കുടയത്തൂർ(തൊടുപുഴ): തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് നാട്ടുകാർ. അപകടത്തിൽ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കുടയത്തൂർ മലയുടെ മുകൾ ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ കോളനിയിൽ ഒരു കുടുംബത്തിലെ 5 പേർക്ക് ജീവൻ നഷ്ടമായിരുന്നു.ചിറ്റടിച്ചാലിൽ സോമൻ(52),ഭാര്യ ജയ എന്നറിയപ്പെടുന്ന ഷിജി(51)മകൾ ഷിമ(29)മകൻ ദേവാക്ഷിത്(5)അമ്മ തങ്കമ്മ(80)എന്നിവരാണ് മരണപ്പെട്ടത്.

ആദ്യം കേട്ടത് വല്ലാത്ത മുഴക്കമായിരുന്നു. പിന്നാലെ കല്ലുകൾ താഴേയ്ക്ക് പതിക്കാൻ തുടങ്ങിയെന്നും ശക്തിയിൽ മണ്ണും വെള്ളവും എത്തിയതെന്നും മാളിയേക്കൽ കോളനി നിവാസികൾ. സോമന്റെ വീട് കല്ലിന്മേൽ കല്ല് ശേഷിക്കാത്ത വിധത്തിൽ നശിച്ചു. വീടിരുന്ന ഭാഗത്ത് ഒരു മൺകൂന രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒന്നര ആൾ പൊക്കത്തിൽ വരെ മണ്ണും കല്ലും മൂടിക്കിടക്കുകയാണെന്നാണ് രക്ഷപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

ഉരുൾപൊട്ടലിന് തൊട്ടുമുമ്പ് ശക്തമായ കാറ്റ് ഉണ്ടായി. പേടി തോന്നുന്ന ശബ്ദം കേട്ടതിന് പിന്നാലെ മുകളിൽ നിന്നും കല്ലുകൾ താഴേയ്ക്ക് പതിച്ചുവെന്നുമാണ് സോമന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന അശോകൻ പറഞ്ഞത്. അശോകന്റെ വീടിനോട് ചേർന്ന് റബ്ബർതോട്ടമുണ്ട്. മുകളിൽ നിന്നും ഒഴുകിയെത്തിയ മരങ്ങളും ചെടികളുമെല്ലാം റബ്ബർമരങ്ങളിൽ തട്ടിനിന്നതിനാൽ ഇവിടെ നിന്നും ഉരുൾപൊട്ടിയെത്തിയ വെള്ളം ദിശമാറി ഒഴുകി. ഇത് മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

വന്ന ദിശയിൽത്തന്നെ വെള്ളം താഴേയ്ക്ക് ഒഴുകിയിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങാകുമായിരുന്നെന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അശോകന്റെ വീടിന്റെ താഴ്ഭാഗത്തായി 30 -ളം വീടുകൾ ഉണ്ടായിരുന്നു. പുലർച്ചെ 4 മണിയോടെ തന്നെ ദുരന്തം അറഞ്ഞ് അയൽവാസികളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം ആരംഭിച്ചിരുന്നു.ഏകദേശം 4.30 തോടെ തങ്കമ്മയുടെ മൃതദ്ദേഹം വീടിനടുത്തുനിന്നും കണ്ടെത്തി. അപ്പോഴും ചുറ്റും ശക്തിയിൽ മുകളിൽ നിന്നും വെള്ളം ഒഴുകി എത്തുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ടോർച്ചുകളുടെ വെളിച്ചത്തിലായിരുന്നു രക്ഷപ്രവർത്തനം.

5 മണിയോട് അടുത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പിന്നെ ജെസിബികൾ എത്തിക്കുന്നതിനായി ശ്രമം. നേരം പുലർന്നതോടെ ജെസിബിക്കുള്ള തിരച്ചിൽ ആരംഭിച്ചു. രാവിലെ 9 മണിയോടുത്ത് ഷിമയുടെയും മകൻ ദേവാക്ഷിതിന്റെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു.അതും വീടിന് സമീപത്തുനിന്നും തന്നെയാണ് കണ്ടെടുത്തത്. പിന്നെയും മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ 11 മണിയോടടുത്ത് സോമന്റെയും ഷിജിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സോമന്റെ മൃതദ്ദേഹം തലയറ്റ നിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൊടുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹങ്ങൾ കുടയത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വയ്ക്കുന്നതിന് ധാരണയായിട്ടുണ്ട്. ദുരന്തമറിഞ്ഞ് പുലർച്ചെ തന്നെ ജില്ലാകളക്ടർ ഷീബ ജോർജ്ജും ഇടുക്കി എസ് പിയും സ്ഥലത്തെത്തി രക്ഷപ്രവർത്തത്തിന് നേതൃത്വം നൽകി. ഉരുൾപൊട്ടൽ ഭീഷിണി നിലനിൽക്കുന്നതിനാൽ പ്രദേശത്തുനിന്നും 4 കുടുബങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.

റവന്യു മന്ത്രി കെ രാജൻ രാവിലെ തന്നെ ദുരന്തസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സോമന്റെയും ഷിജിയുടെയും മൃതദേഹങ്ങൾകൂടി കണ്ടെടുത്ത ശേഷമാണ് മന്ത്രി ദുരന്തസ്ഥലത്തുനിന്നും മടങ്ങിയത്. ഡീൻ കുര്യാക്കോസ് എം പിയും മന്ത്രി്ക്കൊപ്പമുണ്ടായിരുന്നു.
ദുരന്തം കോളനിവാസികളിൽ വല്ലാത്ത ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയുടെ താഴ്‌വാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നുകഴിഞ്ഞു.

മരണമടഞ്ഞ സോമൻ റബ്ബർ ടാപ്പിങ് തൊഴിലാളിയായിരുന്നു. ഭാര്യ എടാട് സ്‌കൂളിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഇതെ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൊച്ചുമകൻ ദേവാക്ഷിത്.സംസ്‌കാരം സംബന്ധിച്ച് ഇനിയും തീരുമാനം ആയിട്ടില്ല.