മലപ്പറം: ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി മണൽ വാരുന്നതിനിടെ പൊലീസിനെ കണ്ടതോടെ മണൽ തോണി പുഴയിൽ മുക്കി മണൽകടത്ത് സംഘം. സാഹസികമായി തോണി ഉയർത്തിയ പൊലീസും വിട്ടുകൊടുത്തില്ല. ഭാരതപ്പുഴയുടെ തീരത്ത് തിരൂർ സിഐ എം.ജെ ജിജോയും സംഘവുമാണ് മണൽമാഫിയക്ക് പൂട്ടിട്ടത്.

ഭാരതപ്പുഴയിലെ പെരുന്തല്ലൂർ, മൂച്ചിക്കൽ ഭാഗങ്ങളിലെ അനധികൃത കടവുകളിൽ സിഐ എം.ജെ ജിജോയും സംഘവും പരിശോധനയ്ക്ക് എത്തിയതോടെ ആയിരുന്നു മണൽ കടത്തിയിരുന്ന തോണികൾ മാഫിയ പുഴയിൽ മുക്കിയത്. തുടർന്ന് തോണിയിലുണ്ടായിരുന്നവർ മറുകരയിലേക്ക് നീന്തി രക്ഷപ്പെട്ടു. എന്നാൽ അതോടെ മടങ്ങാനായിരുന്നില്ല സിഐ ജിജോയുടെ തീരുമാനം.

പൊലീസ് സംഘം പുഴയിലിറങ്ങി തോണികൾ എല്ലാം ഉയർത്തി. പിന്നീട് ജെ.സി.ബി വരുത്തി എല്ലാം പൊളിച്ചു. ആറ് തോണികളാണ് പൊളിച്ചത്. കടത്തിന് തയ്യാറാക്കി വെച്ചിരുന്ന മുപ്പതോളം ലോഡ് മണൽ പുഴയിലേക്ക് തള്ളുകയും ചെയ്തു.

പൊലീസിനെ കാണുന്നതോടെ തോണി പുഴയിൽ മുക്കി മണൽകടത്തുകാർ നീന്തി രക്ഷപ്പെടുന്നത് പതിവ് കാഴ്ചയാണ്. തോണികൾ ഉയർത്തുക ദുഷ്‌ക്കരമായതിനാൽ പൊലീസ് സംഘം സാധാരണ മടങ്ങലാണ് പതിവ്. എസ്‌ഐ മാരായ സജേഷ് സി ജോസ്, വിപിൻ സീനിയർ സി.പി.ഒ മാരായ ജിനേഷ്, ഷിജിത്ത്, രാജേഷ്, സി.പി.ഒമാരായ അരുൺ, ധനേഷ് കുമാർ, ദിൽജിത്ത് റാപ്പിഡ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് സേനാംഗങ്ങൾ എന്നിവർ കൂടി അടങ്ങുന്നതായിരുന്നു പൊലീസ് സംഘം.

കഴിഞ്ഞ മൂന്നു മാസത്തിനിടെ പൊലീസും റവന്യൂ വകുപ്പും ഭാരതപ്പുഴയിൽ നിന്ന് പിടികൂടി നശിപ്പിച്ചത് ഇരുപതിലേറെ തോണികളാണ്. എന്നാൽ ഇതുകൊണ്ടൊന്നും മണൽകടത്ത് മാഫിയക്ക് കുലുക്കമില്ല. പുതിയ തോണികൾ എത്തിച്ച് മണൽകൊള്ള തുടരുകയാണ്. തോണിയിൽ മണൽവാരി പുഴക്കരയിലെത്തിച്ച് ചാക്കിലാക്കി സൂക്ഷിച്ചാണ് മണൽ കടത്ത്.