കൊച്ചി: ഈ ഹർജി കേരളാ പൊലീസിന് നിർണ്ണായകമാകും. നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നെന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽവച്ചെന്നു പരാതിപ്പെട്ടും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചനയുടെ ഹർജിയാണ് പൊലീസിന് പുതിയ തലവേദന. അർച്ചന ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

ഭർതൃമാതാവ് ടി.അംബികാദേവിയുമായി 18നു രണ്ടാലുംമൂട് ജംക്ഷനിൽ നവകേരള യാത്ര കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു ഹർജിക്കാരി. ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹർജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്. ഇതാണ് വിവാദത്തിന് കാരണം. കേസിലെ പ്രതിയുടെ അമ്മയെന്ന് കളിയാക്കൽ സ്‌കൂളിൽ കുട്ടിക്ക് പോലും നേരിടേണ്ടി വന്നുവെന്നാണ് അർച്ചന പറയുന്നത്.

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭർത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹർജിയിൽ ചോദിക്കുന്നു.

ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അർച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അമ്മ പ്രതിയാണെന്ന് പറഞ്ഞ് കുട്ടികളെ സ്‌കൂളിൽ കളിയാക്കുന്നുവെന്നും അർച്ചന ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് നീതി തേടി ഹൈക്കോടതിയിൽ എത്തിയതെന്നാണ് അർചന പറയുന്നത്. കടുത്ത നീതി നിഷേധമാണ് ഉണ്ടായതെന്നും അനുഭവിച്ച മാനസിക സമ്മർദ്ദം ചെറുതല്ലെന്നുമാണ് വിശദീകരണം. കറുപ്പിച്ചതിനാണ് അപമാനിച്ചത്. കുട്ടികളെ വിളിക്കാൻ പോകുന്നതിനിടെയാണ് നവകേരള യാത്ര കാണാൻ നിന്നത്. കറുപ്പിട്ടതിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറഞ്ഞെന്നും അർചന പറയുന്നു.