മുംബൈ: സമുദ്രമേഖലയിൽ കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത്തെ പടക്കപ്പലായ താരഗിരി നീരിലിറക്കി. പ്രൊജക്ട് 17 പരമ്പരയിൽ നിർമ്മിച്ച യുദ്ധക്കപ്പൽ മുംബൈയിൽ വച്ചാണ് ലോഞ്ച് ചെയ്തത്. സ്റ്റെൽത്ത് ഫീച്ചറുകളും, നൂതന തദ്ദേശീയ ആയുധങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. സഗോൺ ഡോക്കിൽ നിന്നാണ് കപ്പൽ നാവിക സേനയ്ക്ക് കൈമാറിയത്.

150 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണ് താരാഗിരിക്കുള്ളത്. രണ്ടു ഗ്യാസ് ടർബൈനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് കപ്പിലിന് ഊർജ്ജം പകരുന്നത്. 6670 ടൺ ആകെ ഭാരം വരുന്ന കപ്പൽ 28 നോട്ട്‌സ് വേഗതയിൽ പായാൻ കഴിയുന്ന കപ്പലാണ്. 2020 സെപ്റ്റംബർ 10നാണ് താരാഗിരിയുടെ കീൽ ഇടൽ നടന്നത്. 2025 ഓഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകും എന്ന് ലക്ഷ്യം വെച്ച യുദ്ധക്കപ്പലാണ് മൂന്ന് വർഷം മുൻപ് തന്നെ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. ഇന്ത്യയുടെ സമുദ്രസുരക്ഷയ്ക്ക് ഇരട്ടിബലം നൽകിക്കൊണ്ടാണ് താരാഗിരി പുറത്തിറക്കിയിരക്കുന്നത്.

ഇന്ത്യൻ നാവികസേനയ്ക്കായി ഒന്നിനുപുറകേ ഒന്നായി മികച്ച യുദ്ധകപ്പലുകളാണ് പുറത്തിറങ്ങുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന താരാഗിരിയുടെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നടന്ന നിർമ്മാണ പ്രവർത്തനമാണ്. ഐഎൻഎസ് വിക്രാന്ത് എന്ന കൂറ്റൻ വിമാന വാഹിനി പുറത്തിറക്കിയ ഇന്ത്യ സമുദ്രത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുകയാണ്. ഏറ്റവും മികച്ച യുദ്ധകപ്പലുകളാണ് സമുദ്രസുരക്ഷാ ദൗത്യമേറ്റെടുക്കാൻ പോകുന്നത്.

ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ രൂപകൽപ്പന ചെയ്ത താരാഗിരിക്ക് അവയെ നിമിഷ നേരം കൊണ്ട് ചുട്ടെരിക്കാൻ സാധിക്കും. രണ്ട് 30 എംഎം റാപ്പിഡ് ഫയർ തോക്കുകളും സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടും ഈ പടക്കപ്പലിന്റെ സവിശേഷതയാണ്. തദ്ദേശീയമായി വികസിപ്പിച്ച ട്രിപ്പിൾ ട്യൂബ് ലൈറ്റ് വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന് നേരെ വരുന്ന അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും. വൈസ് അഡ്‌മിറൽ അജേന്ദ്ര ബഹാദൂർ സിംഗിന്റെ ഭാര്യയും നേവി വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റുമായ ചാരു സിംഗാണ് കപ്പലിന് പേരിട്ടത്.

പ്രൊജക്ട് 17 എ പ്രോഗ്രാമിന് കീഴിൽ, 50,000 കോടി രൂപ ചെലവിൽ ഏഴ് കപ്പലുകളുടെ നിർമ്മാണത്തിനാണ് കരാർ. ഈ പടക്കപ്പലുകൾക്കെല്ലാം ഹിമാലയൻ മലനിരകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് ഡിസൈൻ ഓർഗനൈസേഷനായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഈ കപ്പലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രൊജക്ട് 17 എയുടെ ആദ്യ പടക്കപ്പലായ നീലഗിരി 2019, സെപ്റ്റംബർ 28 നാണ് പുറത്തിറക്കിയത്. 2024 പകുതിയോടെ അതിന്റെ പരീക്ഷണയോട്ടംനടത്തും. രണ്ടാമത്തെ കപ്പലായ ഹിമഗിരി 2020 ഡിസംബർ 14 ന് ലോഞ്ച് ചെയ്തു. അടുത്ത ഓഗസ്റ്റിൽ അത് കമ്മീഷൻ ചെയ്യും. ഉദയഗിരി എന്ന മൂന്നാമത്തെ കപ്പൽ കഴിഞ്ഞ മെയ് 17 നാണ് പുറത്തിറക്കിയത്. അതിന്റെ പരീക്ഷണവും 2024 ൽ നടത്തും. നാലാമത്തെ പടക്കപ്പലായ ദുനാഗിരി കഴിഞ്ഞ ജൂലൈ 15 നാണ് പുറത്തിറക്കിയത്.