മൈസൂർ: മാനന്തവാടിയിൽ നിന്നും പിടികൂടി ബന്ദിപ്പൂരിൽ എത്തിച്ചപ്പോഴാണ് തണ്ണീർ കൊമ്പൻ ചരിഞ്ഞത്. 20 വയസ്സു പ്രായമുണ്ട് ഈ ആനയ്ക്ക്. ഇന്നലെ മാനന്തവാടി ടൗണിൽ ഇറങ്ങിയപ്പോഴും ശാന്തനായിരുന്നു ഈ ആന. ആരെയും ഉപ്രദ്രവിച്ചില്ല. എന്നാൽ തീറ്റയെടുക്കാതിരിക്കുകയായരുന്നു ആന. 15 മണിക്കൂർ നീണ്ട പരിശ്രമത്തിൽ ആനയെ ബന്ദിപ്പൂരിൽ എത്തിച്ചപ്പോഴേക്കും ചരിയുകയായിരുന്നു ആന. ലോറിയിൽ തന്നെ കുഴഞ്ഞു വീണതിന് പിന്നാലെ ചരിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

കർണാടക ഹസനിലെ കാപ്പിത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീർക്കൊമ്പൻ. ജലസേചനത്തിനുള്ള പൈപ്പുകൾ തകർക്കലായിരുന്നു സ്ഥിരം പരിപാടി. പൈപ്പിൽ നിന്നുള്ള ജലധാരയിൽ കുളിച്ച് രസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നിൽക്കുകയും ചെയ്തതോടെയാണ് കാട്ടുകൊമ്പന് തണ്ണീർക്കൊമ്പൻ എന്ന പേരുവീണത്. മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി തോട്ടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കുന്നത് പതിവായിരുന്നെങ്കിലും ഇരുവരെയും ആരെയും ഉപദ്രവിച്ച ചരിത്രം ആനയ്ക്കില്ല.

ഇന്നലെ പുലർച്ചെയാണ് എടവക പഞ്ചായത്തിലെ പായോട് കുന്നിലാണ് ആനയെ ആദ്യമെത്തിയത്. പിന്നീട് മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആന താലൂക്ക് ഓഫീസ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ട്രഷറി, കോടതിക്കരികിലൂടെ നീങ്ങി. ആന ഇറങ്ങിയതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകൾക്കും അവധി നൽകി. നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു.

കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്മുണ്ടാക്കുമായിരുന്നെങ്കിലും ഇതുവരെ ആരെയും ഉപദ്രവിച്ച ചരിത്രമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. അർധരാത്രിയോടെ ആനയെ ബന്ദിപ്പുർ വനത്തിൽ തുറന്നുവിട്ടു. പിന്നാലെ ആന ചരിയുകയായിരുന്നു. ആനയുടെ കാലിന് പരിക്കേറ്റതായി കർണാടകയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ആനയെ മയക്കുവെടി വച്ച് വാഹനത്തിൽ കയറ്റുന്ന സമത്തു തന്നെ തീർത്തും അവശനായിരുന്നു. എന്നാൽ എന്താണ് മരണ കാരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തു വന്നിട്ടില്ല. ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ തണ്ണീർക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. ജനുവരി 10നാണ് കർണാടക ഹസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടിയ തണ്ണീർക്കൊമ്പനെ ബന്ദിപ്പുർ വനത്തിലേക്ക് വിട്ടത്. അവിടെ നിന്നാണ് മാനന്തവാടിയിൽ എത്തിയത്. എന്താണ് മരണ കാരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തു വന്നിട്ടില്ല.

ഇന്ന് രാവിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ചരിഞ്ഞതെന്ന് കർണാടക പ്രിൻസിപ്പൾ ഫോറസ്റ്റ് കൺസർവേറ്റർ സ്ഥിരീകരിച്ചു. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പ്രത്യേക സംഘം പരിശോധിക്കും. 20 ദിവസത്തിനിടെ രണ്ട് തവണയാണ് ആനയ്ക്ക് നേരെ മയക്കുവെടി വച്ചത്.ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജന്മാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും.

ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തും. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പതിനേഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കർണാടക വനംവകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിൽ തണ്ണീർ കൊമ്പനെ എത്തിച്ചിരുന്നത്.

'അത്യന്തം ദുഃഖകരമായ വാർത്തയാണ്. പരിശോധന നടക്കുന്നതിനിടെ ആന ചരിഞ്ഞുവെന്ന് കേരളത്തിലെയും കർണാടകയിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നില്ല. ആനയ്ക്ക് മയക്കുവെടി വച്ചത് പോലും എല്ലാവരും കണ്ടതാണ്. അത്രയും സുതാര്യമായാണ് കാര്യങ്ങൾ ഇന്നലെ മുന്നോട്ടുപോയത്. തുടർനടപടികളും ഇതുപോലെ സുതാര്യമായിരിക്കണമെന്ന നിർദശം നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം സമയത്ത് കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ കൂടി പങ്കെടുപ്പിക്കാൻ കർണാടക വനംവകുപ്പ് സമ്മതിച്ചിട്ടുണ്ട്.'- വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ആന പൂർണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതർ സ്ഥിരീകരിക്കുന്നത്.