- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ ഗൃഹനാഥൻ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല; നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം; ഫലം നിരാശയയതോടെ ദൗത്യം ഏൽപ്പിച്ചത് വളർത്തു നായ ടോമിയെ; വനത്തിൽ ബോധക്ഷയം സംഭവിച്ച വീണുകിടന്ന ഉടമയെ നിമിഷങ്ങൾക്കകം കണ്ടെത്തി ടോമി; ഒരു നാട് മുഴുവൻ കയ്യടിച്ച ടോമിയുടെ മിടുക്കിന്റെ കഥ
മംഗളുരു: തെരുവുനായ ശല്യവും പേ വിഷ ബാധയുമൊക്കെയായി മിക്കവരുടെയും ദേഷ്യത്തിനു പാത്രമായിരിക്കുകയാണ് നായകൾ.എന്നാൽ നൽകുന്ന സ്നേഹത്തിന്റെ ഇരട്ടിയോളം തിരിച്ചുനൽകുന്ന ഇവയുടെ സ്വഭാവം ആരുടെയും മനസിനെ സ്പർശിക്കുന്നതാണ്. അത്തരത്തിൽ ഒരു വളർത്തുനായയുടെ കഥയാണ് ഇപ്പോൾ കർണ്ണാടകയിൽ നിന്നും പുറത്ത് വരുന്നത്.വനത്തിൽ കാണാതായി ഒരു നാട് മുഴുവൻ അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്ത തന്റെ ഉടമയെ നിമിഷ നേരങ്ങൾ കൊണ്ട് കണ്ടെത്തി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ച ടോമിയാണ് ഇപ്പോൾ നാട്ടിലെ താരം.
കർണാടകയിലെ ശിവമോഗ ജില്ലയിൽ ആണ് സംഭവം.ഗൃഹനാഥൻ കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു.ജോലി വൈകിയതോടെ കാട്ടിൽ അകപ്പെട്ട് പോവുകയായിരുന്നു.അദ്ദേഹത്തെ കണ്ടെത്താൻ പല ശ്രമങ്ങളും നടത്തുകയും ചെയ്തു.എന്നാൽ, എല്ലാം പരാജയപ്പെട്ടു പോയി. അവിടെയാണ് വളർത്തുനായ ആയ ടോമി സഹായത്തിന് എത്തിയത്.
അമ്പതോളം ആളുകളാണ് കാണാതായ ശേഖരപ്പയെ കണ്ടെത്താൻ വേണ്ടി തിരച്ചിലിന് ഇറങ്ങിയത്. അക്കൂട്ടത്തിലേക്ക് പിന്നീട് ടോമിയും ചേർന്നു. അവസാനം നായയാണ് ശേഖരപ്പ ബോധം കെട്ട് കിടക്കുന്ന സ്ഥലത്തേക്ക് ആളുകളെ നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ് ടോമി.
ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ശേഖരപ്പ വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയത്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ചെയ്യുന്ന കാര്യമായിരുന്നു അത്. സാധാരണയായി രാവിലെ പോയാൽ 10 മണിയോട് കൂടി അദ്ദേഹം തിരികെ എത്തുമായിരുന്നു, പിന്നീട് താൻ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകും.എന്നാൽ, അന്ന് ആ സമയത്തിനൊന്നും അദ്ദേഹം തിരികെ എത്തിയില്ല.
ഇതോടെ ഭയന്നുപോയ വീട്ടുകാർ തങ്ങളുടെ അയൽക്കാരെ ഒക്കെ വിവരം അറിയിച്ചു. അധികം വൈകാതെ തന്നെ ആ നാട്ടുകാരും അടുത്ത നാട്ടുകാരും ഒക്കെ ചേർന്ന് തെരച്ചിൽ ആരംഭിച്ചു. എന്നാൽ, എത്ര തിരഞ്ഞിട്ടും ശേഖരപ്പയെ കണ്ടെത്താൻ സാധിച്ചില്ല. വിഷമഘട്ടത്തിലായപ്പോഴാണ് ടോമിയെ കുറിച്ച് ഓർക്കുന്നത്.ശേഖരപ്പയുടെ വളർത്തുനായയും സുഹൃത്തും ആണ് ടോമി.
കഴിഞ്ഞ ഏഴ് വർഷങ്ങളായി ടോമി ശേഖരപ്പയോടൊപ്പം കാട്ടിൽ പോകാറുണ്ട്. ടോമിയും അങ്ങനെ തിരച്ചിൽ സംഘത്തോടൊപ്പം ചേർന്നു. എന്നാൽ, ഒരു ഘട്ടം എത്തിയപ്പോൾ ടോമി സംഘത്തെ വിടുകയും തന്റേതായ വഴിയിലൂടെ മുന്നോട്ട് പോകാനും തുടങ്ങി. അധികം വൈകാതെ ദൂരത്ത് നിന്നും കുര കേട്ടു.
സംഘം ഉടനെ തന്നെ അങ്ങോട്ടെത്തി.അവിടെ ഒരു മരത്തിന് താഴെ ബോധം കെട്ട് കിടക്കുകയായിരുന്നു ശേഖരപ്പ. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തിനുള്ളിലെ ചൂടും മറ്റും കാരണമാണ് ശേഖരപ്പ ബോധം കെട്ട് വീണത് എന്ന് ഡോക്ടർമാർ പറഞ്ഞു.
ടോമി ഒരു ഉപേക്ഷിക്കപ്പെട്ട നായയായിരുന്നു. എന്നാൽ, ഒരു ദിവസം ശേഖരപ്പയുടെ കുടുംബം അവനെ കാണുകയും അവനെ അവർക്കൊപ്പം നിർത്തി ടോമി എന്ന് പേര് വിളിക്കുകയും ചെയ്തു. വർഷങ്ങളായി അവൻ ആ കുടുംബത്തോടൊപ്പം കഴിയുന്നു. തന്നെ രക്ഷിച്ചത് ടോമിയാണ് എന്ന് അറിഞ്ഞ ശേഖരപ്പ, തന്റെ മരണം വരെ താനവനെ നോക്കും എന്ന് പറഞ്ഞു. ഇപ്പോൾ നാട്ടുകാരെല്ലാം ടോമിയുടെ ധൈര്യത്തെയും വിശ്വസ്തതയെയും പുകഴ്ത്തുകയാണ്.
മറുനാടന് മലയാളി ബ്യൂറോ