ബെംഗളൂരു: മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം. കർണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണു വനംവകുപ്പ് അധികൃതർ അറിയിച്ചത്.

കർണാടക, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണു പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. രാവിലെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം വൈകിട്ട് മൂന്നു മണിയോടെ പൂർത്തിയായി. വാഹനത്തിൽ വെച്ച് തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞു, പിന്നെ മയക്കുവെടിയേറ്റു. തുടർന്ന് ബന്ദിപ്പൂരിലേക്ക് രാത്രി തന്നെ കൊണ്ടുവന്നു. ഇതെല്ലാം ആനയുടെ ആരോഗ്യം മോശമാക്കിയിരിക്കാമെന്നും രമേഷ് കുമാർ ഐഎഫ്എസ് പറഞ്ഞു.

തണ്ണീർക്കൊമ്പൻ ദൗത്യം നടപ്പിലാക്കിയതിൽ കേരള വനംവകുപ്പിനെ അദ്ദേഹം പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ആനയ്ക്ക് അൽപസമയം വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അഭിപ്രായപ്പെട്ടു. രാത്രിക്ക് രാത്രി ആനയെ കർണാടകയിലേക്ക് മാറ്റേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലർച്ചയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ ബന്ദിപ്പൂരിൽ തുറന്നുവിട്ടത്. തുറന്നുവിട്ടു അധികം കഴിയും മുമ്പ് തന്നെ ആന ചരിയുകയായിരുന്നു. മുത്തങ്ങയിലെ എലിഫന്റ് ആംബുലൻസിലാണ് ആനയെ ബന്ദിപ്പുരിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പൂർത്തിയായത്.

മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

തണ്ണീർക്കൊമ്പനെ മയക്കാൻ ദൗത്യസംഘം ആദ്യം വെടിയുതിർത്തത് പാളിയെങ്കിലും, രണ്ടാമത്തെ ശ്രമം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് രണ്ട് ബൂസ്റ്റർ ഡോസും നൽകി. എന്നാൽ മയങ്ങാൻ സമയമെടുത്തതോടെ ആനയെ വാഹനത്തിലേക്കു മാറ്റുന്നത് പ്രതിസന്ധിയിലായി. ഇതിനിടെ, ആനയുടെ ഇടതുകാലിൽ പരുക്കേറ്റതായി റിപ്പോർട്ട് വന്നിരുന്നു. ഒടുവിൽ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദാണ് ഉത്തരവിട്ടത്. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്.

പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നതായാണ് വിവരം.