തിരുവനന്തപുരം: മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകളായിരുന്നു, ഒരുകാലത്ത് വിഎസ് അച്യൂതാനന്ദന് ധാരാളമായി ഉണ്ടായിരുന്നത്. ആളുകളോട് ഒന്ന് ചിരിക്കുക പോലും ചെയ്യാത്തെ, തനി പ്രത്യയശാസ്ത്ര കടുംപിടുത്തക്കാരന്‍ എന്ന ഇമേജായിരുന്നു, 90കളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതിക്കെതിരെ വി എസ് സംസാരിച്ചുവെന്നതും അദ്ദേഹത്തെ ന്യൂനപക്ഷ വിരോധിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ബലമായി.

അന്നേ, മുതിര്‍ന്ന നേതാവായിരുന്ന വിഎസ്, മുഖ്യമന്ത്രി ആകും എന്ന് പ്രതീക്ഷിച്ച തിരഞ്ഞെടുപ്പായിരുന്നു 1996ലേത്. പക്ഷേ അദ്ദേഹം മരാരിക്കുളത്ത് തോറ്റു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു അത്. ആ തോല്‍വിയിലും പതറാതെ വിഎസ് മുന്നോട്ടുപോയി. 2001- ല്‍ ഇടതു മുന്നണി ജയിക്കുകയായിരുന്നു എങ്കില്‍ വിഎസ് മുഖ്യമന്ത്രി ആകുമായിരുന്നു. വി എസ് ജയിച്ചു, പക്ഷേ എല്‍ഡിഎഫ് തോറ്റു. വിഎസ് പ്രതിപക്ഷ നേതാവായി.

അതോടെയാണ് വിഎസ് തന്റെ ശൈലി മാറ്റുന്നത്. അന്ന് വി എസിന്റെ സെക്രട്ടറി കെ എം ഷാജഹാന്‍ ആയിരുന്നു. അദ്ദേഹത്തോട് വി എസ് പറഞ്ഞത് നമുക്ക് ഈ ശൈലി മാറ്റണം എന്നായിരുന്നു. കേരളത്തില്‍ എവിടെ എന്ത് പ്രശ്നമുണ്ടായാലും നേരിട്ട് പോയി അന്വേഷിക്കുകയും, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇരകള്‍ക്ക് വേണ്ടി നിലകൊള്ളുക എന്ന പുതിയ ശൈലി വിഎസ് സ്വീകരിച്ചു. ഇതിനായി അവര്‍ ഒരു ടീം ഉണ്ടാക്കി. അതാണ് പില്‍ക്കാലത്ത് സിന്‍ഡിക്കേറ്റ് എന്ന് അറിയപ്പെട്ടതും.

ശക്തമായ എഴംഗ ടീം

അതുവരെ വെട്ടിനിരത്തല്‍ സമരനായകന്‍, വികസനവിരോധി എന്ന ഇമേജ് മാറ്റി വിഎസിനെ ജനങ്ങളുടെ കണ്ണും കരളുമാക്കുന്നതില്‍ ഈ സംഘം വഹിച്ച പങ്ക് ചെറുതയല്ല. ദേശാഭിമാനിയിലെ കരുത്തനായ മാധ്യമ പ്രവര്‍ത്തകനായ ജി ശക്തിധരന്‍ വി എസ് ക്യാമ്പിലേക്ക് വന്നതോടെ കാര്യങ്ങള്‍ മാറി. പ്രായോഗിക രാഷ്ട്രീയ കാര്യങ്ങളെല്ലാം വിഎസ് ചര്‍ച്ചചെയ്യുന്നത് ശക്തിധരനുമായിട്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളിലുളള ഉപദേഷ്ടാവ് കെ എന്‍ ഹരിലാല്‍ ആയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ വിഎസ് ഉപദേശം വാങ്ങുന്നതിനുവേണ്ടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ കുഞ്ഞു കൃഷ്ണനില്‍നിന്നായിരുന്നു. അതുപോലെ ദി ഹിന്ദു പത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ പി വേണുഗോപാല്‍ വിഎസിന്റെ വലം കൈയായിരുന്നു. ഐടി മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ ജോസഫ് സി മാത്യൂ നല്‍കും. പിന്നീട് സുരേഷ് കുമാര്‍ എന്ന ഐ എ എസ് ഓഫീസര്‍ എത്തിയതോടെ ഈ ടീം ശക്തമായി. പില്‍ക്കാലത്ത് മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വിഎസ് അയച്ച ദൗത്യസംഘത്തിന്റെ നേതൃത്വം ഇതേ സുരേഷ് കുമാറിനായിരുന്നു.

സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സജീവന്‍ അന്തിക്കാട് ഇതേക്കുറിച്ച് ഇങ്ങനെ എഴുതുന്നു.-'കേരളം അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിപക്ഷ പ്രവര്‍ത്തനം തന്നെയായിരുന്നു അന്ന് നടന്നത്. വി എസ് എന്ന വയോധികന്‍ എവിടെയും ഓടിയെത്തി. എന്‍ഡോസള്‍ഫാന്‍, മതികെട്ടാന്‍, പൂയംകുട്ടി, ജീരകപ്പാറ, നുഷ്യാവകാശ ലംഘനങ്ങള്‍ ,സ്ത്രീ പീഡനങ്ങള്‍, ഐസ് ക്രീം കേസ് തുടങ്ങി വി എസ്സ് ഇടപെടാത്ത വിഷയങ്ങളേ ഇല്ലാതായി. എന്ത് ഒരു സംഭവം ഉണ്ടായാലും, പിറ്റേന്ന് പ്രതിപക്ഷ നേതാവ് അവിടെയെത്തും. 1700 പത്രപ്രസ്താവനകള്‍, 250 പത്രസമ്മേളനങ്ങള്‍ - ഒരു പ്രതിപക്ഷ നേതാവ് അഞ്ചുവര്‍ഷംകൊണ്ട് ചെയ്തുതീര്‍ത്തതാണ് ഇതെല്ലാം. പത്രപ്രവര്‍ത്തകരുമായുള്ള ബന്ധം ഗാഢമായി. പല പത്രലേഖകരും അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വിഎസിന് കൈമാറിത്തുടങ്ങി.

ഐടി മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ ഒന്നും സാധാരണ അക്കാലത്ത് ആരും ശ്രദ്ധിക്കാത്ത കാര്യം. ജോസഫ് മാത്യു വഴിയാണ് വിഎസിന്റെ ശ്രദ്ധയില്‍പെട്ടത്. മറ്റൊന്നാണ് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. ശക്തികുളങ്ങരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കട്ടിലിനടിയില്‍ നിന്ന് കണ്ടെടുത്തത് ഒന്നരലക്ഷം രൂപയുടെ വ്യാജ ലോട്ടറി ടിക്കറ്റായിരുന്നു. ഈ വിഷയം വിഎസ് ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് അവസാനിപ്പിക്കുന്നു.''-

അങ്ങനെ എത്രയെത്ര വിഷയങ്ങള്‍. ഇതോടെ കേരളത്തിലെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി വിഎസ്. ഇങ്ങനെ ഒരു നേതാവിന് സീറ്റ് നിഷേധിച്ചതോടെ ജനം ശരിക്കും ഇളകി. പാര്‍ട്ടിയല്ല, ജനങ്ങാണ് വിഎസിന് മുഖ്യമന്ത്രി സ്ഥാനം കൊടുത്തത്.

സിന്‍ഡിക്കേറ്റും പിണ്ടിക്കേറ്റും!

മുരടനില്‍ നിന്ന് ജനകീയനിലേക്കുള്ള വിഎസിന്റെ ഇമേജ് മാറ്റത്തിന് ഏറെ സഹായിച്ചതും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണ്. അച്ചടിമാധ്യമങ്ങളുടെ കുത്തക നഷ്ടപ്പെടുകയും, ദൃശ്യമാധ്യമങ്ങള്‍ വളര്‍ന്നുവരികയും ചെയ്ത, 2000ത്തിന്റെ തുടക്കത്തില്‍, വി എസ് ടെലിവിഷന്‍ ചാനലിലുടെ ഒരു ഐക്കണായി മാറി. എന്തു സംഭവമുണ്ടായാലും അവിടം സന്ദര്‍ശിച്ച് പ്രശ്നം പഠിച്ച് പ്രതികരിക്കുക എന്ന വിഎസ് ശൈലി പുതുതലമുറാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. അങ്ങനെ അട്ടകടികൊണ്ട് മതികെട്ടാല്‍ ചോലയിലൂം, വയനാട്ടിലും, മുത്തങ്ങളിലുമൊക്ക വിഎസ് എത്തി, സാധാരണക്കാരന്റെ നാവായി. നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ വാഗ്ധോരണി, ചാനലുകള്‍ ഒരു സംഗീതംപോലെ ജനങ്ങളുടെ മുന്നിലെത്തിച്ചു. കേരളത്തിലെ വീട്ടമ്മമാര്‍പോലും വിഎസിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത് ഈ ടെലിവിഷന്‍ ഇഫക്റ്റിനെ തുടര്‍ന്നായിരുന്നു. 2023 മുതല്‍ ഡോ. എം കെ മുനീര്‍ എന്ന മുസ്ലീലീഗ് നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ, കേരളത്തിലെ ആദ്യത്തെ സമ്പുര്‍ണ്ണ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷനിലെ ഒരു സ്റ്റാഫിനെപ്പോലെയായിരുന്നു പലപ്പോഴും വിഎസിന്റെ പ്രവര്‍ത്തനം.

തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യാവിഷന്റെ സൃഷ്ടിയായിരുന്നു വിഎസ് എന്നുപോലും, പലപ്പോഴും വാദങ്ങള്‍ ഉയര്‍ന്നു. നികേഷ്‌കുമാറും, എം പി ബഷീറും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ വിഎസിന് ആയിരുന്നു. ഇന്ത്യാവിഷന്‍ ബ്രേക്ക് ചെയ്ത ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അതി ശക്തമായി ഏറ്റെടുത്തതതും വിഎസ് ആയിരുന്നു. 'പെണ്‍വാണിഭക്കാരെ കൈയാമംവെച്ച് റോഡിലൂടെ നടത്തിക്കുമെന്ന' 2006-ലെ തിരിഞ്ഞെടുപ്പുകാലത്തെ വിഎസിന്റെ പ്രഖ്യാപനം, വലിയതോതില്‍ സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചായുന്നതിന് സഹായിച്ചു. പിന്നീട് വിഎസ് മുഖ്യമന്ത്രിയായപ്പോഴും നിര്‍ലോഭമായ പിന്തുണയാണ്, ഇന്ത്യാവിഷനും നികേഷ് ടീമും കൊടുത്തത്. അതുപോലെ അഡ്വ ജയശങ്കറും, അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ വിഎസിനുവേണ്ടി സജീവമായി പൊരുതി.

അതുപോലെ മാധ്യമം പത്രവും മാതൃഭൂമിയം വിഎസിന് നിര്‍ലോഭമായ പിന്തുണകൊടുത്തു. മാധ്യമത്തിന്റെ ഇടുക്കി ലേഖകന്‍ പി കെ പ്രകാശ് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലെയാണ് ഒരുകാലത്ത് പ്രവര്‍ത്തിച്ചത്. വിഎസ് വഴി നിരവധി വാര്‍ത്തകള്‍ പ്രകാശ് ബ്രേക്ക് ചെയ്തു. സിപിഎം വിഭാഗീയതക്കാലത്ത് മാധ്യമം വിഎസിനുവേണ്ടി പൊരുതി. മാതൃഭൂമി എഡിറ്റായ ഗോപാലകൃഷ്ണന്‍ എന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വന്നതോടെ, അവര്‍ വിഎസിനുവേണ്ടി ശക്തമായി എഴുതാന്‍ തുടങ്ങി. മാധ്യമ സിന്‍ഡിക്കേറ്റില്‍ ഇന്ത്യാവിഷനിലെ എം പി ബഷീറും, മാധ്യമത്തിന്റെ പി കെ പ്രകാശും, മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണനുമുണ്ടെന്ന് ഇ പി ജയരാജന്‍ പരസ്യമായി പ്രസംഗിച്ചു. തനിക്കെതിരെ എഴുതിയതിന് മറുപടിയായി 'എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാല്‍ പേടിക്കുന്നവനല്ല, വിജയന്‍' എന്ന് പറഞ്ഞ് പിണറായി ആഞ്ഞടിച്ചു. ഇതോടെ മാതൃഭൂമി പത്രത്തിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിടുന്നതിലേക്ക് നയിച്ചതും, അദ്ദേഹം എം ഡിയായ മാതൃഭൂമി പത്രത്തിന്റെ നിലപാടുകളായിരുന്നു.

എല്ലാ പത്രങ്ങളിലും അന്ന് വിഎസിന്റെ ആരാധകരായ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ ടീം ഇവര്‍ വഴി നിരവധി വാര്‍ത്തകള്‍ വിഎസിനുവേണ്ടി എത്തിച്ചു. അപ്പുറത്ത് പിണറായിയും വെറുതെ ഇരുന്നില്ല. ദീപികയില്‍ ഫാരീസ് അബൂബക്കറിന്റെ കൈയിലെത്തിയ കാലം ദേശാഭിമാനിയേക്കാള്‍ ശക്തമായാണ് അത് പിണറായിക്കുവേണ്ടി എഴുതിയത്. പിണറായി മാധ്യമ സിന്‍ഡിക്കേറ്റിനെകുറിച്ച് നിരന്തരം പറയുമ്പോള്‍, ദീപിക അടക്കമുള്ളവയെ ചൂണ്ടിക്കാട്ടി, 'പിണ്ടിക്കേറ്റ്' എന്ന് അഡ്വ ജയശങ്കറിനെപ്പോലുള്ളവര്‍ പരിഹസിച്ചിരുന്നു.

പിന്നീട് ഈ ടീമിലെ ഓരോരുത്തരായി വിഎസിനെ വിട്ടുപോയി. മൂന്നാര്‍ ദൗത്യമടക്കം വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. കെ എം ഷാജഹാനെ പാര്‍ട്ടി മാധ്യമങ്ങള്‍ വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കി. ഇടക്ക് പാര്‍ട്ടി വിഎസ് പിളത്തുമെന്നും ആ ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

പക്ഷേ വിഎസ് താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയെ ഒരിക്കലും കൈവിട്ടില്ല.വിഎസിനെ വിശ്വസിച്ച് ഉള്‍പ്പാര്‍ട്ടി സമരം നടത്തിയവരൊക്കെ വഴിയാധാരമായി. പലരും മറുകണ്ടം ചാടി. പാര്‍ട്ടിയില്‍ സമ്പുര്‍ണ്ണ പിണറായിസം വന്നു. പക്ഷേ അപ്പോഴും വി എസ് നടത്തിയ, പോരാട്ടങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കയാണ്.