- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജവാൻ കുഴഞ്ഞ് വീണത് വിമാനം ഉയർന്ന് നിമിഷങ്ങൾക്കകം; ഓടിയെത്തി സിപിആർ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ നഴ്സിങ്ങ് സൂപ്രണ്ട് ഗീത; നഴ്സിന്റെ സന്ദർഭോചിത ഇടപെടൽ നൈറ്റിൻഗേൾ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള യാത്രയ്ക്കിടെ; അവാർഡ് നേട്ടം അന്വർത്ഥമാക്കിയ നഴ്സിന് കൈയടിച്ച് സോഷ്യൽ മീഡിയയും
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2020ലെ ദേശീയ ഫ്ളോറൻസ് നൈറ്റിൻഗേൾ പുരസ്‌കാരം ഏറ്റുവാങ്ങാൻ പോവുകയായിരുന്നു കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി പി ഗീത.തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അമൂല്യമായ ഒരു ദിവസത്തിലേക്കുള്ള യാത്രക്കിടെ ഗീത ഒരിക്കൽ പോലും വിചാരിച്ചു കാണില്ല മറ്റൊരു നിയോഗവും തന്നെ കാത്തിരിപ്പുണ്ടെന്ന്.രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ ജീവൻ രക്ഷിക്കാൻ.
വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകയായതിലൂടെ താൻ പുരസ്‌കാരത്തിന് ഏറ്റവും അഹർയാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിങ് സൂപ്രണ്ടായി വിരമിച്ച ഗീത. വിമാനത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മറ്റൊരു യാത്രക്കാരനായ സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ ഫേസ്‌ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കുകയായിരുന്നു.ഇങ്ങനെയാണ് സംഭവം പുറത്തറിയുന്നതിനും.
മുഹമ്മദ് അഷീലിന്റെ വാക്കുകൾ ഇങ്ങനെ.. ഇന്നലെ രാവിലെയായിരുന്നു സംഭവം. കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അധികം വൈകാതെ നിലമ്പൂർ സ്വദേശിയും ജമ്മുവിൽ സൈനികനുമായ സുമൻ കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായം അഭ്യർത്ഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോൾ ഹൃദയമിടിപ്പ് ഇല്ലാതിരുന്ന സൈനികന് ഉടൻ തന്നെ ഗീതയുടെ നേതൃത്വത്തിൽ സിപിആർ നൽകി.
വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചോളം ഡോക്ടർമാരും മെഡിക്കൽ പരിശീലനം നേടിയ വിമാനജീവനക്കാരനും സഹായത്തിനുണ്ടായിരുന്നു.പിന്നാലെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൈനികന് ശ്വാസം വീണ്ടെടുക്കാൻ സാധിച്ചു.പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ബി പി കുറവായിരുന്നതിനാൽ മുഴുവൻ സമയവും ഗീത സൈനികന് ഒപ്പം നിന്നിരുന്നു.സ്വന്തം സീറ്റിലേയ്ക്ക് മടങ്ങാതെ വിമാനം ലാൻഡ് ചെയ്യുന്നതുവരെയും സൈനികന് ഒപ്പം നിന്ന് ശുശ്രൂഷ നൽകുകയായിരുന്നു ഗീത.
അദ്ദേഹത്തിന്റെ ബന്ധുവാണെന്നായിരുന്നു ആദ്യം കരുതിയത്.പിന്നാലെ ചെന്ന് സംസാരിച്ചപ്പോഴാണ് നഴ്സ് ആണെന്ന വിവരം പറയുന്നതും രാഷ്ട്രപതി ഭവനിൽ ഇന്ന് രാവിലെ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേയ്ക്ക് പോവുകയായിരുന്നെന്ന വിവരവും ഗീത പങ്കുവയ്ച്ചതെന്നും അഷീൽ പറഞ്ഞു. 2019ൽ മികച്ച നഴ്സിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയിൽ നിന്ന് ഏറ്റുവാങ്ങിയെന്ന വിവരവും പങ്കുവച്ചതിന് പിന്നാലെ ശൈലജയെ അപ്പോൾ തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും അഷീൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ