പത്തനംതിട്ട: മാരാമൺ കൺവെൻഷനിലും താരമായി ശശി തരൂർ. 30 വയസ്സിൽ താഴെയുള്ള യുവാക്കൾക്കായി പാർലമെന്റിൽ 5 സീറ്റുകൾ സംവരണം ചെയ്യാൻ നിയമനിർമ്മാണം നടത്തണമെന്ന് ശശി തരൂർ എംപി ആവശ്യപ്പെട്ടപ്പോൾ നിർത്താത്ത കൈയടിയായിരുന്നു. എല്ലാ മത വിഭാഗങ്ങളിലും തരൂരിന് കിട്ടുന്ന പിന്തുണയ്ക്ക് തെളിവാണ് മാരാമൺ കൺവെൻഷനും.

മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ മാരാമൺ കൺവൻഷൻ നഗറിൽ നടന്ന യുവവേദി യോഗത്തിൽ നിരവധി പേരാണ് തരൂരിനെ കേൾക്കാനെത്തിയത്. മലയാളികൾ തൊഴിൽ തേടി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത പണ്ടുകാലം മുതൽ തന്നെയുണ്ട്. എന്നാൽ ഇങ്ങനെ പോകുന്നവർ തിരികെ നാട്ടിലേക്ക് എത്താതിരിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. ദീർഘവീക്ഷണത്തോടുകൂടി ഉന്നത വിദ്യാഭ്യാസ സമിതി രൂപപ്പെടുത്തി മികവാർന്ന പാഠ്യപദ്ധതി ക്രമീകരിക്കണം. രാഷ്ട്രീയ കടന്നുകയറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും ശശി തരൂർ പറഞ്ഞു.

ഹർത്താൽ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കാരണമാണ് നിക്ഷേപകർ കേരളത്തിലേക്ക് വരാൻ മടിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ 15 വർഷംകൊണ്ട് 2000 ഫാക്ടറികൾ തുറന്നപ്പോൾ തമിഴ്‌നാട്ടിൽ ഒരു വർഷം 17,000 എണ്ണമാണ് തുറന്നത്. ആശുപത്രിയിൽ പോകുന്ന പ്രായമായവർ അടക്കമുള്ളവരെ ആക്രമിക്കാനും കടകൾ അടിച്ചു പൊട്ടിക്കാനും ആർക്കും അവകാശമില്ല. 30 വയസ്സിൽ താഴെയുള്ള അഞ്ചുപേർക്ക് പാർലമെന്റിൽ സീറ്റ് സംവരണം വേണം. അതിനുവേണ്ടി സ്വകാര്യബിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്.

കാലത്തിനൊത്ത രീതിയിൽ നമ്മുടെ വിദ്യാഭ്യാസശൈലി മാറുന്നില്ല. 2030 ആകുമ്പോഴേക്കും 30 ശതമാനം തൊഴിലുകൾ ഇപ്പോഴില്ലാത്തവയായിരിക്കുമെന്ന് ഓക്സ്ഫഡ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. -അദ്ദേഹം പറഞ്ഞു. നക്ഷത്രപ്രകാരമുള്ള പിറന്നാൾ ശിവരാത്രി ദിവസമാണെന്ന് തരൂർ. മാരാമൺ കൺവെൻഷനിലെ യുവവേദി യോഗത്തിൽ അധ്യക്ഷനായിരുന്ന തോമസ് മാർ തീതോസ് എപ്പിസ്‌കോപ്പ, ശശി തരൂരും അമ്മയും തമ്മിലുള്ള സ്നേഹബന്ധം മാതൃകയാക്കാവുന്നതാണെന്ന് പറഞ്ഞതിനെ പരാമർശിച്ചാണ് തരൂർ ഇത് പറഞ്ഞത്. കലണ്ടർ പിറന്നാൾ ആഘോഷിക്കുമെങ്കിലും അമ്മയ്ക്ക് ഇഷ്ടം ശിവരാത്രി ദിനത്തിലെ ആഘോഷമാണ് -അദ്ദേഹം പറഞ്ഞു. അങ്ങനെ തരൂരിന്റെ മാതൃസ്‌നേഹവും ചർച്ചയാക്കി.

ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ജനറൽ സെക്രട്ടറി റവ.ഫിലിപ് മാത്യു, വൈസ് പ്രസിഡന്റ് ജെറി ടി.യേശുദാസൻ, ട്രഷറർ ആഷ്ലി എം.ഡാനിയൽ, യുവവേദി കൺവീനർ തോമസ് കോശി എന്നിവർ പ്രസംഗിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ആന്റോ ആന്റണി എംപി, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ഫ്രാൻസിസ് ജോർജ്, പി.മോഹൻരാജ് തുടങ്ങിയവർ സംബന്ധിച്ചു.

മണൽപ്പുറത്ത് നടക്കുന്ന 128-ാം മാരാമൺ കൺവൻഷൻ ഇന്ന് സമാപിക്കും. രാവിലെ 7.30ന് മാരാമൺ, കോഴഞ്ചേരി സെന്റ് തോമസ്, ചിറയിറമ്പ് ഇമ്മാനുവൽ എന്നീ പള്ളികളിൽ കുർബാന നടക്കും. 9.30ന് പന്തലിൽ പരസ്യാരാധന. തുടർന്ന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രസംഗിക്കും.