കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരേ തെളിവുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തുവരുമ്പോൾ ഒരു കാര്യം വ്യക്തമാണ്, ഐസക്കിന്റെ പിന്നാലെ തന്നെ കൂടുതാനാണ് ഇഡിയുടെ തീരുമാനം. കിഫ്ബിയുടെ കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണെന്ന് പറഞ്ഞ ഐസക് തടിയൂരാൻ നടത്തിയ ശ്രമത്തെയാണ് ഇഡി കയ്യോടെ പൊളിച്ചത്. മസാല ബോണ്ട് ഇറക്കാൻ കൈക്കണ്ട തീരുമാനത്തിൽ നിർണായകമായത് അന്നത്തെ ധനമന്ത്രി ആയിരുന്ന ഐസക്കിന്റെ നിലപാടുകളായിരുന്നു.

അന്ന് ഉദ്യോഗസ്ഥർ വിവിധ തലത്തിൽ എതിർപ്പ് ഉയർത്തിയെങ്കിലും ഇതെല്ലാം ഐസക്ക് തള്ളുകയാണ് ഉണ്ടായത്. മസാലബോണ്ടിലേക്ക് കിഫ്ബി എത്തിയതിനുപിന്നിലെ തോമസ് ഐസക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന യോഗങ്ങളുടെ മിനിറ്റ്സാണ് പുറത്തുവന്നിരിക്കുന്നത്. നിർണായക യോഗത്തിൽ അധ്യക്ഷനായിരുന്നത് മുഖ്യമന്ത്രിയും. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉയർന്ന പലിശനിരക്കിൽ മസാലബോണ്ട് വിതരണംചെയ്യുന്നതിൽ ആശങ്ക ഉന്നയിച്ചിരുന്നതായി മിനിറ്റ്സിൽനിന്നു വ്യക്തമാണ്. എന്നാൽ, അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് മസാലബോണ്ടുമായി മുന്നോട്ടുപോകുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

പലിശനിരക്ക് ഉയർന്നുനിൽക്കുകയാണെങ്കിലും അന്താരാഷ്ട്രവിപണിയിലേക്ക് കടക്കാൻ കിട്ടുന്ന സാഹചര്യം പ്രയോജനപ്പെടുത്തണം എന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. മസാലബോണ്ട് ഇറക്കുന്നതുസംബന്ധിച്ച അന്നത്തെ ചർച്ച അവസാനിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ നിർദേശമാണ് ഇ.ഡി. തെളിവായി മുന്നോട്ടുവെക്കുന്നത്.

കിഫ്ബി മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ചതിനു പിന്നിൽ തനിക്കുമാത്രമായി പ്രത്യേക റോൾ ഇല്ലെന്ന് തോമസ് ഐസക് ഇ.ഡി.ക്ക് കഴിഞ്ഞദിവസം നൽകിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാതെ വിശദമായ കത്ത് അന്വേഷണോദ്യോഗസ്ഥന് നൽകുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഇ.ഡി. കിഫ്ബിയുടെ 11-ാമത് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെയും 34-ാമത് ജനറൽബോഡി യോഗത്തിന്റെയും മിനിറ്റ്സുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 2019 ജനുവരി 17-ന്റെ ജനറൽബോഡി യോഗത്തിന്റെ അവസാന അജൻഡയായാണ് മസാലബോണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

മസാലബോണ്ട് ഇറക്കുന്നതിൽ തീരുമാനമെടുക്കാൻ കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെയായിരുന്നു ചുമതലപ്പെടുത്തിയത്. അപ്പോഴത്തെ വിപണിയനുസരിച്ച് മസാലബോണ്ടിൽ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്ന് സിഇഒ. യോഗത്തിൽ അറിയിച്ചു. ഉയർന്ന പലിശവാഗ്ദാനംചെയ്താലേ മുന്നോട്ടുപോകാനാകൂ എന്ന് വിപണിയുടെ നിലവിലെ അവസ്ഥ പ്രതിപാദിക്കുന്ന റിപ്പോർട്ട് യോഗത്തിനു സമർപ്പിച്ചുകൊണ്ട് സിഇഒ. കെ.എം. എബ്രഹാം വ്യക്തമാക്കി.

ഇതിനുപിന്നാലെയാണ് ചർച്ചയിൽ അന്നത്തെ ധനകാര്യ സെക്രട്ടറി മനോജ് ജോഷി ആശങ്ക ഉന്നയിക്കുന്നത്. ആഭ്യന്തര കടപ്പത്രങ്ങളെക്കാൾ ഉയർന്നപലിശനൽകി എന്തിന് മസാലബോണ്ട് ഇറക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു. കിഫ്ബിയുടെതന്നെ കഴിഞ്ഞതവണത്തെ ആഭ്യന്തര കടപ്പത്രത്തിന്റെ പലിശവാഗ്ദാനം ലഭിച്ചത് 10.15 ശതമാനമായിരുന്നു. കിഫ്ബിക്കു സമാനമായ സ്വയംഭരണബോഡിയായ ആന്ധ്രാപ്രദേശ് തലസ്ഥാന മേഖലാ വികസന അഥോറിറ്റിക്ക് അവരുടെ കടപ്പത്രത്തിനായി ലഭിച്ച വാഗ്ദാനം 10.72 ശതമാനമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര കടപ്പത്രവിപണിയെക്കാൾ വിദേശപലിശനിരക്ക് താഴ്ന്നുനിൽക്കുമ്പോൾ എന്തിനാണ് മസാലബോണ്ട് ഇറക്കുന്നതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ചോദിക്കുന്നുണ്ട്. മികച്ച ക്രെഡിറ്റ് റേറ്റ് ഉള്ള സ്ഥാപനങ്ങൾക്കുവരെ ഉയർന്നപലിശയാണ് കടപ്പത്രത്തിന് വാഗ്ദാനമായി ലഭിക്കുന്നത് എന്നതിനാൽ മസാലബോണ്ടിനും നല്ലൊരു വാഗ്ദാനംലഭിക്കാൻ ബുദ്ധിമുട്ടാകുമെന്ന് കിഫ്ബി ബോർഡ് അംഗമായ പ്രൊഫ. സുശീൽ ഖന്ന ചൂണ്ടിക്കാട്ടി.

വിപണി മെച്ചപ്പെട്ടുനിൽക്കുമ്പോൾ മസാലബോണ്ടിലേക്ക് പോകുന്നതായിരിക്കും നല്ലതെന്ന് മറ്റൊരു അംഗമായ ജെ.എൻ. ഗുപ്തയും ചൂണ്ടിക്കാട്ടി. യോഗത്തിന്റെ മിനിറ്റ്സിന് 2019 ജനുവരി 28-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം മാസാല ബോണ്ട് കേസിൽ ഹൈക്കോടതിയിൽ കിഫ്ബി ഇന്ന്തങ്ങളുടെ വാദം പറയും.

മസാല ബോണ്ട് കേസന്വേഷണത്തിൽ ഇ ഡി യുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. അന്വേഷണം ഇല്ലാതാക്കാൻ കിഫ്ബിയുടെ ഭാഗത്തു നിന്നും ശ്രമമുണ്ടാകുന്നുവെന്ന് ഇ .ഡി ഇന്നലെ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും കിഫ്ബി ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയാണെന്നും സത്യവാങ്മൂലത്തിലുണ്ട്

നേരത്തെ ഹാജരാക്കിയ രേഖകൾ തന്നെയാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് ഹരജിയിൽ കിഫ്ബിയുടെ വാദം. മസാലബോണ്ട് ഇറക്കുമതി ചെയ്തതിൽ മുഖ്യമന്ത്രിയുടെയും മുൻധനമന്ത്രി തോമസ് ഐസക്കിന്റെയും പങ്ക് വ്യക്തമാക്കുന്ന രേഖകളും ഇന്നലെ പുറത്ത് വന്നിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിക്കുക.