ക്വാലാലംപൂർ: എവിടേക്കാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച് 370 വിമാനം മറഞ്ഞത്? 9 വർഷം മുമ്പ് കാണാതായ വിമാനത്തെ കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ആ ആപ്രത്യക്ഷമാകലിലെ ദുരൂഹത ഏതാനും ദിവസങ്ങൾക്കകം തീർക്കാമെന്നാണ് ചില വിദഗ്ദ്ധർ ഇപ്പോൾ അവകാശപ്പെടുന്നത്. അതിനു വേണ്ടി പുതിയൊരു തിരച്ചിൽദൗത്യം ആരംഭിക്കണം.

2014 മാർച്ച് എട്ടിന് മലേഷ്യയിലെ ക്വലാലംപുരിൽ നിന്ന് ബെയ്ജിങ്ങിലേക്കുള്ള പറന്നുയർന്ന് 38 മിനിറ്റിന് ശേഷമാണ് എംഎച് 370 അപ്രത്യക്ഷമായത്. അർധരാത്രി ഒന്നോടെ 35,000 അടി വരെ പൊങ്ങിയ വിമാനം 1.07നു ക്വാലലംപൂർ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു. വിയറ്റ്‌നാമിലെ ഹോചിമിൻ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് കൺട്രോൾ സ്റ്റേഷനിൽനിന്നു വന്ന നിർദ്ദേശത്തിനുള്ള മറുപടിയായിരുന്നു ആ സന്ദേശം. കൺട്രോൾ സ്റ്റേഷനിലുള്ളവർക്ക് ശുഭരാത്രിയും പൈലറ്റ് സഹരി ആശംസിച്ചു. ആ വിമാനത്തിൽനിന്നുള്ള അവസാന സന്ദേശം! എന്നാൽ വിമാനം വിയറ്റ്‌നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും ഹോചിമിൻ സ്റ്റേഷനിൽ ഒരു റിപ്പോർട്ടും നൽകിയില്ല. വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്‌നാമീസ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ശ്രമങ്ങളും വെറുതെയായി.

227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് കരുതപ്പെടുന്നത്. 227 യാത്രക്കാരിൽ 153 പേർ ചൈനീസ് പൗരന്മാരായിരുന്നു. മലേഷ്യൻ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം പറത്തിയിരുന്നത്. ഷാ മനഃപൂർവം വിമാനം അപകടത്തിൽപ്പെടുത്തുകയായിരുന്നു എന്ന ആരോപണം വന്നിരുന്നു. എന്നാൽ, ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു

വ്യോമയാന വിദഗ്ധരായ ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് പത്തു ദിവസത്തെ തിരച്ചിലിൽ വിമാനം കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ടത്.റോയൽ എയ്‌റോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ എംഎച് 370 ന്റെ അവശിഷ്ടങ്ങൾ വളരെ വേഗം കണ്ടെത്താമെന്ന് മർചന്റ് അവകാശപ്പെട്ടിരുന്നു.

പുതിയ തിരച്ചിൽ ദൗത്യം ആരംഭിക്കണമെന്ന് ഓസ്‌ട്രേലിയയുടെ ട്രാൻപോർട്ട് സേഫ്റ്റി അഥോറിറ്റി, മലേഷ്യൻ സർക്കാർ, പര്യവേക്ഷണ കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി എന്നിവയോടാണ് ഇരുവരും ആവശ്യപ്പെട്ടത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും ഇരുവരും പറഞ്ഞു. വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്‌ത്തിയതാണ് എന്നാണ് ഇരുവരും കരുതുന്നത്. വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്ന വാദവും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്ന കണ്ടെത്തലും സംഘം പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കണ്ടെത്തലുകൾ റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റിക്ക് മുമ്പാകെ ഇരുവരും അവതരിപ്പിച്ചു.

പൈലറ്റ് മനഃപൂർവം കാബിൻ സമ്മർദ്ദം കുറച്ചെന്നും പറക്കൽ പാതയിൽ നിന്ന് നിയന്ത്രിതമായ രീതിയിൽ ദിശമാറ്റി കൊണ്ടുപോയെന്നും ഇരുവരും വിശ്വസിക്കുന്നു. ഇത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കുറയ്ക്കാനും വിമാനം കണ്ടെത്താതിരിക്കാനും ആവണം. മലേഷ്യൽ എയർസ്‌പേസിന് പുറത്ത് നോ മാൻസ് ലാൻഡ് എന്ന് ഇരുവരും വിശേഷിപ്പിക്കുന്ന ഇടത്തേക്ക് പെട്ടെന്ന് വിമാനത്തിന്റെ ദിശ തിരിച്ചതായും പറയുന്നു. ഹൈജാക്കിങ് നടത്തിയത് വളരെ പരിചയ സമ്പന്നനായ പൈലറ്റാണെന്നും തങ്ങളുടെ പഠനം തെളിയിച്ചയായും ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവർ പറഞ്ഞു. വിമാനം സൈന്യത്തിനല്ലാതെ മറ്റാർക്കും ദൃശ്യവുമായിരുന്നില്ല.

ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ബഹളം

തിരച്ചിൽ ദൗത്യം പുനരാരംഭിക്കുന്നതിനോട് പര്യവേക്ഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റി കഴിഞ്ഞ വർഷം താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിമാനം ഹെജാക്ക് ചെയ്ത ശേഷം വിദൂര സ്ഥലത്തെത്തിച്ച് തകർത്തതാണെന്ന് അനുമാനത്തിലാണ് പുതിയ തിരച്ചിൽ. സിഗ്‌നൽ പ്രൊപ്പഗേഷൻ റിപ്പോർട്ടർ ഡാറ്റയെ അടിസ്ഥാനമാക്കി പെർത്തിൽ നിന്നും 1560 കിലോമീറ്റർ അകലെയൊരു സ്ഥലത്ത് തിരച്ചിൽ നടത്താനാണ് ഇവരുടെ തീരുമാനം.

വ്യോമയാന ചരിത്രത്തിൽ ഏറ്റവും ചെലവേറിയ തിരച്ചിൽ സംരംഭമായിരുന്നു എംഎച് 370 യുടേത്. 34 കപ്പലുകളും 28 വിമാനങ്ങളും ഇതിനായി നിയോഗിക്കപ്പെട്ടു. ഏഴു രാജ്യങ്ങളും തിരച്ചിലിൽ പങ്കു ചേർന്നു. പിന്നീടുള്ള തിരച്ചിലുകളിൽ സർക്കാർ, സർക്കാരിതര ഏജൻസികൾ ധാരാളമായി പങ്കെടുത്തു.

2015 ലും 16 ലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങൾ എംഎച് 370 യുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. തീവ്രവാദികളുടെ തട്ടിക്കൊണ്ടുപോകൽ, വിദൂര ദ്വീപിന്റെ പിടിച്ചെടുക്കൽ എന്നിവയടക്കം നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ എംഎച് 370 ന്റെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പൈലറ്റിന്റെ പങ്ക്, കുടുംബ ബന്ധങ്ങൾ, മനഃപൂർവം ആകാശപാതയിൽ നിന്ന് വ്യതിചനം അങ്ങനെ ഊഹാപോഹങ്ങളും ഏറെ.

നിലവിൽ മൂന്നുവർഷം കൊണ്ട് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ പുതിയ വിശ്വാസയോഗ്യമായ തെളിവുകൾ നൽകുമെന്ന് ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവർ പറഞ്ഞു.