- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് കൂടും; അധിക സർചാർജ് യൂണിറ്റിന് 10 പൈസ കൂടി ഈടാക്കും; ജൂൺ മാസത്തിൽ ഒരു യൂണിറ്റിന് അധികം നൽകേണ്ടത് 19 പൈസ; ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഇനിമുതൽ; ഉപഭോക്താക്കളെ പിഴിഞ്ഞ് കെ എസ് ഇ ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉൾപ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി.
നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും താത്ക്കാലികമായി സർക്കാർ പിന്മാറുമെന്നായിരുന്നു റിപ്പോർട്ട്. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്.
അതേസമയം നേരത്തെ വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.
വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷൻ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്കു (ഗ്രീൻ താരിഫ്) സർചാർജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീൻ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷൻ ഉത്തരവിറക്കും.
ഇതോടെ, വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഇനിമുതൽ ഉപയോക്താക്കൾ നൽകേണ്ടി വരും. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. നിലവിൽ, വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചെലവ് സർചാർജായി കെഎസ്ഇബി ഈടാക്കുന്നുണ്ട്.
ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ നാലുമാസം യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ യൂണിറ്റിന് പത്ത് പൈസ നിരക്കിൽ വീണ്ടും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്.
ഇതുവരെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന നഷ്ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ, ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബിക്ക് സർചാർജ് ഈടാക്കാം. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനിമുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങേണ്ടതുള്ളൂ. എന്നാൽ, ഉപഭോക്താവിനെ സംബന്ധിച്ചു നിലവിലെ തീരുമാനം അധിക ബാധ്യത ആവുകയാണ്.
മറുനാടന് മലയാളി ബ്യൂറോ