വാഴൂർ: കോട്ടയം വാഴൂരിലെ തച്ചപ്പുഴ - ചെങ്കല്ലപ്പള്ളി റോഡിലെ പാലം നിർമ്മാണത്തിനെതിരെ പരാതി. അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന പരാതി. നടുവത്താനി പള്ളിക്ക് സമീപത്തായി തോടിന് കുറുകേയാണ് പഞ്ചായത്ത് റോഡിൽ പാലം പണിയുന്നത്. നിർമ്മാണം തുടങ്ങി വാർപ്പു കഴിഞ്ഞപ്പോഴാണ് നേർവഴിയിലുള്ള റോഡിൽ പാലം ഒരു വശത്തേക്കായി ചെരിഞ്ഞു പോയത് ശ്രദ്ധയിൽ പെട്ടത്.

റോഡിന് രണ്ട് വശത്തും ഒരാളുടെ തന്നെ സ്ഥലമാണ്. റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകി കമ്പിവേലി ഇടുകയും ചെയ്തിരുരുന്നു അദ്ദേഹം. പാലത്തിന് സമീപത്തായി വെള്ളം ഒഴുകിപോകാൻ ഓടയും നിലവിലുണ്ട്. എട്ട് മീറ്റർ വീതിയിലാണ് പാലം പണിയുന്നത്. എന്നാൽ, പണി പുരോഗമിക്കവേ നടുവിൽ പാലം പണിയുന്നതിന് പകരം ഒരു വശത്തേക്കായി നിൽക്കുകയാണ്. സമീപത്തുള്ള ഓടയും മൂടേണ്ട അവസ്ഥയിലുമായി.

പാലം നിർമ്മാതാക്കൾ തന്നെ ഇതിനോടകം ഓടയിൽ മണ്ണിട്ടതോടെ സമീപവാസി പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ വിഷയം പെടുത്തുകയായിരുന്നു. ഇതോടെ പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ സ്ഥലത്തെത്തി ഓട മണ്ണിട്ട് മൂടരുത് എന്ന് നിർദ്ദേശം നൽകി. എന്നാൽ പാലം ഒരു വശത്തേക്കായി നിൽക്കുന്നതോടെ യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം അടക്കം ഉണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്.

ഓടയിലെ മണ്ണു നീക്കാത്ത പക്ഷം മഴക്കാലത്ത് സമീപത്തെ സ്ഥലങ്ങലേക്കാകും വെള്ളം കയറുക. ഇക്കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാലത്തിന്റെ കോൺക്രീറ്റ് നടന്നത്. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ശക്തമായി മഴപെയ്താൽ വാഴൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഓടകളും കലുങ്കുകളും, ചെളിയും മണ്ണും മാലിന്യവും നിറഞ്ഞ് അടയുന്നതും പതിവാണ്.

തച്ചപ്പുഴ - ചെങ്കല്ലപ്പള്ളി റോഡിലെ പാലം നിർമ്മാണം വെള്ളക്കെട്ട് വർധിക്കാൻ ഇടയാക്കുമെന്ന ആശങ്ക അടക്കമം ശക്തമാണ്. പാലം നിർമ്മിച്ചവരുടെ ഭാഗത്ത് വലിയ പിഴവുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.