- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാറ്റിലെ ചർച്ചയിൽ പൊളിക്കുന്നത് പിണറായിയുടെ ഡൽഹി തള്ള്; ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും ഒളിയമ്പ്; ആ കത്ത് വി എസ് അച്യുതാനന്ദനും വായിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ; ഇടതിനേയും വലതിനേയും ആരോപണ ശരത്തിൽ തളച്ചു നന്ദകുമാർ
കൊച്ചി: സോളാർ വിവാദത്തിൽ വിശദീകരണമായി ദല്ലാൾ എന്ന ടിജി നന്ദകുമാർ എത്തിയത് കൃത്യമായ കണക്കൂകൂട്ടലിൽ. കത്ത് കൈക്കലാക്കിയെന്നും അത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയെന്നും സമ്മതിക്കുന്ന നന്ദകുമാർ അതിന് കാരണം തനിക്ക് ഉമ്മൻ ചാണ്ടിയോടുള്ള പകയാണെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ കത്തിന്റെ ഉറവിടം കണ്ടെത്തി കൈക്കലാക്കിയത് വി എസ് അച്യുതാനന്ദന്റെ നിർദ്ദേശ പ്രകാരമാണ്. പിണറായി വിജയനോടും ഇക്കാര്യം ചർച്ച ചെയ്തു. ഇതിനൊപ്പം വിഷയം കലാപമാക്കണമെന്ന് രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചിരുന്നുവെന്ന് സോളാർ കേസിലെ ഇടനിലക്കാരൻ ടി.ജി. നന്ദകുമാർ പറയുന്നു.
2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് ആഗ്രഹച്ചിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രണ്ട് കള്ളക്കേസുകൾ വിജിലൻസിനെ കൊണ്ട് എടുപ്പിച്ചു. ഇതിലെ വിഷമം കത്തിന് പിന്നാലെ പോകാൻ പ്രേരകമായി എന്നും നന്ദകുമാർ പറഞ്ഞു വയ്ക്കുന്നു. പിണറായി വിജയനുമായി തനിക്ക് 2016ൽ നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന് കൂടി നന്ദകുമാർ പറയുന്നു. അങ്ങനെ ചെന്നിത്തലയേയും തിരുവഞ്ചൂരിനേയും ഒളിയമ്പിലൂടെ ആക്രമിക്കുന്ന നന്ദകുമാർ പിണറായി വിജയന്റെ ഡൽഹി തള്ളിനേയും തള്ളി പറയുന്നു. കത്ത് തിരുത്തിയിട്ടുണ്ടെങ്കിൽ അത് ശരണ്യാ മനോജാകുമെന്നാണ് നന്ദകുമാർ പറയുന്നത്. തനിക്കൊരു കത്ത് കിട്ടി അത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയെന്നാണ് നന്ദകുമാർ പറയുന്നത്.
അതേസമയം തന്നെ പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തന്നെ സമീപിച്ച ദല്ലാളിനെ താൻ ഇറക്കിവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അച്യുതാനന്ദനെ കാണാനായി കേരള ഹൗസിലെത്തിയ താൻ അബദ്ധത്തിൽ മുറി മാറിപോയി പിണറായി വിജയനെ കണ്ടതാണെന്നും എന്നാൽ ഇറങ്ങിപോകാൻ പിണറായി പറഞ്ഞില്ലെന്നുമാണ് നന്ദകുമാർ പറയുന്നത്. ശരണ്യ മനോജാണ് ് തനിക്ക് ഈ കത്ത് നൽകിയതെന്നും താൻ ആ കത്ത് വാങ്ങി ഒരു മുഖ്യധാര മാധ്യമത്തിനെ സമീപിക്കുകയായിരുന്നുവെന്നും നന്ദകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് 1.25ലക്ഷം രൂപ നൽകിയാണ് താൻ ഈ കത്ത് വാങ്ങിച്ചതെന്നും നന്ദകുമാർ പറഞ്ഞു. നന്ദകുമാറിന്റെ പ്രതികരണങ്ങളിൽ പിണറായി മറുപടി നൽകുമോ എന്നതാണ് നിർണ്ണായകം.
2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാർ കേസിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വി എസ്. തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മൻ ചാണ്ടിയുടെ പേരുള്ള 25 പേജുള്ള കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകൾ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെന്നും ടി.ജി. നന്ദകുമാർ പറയുന്നു. സോളാറിലെ പരാതിക്കാരിയിൽ നിന്നും പരാതിയൊന്നും എഴുതി വാങ്ങി മുഖ്യമന്ത്രിയായിരുന്ന പിണറായിക്ക് നൽകിയിട്ടില്ലെന്നും നന്ദകുമാർ പറയുന്നു.
2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് ആഗ്രഹച്ചിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. പാരാതിക്കാരി പുറത്തുവിട്ട കത്തിനെക്കുറിച്ച് പിണറായി വിജയന് അറിയാമായിരുന്നുവെന്നും വി എസ്. അച്യുതാനന്ദൻ ആ കത്ത് മുഴുവനായും വായിച്ചിട്ടുണ്ടെന്നും കത്ത് പുറത്തുവന്നപ്പോൾ പിണറായി വിജയന്റെ മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ മനസിലായെന്നും അത് എൽഡിഎഫിന് തുണയായെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിന് മുന്നിലെ ഫ്ളാറ്റിൽ വ്ച്ചാണ് പിണറായിയുമായി ചർച്ച നടത്തിയതെന്നും നന്ദകുമാർ പറഞ്ഞു.
പരാതിക്കാരിക്ക് 1.25ലക്ഷം രൂപ സ്വന്തം കൈയിൽ നിന്നും നൽകിയാണ് കത്ത് വാങ്ങിയത്. കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിനെതിരായ ആരോപണം തെറ്റാണെന്നും നന്ദകുമാർ പറഞ്ഞു. പണം വാങ്ങിയല്ല ചാനൽ അതിജീവിതയുടെ കത്ത് കൈമാറിയതെന്നും ചാനൽ റിപ്പോർട്ടർ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'2016 ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വി എസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ നൽകി. അത് ഞാൻ വിഎസിന് നൽകി. തുടർന്ന് ഇത് സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാൻ പിണറായിയുമായി ചർച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
അതിന് ശേഷമാണ് കത്ത് ഞാൻ ചാനൽ റിപ്പോർട്ടർക്ക് നൽകിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂർ രവിയും 50000 രൂപ നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല' നന്ദകുമാർ പറഞ്ഞു.
ദല്ലാൾ നന്ദകുമാർ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാൾ തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസിൽ പ്രാതൽ കഴിക്കുമ്പോഴാണ് നന്ദകുമാർ എത്തിയതെന്നും ഇറങ്ങിപോകാൻ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സതീശൻ അങ്ങനെ പറയുമോയെന്ന് അറിയില്ല. വിജയന് അങ്ങനെ പറയാൻ മടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ