപ്രവർത്തനത്തിനുള്ള വെല്ലുവിളി. ആരേയും കാണാതായി എന്നൊരു പരാതി പൊലീസിന് മുന്നിൽ ഇല്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്.
പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയപ്പോൾ ബോട്ട് തലകീഴായ് മറിഞ്ഞതാകാമെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ട ബോട്ടിന് രണ്ടു തട്ടുകളുണ്ട്. ബോട്ട് തലകീഴായ് മറിഞ്ഞതോടെ കുറെപ്പേർ അതിനുള്ളിൽപ്പെട്ടു. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രണ്ടുനില ബോട്ട് ആയിരുന്നു. 40 മുതൽ 50 വരെ ആളുകൾ ഉണ്ടായിരുന്നു. ബോട്ട് ഇടത്തേക്കു ചെരിഞ്ഞു, പുഴയുടെ നടുവിൽ വച്ചായിരുന്നു. ചെരിഞ്ഞപ്പോൾ മുകളിലുണ്ടായിരുന്ന ആരൊക്കെയോ വെള്ളത്തിലേക്കു വീണു. ബാക്കിയുള്ളവർ താഴേക്ക് ഇറങ്ങി. പെട്ടെന്നു ബോട്ട് മുങ്ങി, താണും പൊങ്ങിയും കിടന്നു. ബോട്ടിന്റെ വക്കുകളിൽ പിടിച്ചു കുറേപ്പേർ കിടന്നു. കൂട്ട നിലവിളി ഉയർന്നു. കുട്ടികളെ ചിലർ തോളിൽ എടുത്തുവെച്ച് വെള്ളത്തിനു മുകളിൽ അവരുടെ തല ഉയർന്നുനിൽക്കാൻ ശ്രദ്ധിച്ചിരുന്നു.
മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ഏഴോടെ പുഴയും കടലും ചേരുന്ന ഭാഗത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് അപകടത്തിനുശേഷമുണ്ടായ ഈ ദുരന്തം വിനോദമേഖലയിലെ ക്രൂരമായ അനാസ്ഥയുടെ ആവർത്തനമാണ്. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. വൈകിട്ട് ആറിനു ശേഷം സർവീസ് നടത്താൻ പാടില്ലെന്നിരിക്കേ 6.50ഓടെയാണ് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകളുമായി ബോട്ട് യാത്ര പുറപ്പെട്ടത്. ഭാരം കാരണം ഇടതുവശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് പൂർണമായും തലകീഴായി മുങ്ങി. യാത്രക്കാരിൽ പലർക്കും ലൈഫ് ജാക്കറ്റുമുണ്ടായിരുന്നില്ല.
രണ്ടു നിലകളുള്ള ബോട്ടിൽ മുകളിലുണ്ടായിരുന്നവരെ ഏറെക്കുറെ രക്ഷപെടുത്താനായി. ഗ്ളാസിട്ട താഴേ നിലയിലെ ആളുകളെ രക്ഷപെടുത്തുന്നതിൽ പ്രയാസം നേരിട്ടു. രണ്ടു ഡോറുകളേ ബോട്ടിനുണ്ടായിരുന്നുള്ളൂ. ഏറെ കുട്ടികൾ ബോട്ടിലുണ്ടായിരുന്നത് മരണത്തിന്റെ ഭീകരത കൂടാനിടയാക്കി. മുങ്ങിയ ബോട്ട് ചളിയിൽ തട്ടി നിന്നതിനാലാണ് മുകളിലുണ്ടായിരുന്നവരെ രക്ഷപെടുത്താനായത്. താഴത്തെ നിലയിൽ 25ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ടര മണിക്കൂറോളമെടുത്താണ് ബോട്ടുയർത്തി കരയ്ക്കെത്തിച്ചത്.
അവധി ദിവസമായിരുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ബീച്ചിലെത്തിയിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെളിച്ചമില്ലാതിരുന്നതും ബോട്ട് തലകീഴായി മറിഞ്ഞതും വലിയ പ്രയാസം സൃഷ്ടിച്ചു. അവസാന ട്രിപ്പായതിനാൽ തിരക്കുമൂലം കുട്ടികളുടെ ഉല്ലാസത്തിനായി മുതിർന്നവരും പുരുഷന്മാരും മാറിക്കൊടുക്കുകയായിരുന്നു.
ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. 20 പേർ സഞ്ചരിക്കേണ്ട ബോട്ടിൽ അമ്പതോളംപേർ യാത്രചെയ്തതാണ് അപകടത്തിന് കാരണമായതെന്നു നാട്ടുകാർ പറയുന്നു. നാസർ എന്നയാളുടേതാണ് അപകടത്തിൽപ്പെട്ട ബോട്ട്. ബോട്ടിന് രണ്ടു വാതിൽ മാത്രമുണ്ടായിരുന്നത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. അരമണിക്കൂർ സമയമാണ് ബോട്ട് സവാരിക്ക് അനുമതിയുണ്ടായിരുന്നത്.
150 രൂപ നിരക്കിലാണ്് ഇവിടെ ബോട്ടുസവാരി നടത്തിവരുന്നത്. അഴിമുഖത്തുനിന്നും പൂരപ്പുഴ പാലം ഭാഗത്തേക്കാണ് സർവീസ് നടത്താറുള്ളത്.
മറുനാടന് മലയാളി ബ്യൂറോ