മാനന്തവാടി: തണ്ണീർക്കൊമ്പൻ ദൗത്യം വിജയമായി. നാട്ടുകാരെ മുൾമുനയിൽ നിർത്തിയ തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. രാമപുരയിലെ ക്യാംപിലേക്കാണു തണ്ണീർക്കൊമ്പനെ മാറ്റുന്നത്. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

ബൂസ്റ്റർ ഡോസിൽ മയങ്ങിയ തണ്ണീർക്കൊമ്പൻ കാലിൽ വടംകെട്ടി കുങ്കിയാനകൾ വാഹനത്തിനടുത്തേക്ക് എത്തിച്ചു. രാത്രി വൈകിയും രക്ഷാദൗത്യം നീണ്ടു.വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വെക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിൻഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റർ ഡോസുകൾ നൽകി. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാൻ പാകത്തിൽ തുറസായ സ്ഥലത്ത് എത്തിച്ചത്.

മയക്കുവെടിയേറ്റ് ആന മയങ്ങിയെങ്കിലും അൽപദൂരം മുന്നോട് നീങ്ങിയിരുന്നു. ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടർന്ന് ദൗത്യം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീർക്കൊമ്പ് സമീപം എത്തിച്ചത്.കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവയാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്.

ആനയുടെ ഇടത് കാലിന്റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജന്മാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അറിയിച്ചു.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദാണ് ഉത്തരവിട്ടത്. ഇതോടെ എത്രയും വേഗം ആനയെ വെടിവയ്ക്കാനുള്ള നടപടി ആരംഭിച്ചു. അഞ്ചരയോടെയാണ് ആനയെ വെടിവയ്ക്കാനായത്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിർത്തി. വെടിയേറ്റ് ആന ഓടിയാൽ തടയാനാണു കുങ്കിയാനകളെ വിന്യസിച്ചത്. എന്നാൽ ആനയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല.

നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ ഇന്നലെ രാത്രിയോടുകൂടി മൂന്ന് ആനകൾ ജനവാസകേന്ദ്രത്തിൽ എത്തിയിരുന്നെന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു. ഇതിൽ രണ്ടെണ്ണത്തെ തിരിച്ച് കാട്ടിലേക്ക് തുരത്തി. എന്നാൽ ഒരെണ്ണത്തെ തുരത്താനായില്ല. ഈ ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനത്തിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെയായി ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചത്. അതിനാൽ മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് വിടുക എന്നതാണ് സാധ്യമായ ഏക മാർഗമെന്ന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിരുന്നു.

ബന്ദിപ്പുർ ടൈഗർ റിസർവിനു സമീപത്തുനിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാമെന്ന് അറിയിപ്പ് ലഭിച്ചുവെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആളുകൾ ആനയെ കാണാൻ എത്തിയത് പ്രശ്നം സങ്കീർണ്ണമാക്കി. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്ക് തിരികെ കയറ്റുന്നതിനെക്കുറിച്ചും ആലോചിച്ചു. എന്നാൽ പത്ത് കിലോമീറ്ററോളം ജനവാസമേഖലയിലൂടെ ആനയെ ഓടിച്ചുകൊണ്ടുപോകുക എന്നത് ശ്രമകരമായതിനാലാണ് മയക്കുവെടി വയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.

20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പൻ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോൾ വയനാട്ടിലെത്തിയ ഈ കൊമ്പൻ ഹാസനിലെ കാപ്പിത്തോട്ടത്തിൽ വിഹരിച്ചിരുന്നത്.