- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിലെ ഓപ്പറേഷൻ കമലം: ഭാരത് രാഷ്ട്ര സമിതി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചെന്ന ആരോപണം കടുപ്പിച്ച് തെലങ്കാന സർക്കാർ; ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് സമൻസ്; ഈ മാസം 21 ന് ഹൈദരാബാദിലെ ഓഫീസിൽ ഹാജരാകണമെന്ന് തെലങ്കാന പൊലീസ്; ഹാജരായില്ലെങ്കിൽ അറസ്റ്റെന്നും നോട്ടീസിൽ
ന്യൂഡൽഹി: തെലങ്കാനയിലെ ഓപ്പറേഷൻ കമലം വിവാദത്തിൽ, ഭരണകക്ഷി എം എൽ എ മാരെ വിലയ്ക്ക് വാങ്ങാൻ നോക്കിയെന്ന ആരോപണത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് സമൻസ്. തെലങ്കാന പൊലീസാണ് സമൻസ് നൽകിയത്. കുതിരക്കച്ചവടത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് ഈ മാസം 21 ന് രാവിലെ 10.30 ന് ഹൈദരാബാദിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരായില്ലെങ്കിൽ അറസ്റ്റിനെ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ മാസം സൈബരബാദ് പൊലീസ് പിടിയിലായ മൂന്നു പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ചാക്കിടാൻ 100 കോടി വാഗ്ദാനവുമായി എത്തിയതാണ് ഇവരെന്നാണ് ആരോപണം. എന്നാൽ, അഴിമതി വിരുദ്ധ ബ്യൂറോ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള അപേക്ഷ തള്ളുകയും, ഇവരെ വിട്ടയയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കോടതിയുടെ ഉത്തരവിനെ തുടർന്ന് രാമചന്ദ്ര ഭാരതി, നന്ദ കുമാർ, സിംഗയാജി സ്വാമി എന്നിവരെ പൊലീസ് വിട്ടയച്ചു.
തെലങ്കാന രാഷ്ട്ര സമിതി അഥവാ ഭാരത് രാഷ്ട്ര സമിതി എംഎൽഎമാരായ പൈലറ്റ് രോഹിത് റെഡ്ഡി, ഗുവ്വാല ബൽരാജു, ബിരം ഹർഷവർദ്ധൻ എന്നിവരെ പണവും, ചെക്കും, കരാറുകളും ഒക്കെ നൽകി വിലയ്‌ക്കെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. പൊലീസിന് അന്വേഷണം തുടരാമെന്നും , ഒരു ജഡ്ജി അന്വേഷണം നിരീക്ഷിക്കുമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
നേരത്തെ തെലങ്കാന പൊലീസ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി നോട്ടീസ് നൽകിയിരുന്നു. തുഷാറും ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നേരിട്ടാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓപ്പറേഷൻ കമലയ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നുമാണ് ചന്ദ്രശേഖർ റാവു ആരോപിച്ചത്. ടിആർഎസ് നേതാക്കളുമായി തുഷാർ സംസാരിച്ചുവെന്നും കെസിആർ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും പുറത്തുവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തെലങ്കാനയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായാണ് കൊച്ചിയിലും കൊല്ലത്തും എത്തിയത്. തുഷാർ വെള്ളാപ്പള്ളി കേസിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്നാണ് കഴിഞ്ഞദിവസം അന്വേഷണ സംഘം വ്യക്തമാക്കിയത്.
കേസിലെ മുഖ്യപ്രതി സതീഷ് ശർമ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാൾ കാസർകോടുകാരനായ മലയാളിയാണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാൾ ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാൾ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പൊലീസിന്റെ അന്വേഷണസംഘം കേരളത്തിൽ എത്തിയത്. എന്നാൽ, പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്.
ഓഡിയോ സന്ദേശം പുറത്തുവിട്ട് തുഷാറിനെ വെട്ടിലാക്കി
തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉയർത്തിയ 'ഓപ്പറേഷൻ കമലം' സംബന്ധിച്ച തെളിവുകൾ പുറത്തുവിടണമെന്ന വെല്ലുവിളികൾക്ക് പിന്നാലെ ഓഡിയോ സന്ദേശം അടക്കം് ടിആർഎസ് നേതൃത്വം പുറത്തുവിട്ടിരുന്നു. ടിആർഎസ് എംഎൽഎമാരുമായി തുഷാർ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം അടക്കമാണ് പുറത്തുവിട്ടത്. ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി സംസാരിക്കാൻ അവസരം ഒരുക്കി നൽകാമെന്നാണ് ഒരു വീഡിയോയിൽ പറയുന്നത്.
ടി.ആർ.എസ്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ശ്രമിച്ചുവെന്നും തുഷാർ വെള്ളാപ്പള്ളിയാണ് ഇതിന് ഇടനിലക്കാരനായതെന്നുമാണ് ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച് ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവുവിന്റെ പാർട്ടി പുറത്തുവിട്ടത്.
തുഷാർ ഇടനിലക്കാരനാണെന്നും അദ്ദേഹത്തിന് അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി ചന്ദ്രശേഖര റാവു ചിത്രങ്ങളടക്കം ഉയർത്തിക്കാട്ടിയിരുന്നു. തന്റെ കൈയിൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോൺ സംഭാഷണം പുറത്തുവന്നത്. ടി.ആർ.എസ് സോഷ്യൽമീഡിയ കൺവീനർ വൈ.എസ്.സതീശ് റെഡ്ഡിയാണ് ഓഡിയോ സന്ദേശം ട്വിറ്ററിൽ പുറത്തുവിട്ടത്. രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച തുഷാർ അമിത് ഷായുടെ അടുത്ത അനുയായി ആണെന്നും സതീശ് റെഡ്ഡി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ബിജെപി ചാടിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന നാലു ടി.ആർ.എസ് എംഎൽഎമാരിൽ ഒരാളുമായിട്ടാണ് തുഷാർ സംസാരിക്കുന്നതെന്നും ചന്ദ്രശേഖര റാവുവിന്റെ പാർട്ടി പറയുന്നു. 'എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയമുള്ളത്, ഇടപാടുകൾ പെട്ടെന്ന് തീർക്കണം. ബി.എൽ.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാം' തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പറയുന്നത്.
നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മൂന്ന് പേരെ തെലങ്കാന പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെന്ന് പറഞ്ഞാണ് ചന്ദ്രശേഖ റാവു കഴിഞ്ഞ ദിവസം വീഡിയോകളും മറ്റും പുറത്തുവിട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഇതിനിടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ചന്ദ്രശേഖര റാവു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, പ്രതിപക്ഷ നേതാക്കൾ, അന്വേഷണ ഏജൻസികൾ എന്നിവർക്കെല്ലാം അയച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമായിരുന്ന തുഷാർ വെള്ളാപ്പള്ളി ടിആർഎസ് എംഎൽഎമാരെ ചാക്കിടാൻ ശ്രമിച്ചെന്ന ആരോപണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ വിവാദനായകനായി.
മറുനാടന് മലയാളി ബ്യൂറോ