തൊടുപുഴ: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരത്തെ വിജയത്തിലെത്തിക്കാൻ തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞത് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്ന് വാദം. ഇതോടെയാണ് കുട്ടികളുടെ ആവശ്യം അംഗകരിക്കേണ്ട സ്ഥിതി വന്നത്.

സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബുധനാഴ്ച പുലർച്ചേയാണ് സമരം അവസാനിപ്പിച്ചത്. കോളേജ് ഭരണസമിതി പിരിച്ചുവിടാനും സഹകരണവകുപ്പിലെ ഉദ്യോഗസ്ഥനെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനോടൊപ്പം സർവകലാശാല തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയുമെടുക്കും. ഒത്തു തീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ സമരം വീണ്ടും തുടങ്ങുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫലത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം എല്ലാം അംഗീകരിക്കേണ്ടി വന്നു. സമാനതകളില്ലാത്ത സമരവും വിജയവും.

മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. മന്ത്രിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥികൾ. പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചിരുന്നു.

എന്നാൽ പ്രിൻസിപ്പൽ രാജി വെയ്ക്കാതെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികൾ വീണ്ടും സമരം തുടർന്നു. ഒരു വിദ്യാർത്ഥിക്ക് ഇന്റേണൽ മാർക്കിൽ അന്യായമായി മാർക്ക് നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജിൽ സമരം ആരംഭിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികളെ റാഗിങ് കേസിൽ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം.

തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്നും കുട്ടികൾ അവകാശപ്പെട്ടിരുന്നു. ഇതുകൊണ്ട് തന്നെ സർക്കാർ സംവിധാനങ്ങൾക്കും കുട്ടികൾക്കൊപ്പം നിൽക്കേണ്ടി വന്നു. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയിൽ അദ്ധ്യാപകർ ഒരു കുട്ടിക്ക് വഴിവിട്ട് ഇന്റേണൽ മാർക്ക് നൽകിയതിനെതിരെ സമരം ചെയ്ത 7 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. റാഗിങ് നടത്തിയെന്നാരോപിച്ച് കേസുമെടുത്തു. ഇതിനെതിരെയാണ് ഇന്നലെ വൈകിട്ട് മൂന്നിന് പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർത്ഥികൾ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിച്ചത്.

ഡിവൈഎസ്‌പി മുഹമ്മദ് റിയാസിന്റെയും തഹസിൽദാർ എ.എസ്.ബിജിമോളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുമായും പ്രിൻസിപ്പൽ അനീഷ ഷംസുമായും ചർച്ച നടത്തി. സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും പ്രിൻസിപ്പൽ രാജിവയ്ക്കാതെ കെട്ടിടത്തിനു മുകളിൽനിന്ന് ഇറങ്ങില്ലെന്നായിരുന്നു തുടക്കത്തിൽ വിദ്യാർത്ഥികളുടെ നിലപാട്. മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല.

സമരത്തിനിടെ കുഴഞ്ഞുവീണ, വിദ്യാർത്ഥിനികളായ എം.മേഘ, ടി.എസ്.കാർത്തിക എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതോടെ ഡീൻ കുര്യാക്കോസ് എംപിയും കോളജിലെത്തി.