- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിതമേഖല നിർമ്മിക്കാൻ ഭൂമി നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടും കേരളം പ്രതികരിച്ചില്ല; കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണം; നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ; 9 മാസത്തിനിടെ സംസ്ഥാന സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് വ്യോമയാന സഹമന്ത്രിയുടെ മറുപടി
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്ന് കേന്ദ്ര സർക്കാർ. ഇരുവശവും സുരക്ഷിതമേഖല നിർമ്മിക്കാൻ ഭൂമി നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഇതുവരെ വിശദമായ മറുപടി നൽകിയില്ല. അതിനാൽ സുരക്ഷിതമേഖല നിർമ്മിക്കാൻ റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
അബ്ദുസമദ് സമദാനി എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വികെ സിങ്, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം റൺവേയ്ക്ക് സുരക്ഷിത മേഖല സൃഷ്ടിക്കുന്നതിനായി ഭൂമി വേണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനായി തൊട്ടടുത്തുള്ള ഭൂപ്രദേശം നികത്തി നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
9 മാസത്തിനിടെ സംസ്ഥാന സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. 2016ലെ ദേശീയ സിവിൽ ഏവിയേഷൻ നയപ്രകാരം സംസ്ഥാനങ്ങളാണ് ഇത്തരത്തിൽ ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്.
കരിപ്പൂർ വിമാനത്താവളത്തിന്റേത് പ്രത്യേക കേസായി പരിഗണിച്ച് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, ഭൂമിയുടെ വിലയായി 120 കോടി രൂപ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ 160 കോടിയോളം ചെലവ് വരുമെന്നാണ് കേന്ദ്ര സർക്കാരിനെ അറിയിച്ചത്.
2022 ഒക്ടോബർ 31ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും അവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള റിപ്പോർട്ടും മറുപടിയും നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ല.
വിമാന സർവീസുകൾ സുരക്ഷിതമായി നടത്തുന്നതിനായി റൺവേയുടെ ഇരുവശത്തും സുരക്ഷിതമേഖല നിർമ്മിക്കുന്നതിന് റൺവേയുടെ നീളം വെട്ടിക്കുറയ്ക്കേണ്ട നിർബന്ധിത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്നും വ്യോമയാന സഹമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ