- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് ഹർത്താലിന് വീറും വാശിയും കൂട്ടാൻ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി നിർദ്ദേശങ്ങൾ നൽകി; പരിയാപുരത്ത് കാർ ആക്രമിച്ച് തകർത്തു; ഹർത്താലിന്റെ സൂത്രധാരനായ മലപ്പുറത്തെ അഖിലേന്ത്യാ നേതാവ് മനക്കാനകത്ത് ഇബ്രാഹിം അറസ്റ്റിൽ
മലപ്പുറം: പോപ്പുലർഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നടന്ന ഹർത്താലിന്റെയും അക്രമങ്ങളുടെയും സൂത്രധാരന്മാരിൽ ഒരാളായ അഖിലേന്ത്യാ നേതാവ് മലപ്പുറത്ത് അറസ്റ്റിൽ. പുത്തനത്താണി സ്വദേശിയായ മനക്കാനകത്ത് ഇബ്രാഹിമിനെ(47) തിരൂർ ഡി.വൈ.എസ്‌പി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
ഹർത്താൽ ദിവസം പരിയാപുരത്ത് കാർ യാത്രക്കാരനെ ആക്രമിച്ചു കാർ തകർത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വേണ്ട നിർദ്ദേശങ്ങൾ നൽകിയാണ് ഹർത്താലിന് നേതൃത്വം വഹിച്ചത്. തിരൂർ സിഐ ജിജോ, എസ്‌ഐ ജിഷിൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേ സമയം പോപ്പുലർഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ആക്രമിക്കുകയും പൊലീസിനെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ സൂത്രധാരന്മാരായ രണ്ടു പേരെ പൊന്നാനി പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് മേഖലാ സെക്രട്ടറിയായ മുഹമ്മദ് ( 45 ) എസ്.ഡി.ടി.യു ഓട്ടോറിക്ഷാ യൂണിയൻ പ്രസിഡന്റായ റിഷാബ് ( 42 ) എന്നിവരെയാണ് മലപ്പുറം എസ്‌പി യുടെ നിർദ്ദേശ പ്രകാരം പൊന്നാനി സിഐ അറസറ്റ് ചെയ്തത്.
രാത്രി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയതിന്റെ ബുദ്ധികേന്ദ്രമാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസിന്റെ സഹായത്തോടെ നടപടി എടുത്തത്. ഹർത്താൽ അക്രമണവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ ഏറ്റവുമധികം അറസ്റ്റ് നടന്നത് പൊന്നാനിയി ലാണ്.
അതേ സമയം ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയിൽ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ എല്ലാ മജിസ്‌ട്രേറ്റ് കോടതികൾക്കും മാർഗനിർദ്ദേശം നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേസിൽ എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. തുക കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്‌ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്