ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം. സൈനിക വാഹനങ്ങൾക്ക് നേരേയാണ് വെടിവെപ്പുണ്ടായിത്. സൈനികർ ശക്തമായി തിരിച്ചടിച്ചു. ആളപായം സംഭവിച്ചതായി റിപ്പോർട്ടില്ല. കൃഷ്ണ ഘാട്ടി മേഖലയിൽ സമീപത്തെ ഒരു കുന്നിൽ നിന്നാണ് ആദ്യം വെടിവെപ്പുണ്ടായത്.

വൈകിട്ട് ആറുമണിയോടെ സുരക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരേയാണ് ഭീകരർ കാട്ടിൽ നിന്ന് വെടിയുതിർത്തത്. സൈന്യവും, പൊലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. വടക്കൻ കമാൻഡിന്റെ കമാൻഡിങ് ഇൻ ചീഫ് ജനറൽ ഓഫീസർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി അടക്കം ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ പൂഞ്ചിൽ അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ തന്ത്രങ്ങൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ മേഖലയിൽ സൈന്യത്തിന് നേരേയുണ്ടായ രണ്ടാമത്തെ ഭീകരാക്രമണമാണിത്. പൂഞ്ചിലെ ദേര കി ഗലിയിൽ ഉണ്ടായ ഒളിയാക്രമണത്തിൽ നാല് സൈനികർ വീരചരമം പ്രാപിക്കുകയും, അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും 40 കിലോമീറ്റർ അകലെയാണ് ഇന്ന് വൈകുന്നേരം ആക്രമണം ഉണ്ടായ കൃഷ്ണ ഘാട്ടി മേഖല.

2003 ന് ശേഷം പീർ പാഞ്ചൾ മേഖല, രജൗറിയും പൂഞ്ചും താരതമ്യേന ഭീകരാക്രമണ മുക്തമായിരുന്നു. എന്നാൽ, 2021 ഒക്ടോബറിന് ശേഷം വലിയ ആക്രമണങ്ങൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ 7 മാസത്തിനിടെ ഓഫീസർമാരും, കമാൻഡോകളും അടക്കം 20 സൈനികർ വീരചമം പ്രാപിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ, 35 സൈനികരും.

രജൗരി-പൂഞ്ച് മേഖലയിൽ, പാക്കിസ്ഥാൻ ഭീകരവാദം ശക്തമാക്കാൻ ശ്രമിക്കുകയാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2003 മുതൽ ജമ്മു കശ്മീരിൽ തീവ്രവാദം കുറയുകയും 2017-18 വർഷങ്ങൾ വരെ സമാധാനം നിലനിൽക്കുകയും ചെയ്തിരുന്നു. താഴ് വരയിൽ സമാധാനം തിരികെ വരുന്നത് തിരിച്ചറിഞ്ഞ് നമ്മുടെ ശത്രുക്കൾ പ്രദേശത്ത് മറ്റ് സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു. 71 ഭീകരരെ ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചെന്നും അതിൽ 51 പേർ കൊല്ലപ്പെട്ടത് കശ്മീർ താഴ്‌വരയിൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജമ്മു സന്ദർശിച്ചിരുന്നു. ജമ്മുകശ്മീരിലെ ഒരു ഗ്രാമം കരസേന ദത്തെടുത്തതായൂം ജനറൽ മനോജ് പാണ്ഡെ അറിയിച്ചിരുന്നു. പൂഞ്ചിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കൊല്ലപ്പെട്ട മൂന്നു പേരുടെ ഗ്രാമമാണിത്.