മൂന്നാർ: തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം തുടരുന്നതായി ആക്ഷേപം. അർഹമായ ഡിഎ ലഭിക്കുന്നില്ലന്ന് കാണിച്ച് മൂന്നാർ പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളിയായ ഷൺമുഖനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഷൺമുഖനാഥന്റെ ഹർജ്ജി പരിഗണിക്കവെ ആവലാതിക്കാരന്റെ ആവശ്യം ന്യായം ആണെന്നും സംസ്ഥാന സർക്കാർ ഡിഎ വർദ്ധന സംബന്ധിച്ച് നയം രൂപീകരിക്കണമെന്നും വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഈ വിധി വന്നിട്ട് ഇപ്പോൾ മൂന്നുമാസം പിന്നിട്ടു.

ഉത്തരവിന്റെ കോപ്പിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ കോടതിയും മുഖ്യമന്ത്രിയും ഒക്കെ ഉത്തരവുകൾ പുറപ്പെടുവിക്കുക സാധാരണമാണെന്നും അത് എപ്പോൾ നടപ്പിലാക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നും ഇക്കാര്യത്തിനായി ഓഫീസിൽ വരേണ്ടതില്ലന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്ന് ഹർജ്ജിക്കാരനായ ഷൺമുഖനാഥനും കേസ് നടത്തിപ്പിൽ സഹായിയായിരുന്ന ഐ കരീമും വെളിപ്പെടുത്തി.

മുഖ്യമന്ത്രി ,തൊഴിൽ വകുപ്പ് മന്ത്രി,പ്രതിപക്ഷനേതാവ് ,ലേബർ കമ്മീഷണർ എന്നിവർക്കെല്ലാം ഉത്തരവിന്റെ കോപ്പി എത്തിച്ചുനൽകിയിട്ടുണ്ട്.ഹൈക്കോടതി അനുകൂല നിലപാടെടുത്തിട്ടും ഇടതുസർക്കാർ അനങ്ങാപ്പാറ സ്വീകരിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് തൊഴിലാളികളുടെ ന്യായമായ അവശ്യം നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജ്ജിക്കാരനായ ഷൺമുഖനാഥന്റെ ആവശ്യം.

സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികൾക്ക് ഗുണം കിട്ടുന്ന ഹൈക്കോടതി ഉരത്തരവ്. ഇത് നടപ്പിലാക്കുമ്പോൾ ടാറ്റ അടക്കമുള്ള വൻകിട തോട്ടം ഉടമകൾക്ക് നേരിയ തോതിൽ സാമ്പത്തീക ബാദ്ധ്യത വർദ്ധിക്കും. തോട്ടം ഉടമകളെ പിണക്കി,നിയമം നടപ്പിലാക്കാൻ സർക്കാർ തയ്യാറാവില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.പാർട്ടി പ്രവർത്തനത്തിനെന്ന പേരിലുള്ള ഫണ്ട് ശേഖരണത്തെ അത് കാര്യമായി ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. മൂന്നാറിലെ അർദ്ധ പട്ടിണിക്കാരായ രാഷ്ട്രീയക്കാരിൽ പലരും ഇന്ന് കോടീശ്വരന്മാരായതിന് പിന്നിലെ ചാലക ശക്തി തോട്ടം ഉടകളാണെന്നത് പരസ്യമായ രഹസ്യമാണ്.കോടതി നിലപാട് കടുപ്പിച്ചില്ലങ്കിൽ ഭാവിയിലും സർക്കാരുകളുടെ നയം ഇതുതന്നെയായിരുയ്ക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ലേബർ കമ്മീഷണർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു

ഷൺമുഖനാഥൻ കേസിൽ ലേബർ കമ്മീണർ യഥാർത്ഥ വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നെന്നെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. 1948 മിനിമം വേജസ് ആക്ടിൽ തേയില ,കാപ്പി,റബർ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഡിഎ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്.ഈ നിയമം നടപ്പിലാക്കാൻ സംസ്ഥാനത്തെ തോട്ടം ഉടമകൾ ഇപ്പോഴും തയ്യാറായിട്ടില്ല.ഈ സാഹചര്യത്തിലാണ് അർഹമായ ഡിഎ ലഭിക്കുന്നില്ലന്ന് കാണിച്ച് ഷൺമുഖനാഥൻ ഹൈക്കോടതിയെ സമീപിച്ചത്.

ഷൺമുഖനാഥന്റെ ഹർജ്ജിയിൽ നടപടികൾ പുരോഗമിക്കവെ ,കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തെക്കുറിച്ച് അറിയില്ലെന്നും ഡിഎ വർദ്ധിപ്പിക്കാൻ നിർവ്വാഹമില്ലന്നും വ്യക്തമാക്കി ലേബർ കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാംങ് മൂലം നൽകിയെന്നും ഇത് തോട്ടം ഉടമകൾക്ക് വേണ്ടി നടത്തിയ ആസൂത്രിത നീക്കമായിരുന്നെന്നുമാണ് ഹർജ്ജിക്കാരന്റെ ആരോപണം.

33 വർഷത്തിനിടയിൽ വർദ്ധിപ്പിച്ചത് 2 പൈസമാത്രം

കഴിഞ്ഞ 33 വർഷത്തിനിടയിൽ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും 2 പൈസ മാത്രമാണെന്നതാണ് വാസ്തവം.ഈ കാലയളവിൽ സൂപ്പർവൈസർമാരുടെ ഡിഎ ആവശ്യസാധനങ്ങളുടെ വിലവർദ്ധനയ്ക്ക് ആനുപാതികമായി വർദ്ധിപ്പിച്ചിരുന്നു.പി എൽസി കമ്മറ്റിയാണ് ഡിഎ വർദ്ധനയുടെ കാര്യത്തിൽ കാലാകാലങ്ങളിൽ തീരുമാനമെടുത്തിരുന്നത്.

മുഖ്യമന്ത്രി ,തൊഴിൽ വകുപ്പ് മന്ത്രി,പ്രതിപക്ഷനേതാവ് ,ലേബർ കമ്മീഷണർ എന്നിവർക്കെല്ലാം ഉത്തരവിന്റെ കോപ്പി എത്തിച്ചുനൽകി.വിധി വന്നിട്ട് ഇപ്പോൾ 2 മാസം പിന്നിട്ടു.ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല.പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളിയായ ഷൺമുഖനാഥൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും ലേബർകമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ സത്യവാംങ് മൂലത്തിൽ ഡിഎ വർദ്ധനയുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ രേഖപ്പെടുത്തിയിരുന്നു.

ഇതുപ്രകാരം 1990 ഫെബ്രുവരി 14 ന് 4.5 പൈസയിൽ നിന്നും 5 പൈസയായി ഡിഎ ഉയർത്തിയിരുന്നു.ഇത് പിന്നീട് 1996 ജൂലൈ 15-ന് 6 പൈസയായും 2008 സെപ്തംമ്പർ 29 ന് 6.50 പൈസയായും 2017 മെയ് 17-ന് 7 പൈസയായും ഉയർത്തി.ഇതിന് ശേഷം വർദ്ധനയുണ്ടായിട്ടില്ല.ചൂരുക്കത്തിൽ 1990 മുതൽ 2023 വരെയുള്ള 33 വർഷം പിന്നിടുമ്പോൾ വർദ്ധന വെറും 2 പൈസ മാത്രം.

പിഎൽസി കമ്മറ്റിയും കനിഞ്ഞില്ല

അവശ്യസാധനങ്ങളുടെ വിലവർദ്ധകണക്കിലെടുത്ത് ആനുപാതികമായി പോയിന്റുകൾ നിശ്ചയിച്ചാണ് പിഎൽസി കമ്മറ്റി ഡിഎ വർദ്ധന നിശ്ചയിച്ചിരുന്നത്.മേൽപ്പറഞ്ഞ കാലഘട്ടത്തിൽ സൂപ്പർ വൈസർമാരുടെ ഡിഎ ഒരു പോയിന്റിന് 60 പൈസയായി വർദ്ധിപ്പിച്ചിരുന്നു.തൊഴിലാളികളുടെ കാര്യത്തിൽ ഇത് ഒരു പോയിന്റിന് 2 പൈസയായി ചുരുങ്ങി.

തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും ഡിഎ വർദ്ധനയിൽ വിവേചനം ഇല്ലന്നായിരുന്നു മുമ്പ് ലേബർ കമ്മീഷണർ നൽകിയിരുന്ന രേഖകളിൽ സൂചിപ്പിച്ചിരുന്നത്.ഷൺമുഖനാഥൻ കേസിൽ ഇതെ ഉദ്യോഗസ്ഥൻ സമർപ്പിച്ച രേഖ കോടതി പരിശോധിച്ചപ്പോൾ മുമ്പ് പുറത്തുവന്നിരുന്ന വിവരങ്ങൾ തെറ്റാണെന്ന് ബോദ്ധ്യമായി. ഇതുവരെ ഡിഎ വർദ്ധന ആവശ്യപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ലന്ന് വാദിച്ച് കേസിൽ നിന്നും തലയൂരാൻ ലേബർകമ്മീഷണർ നടത്തിയ നീക്കം കോടതി മുഖവിലയ്‌ക്കെടുക്കാതെ തള്ളുകയായിരുന്നു.

ഈ കലായളവിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടില്ലന്ന തരത്തിൽ ലേബർ കമ്മീണറുടെ ഭാഗത്തുനിന്നും വാദവമുഖങ്ങൾ ഉയർന്നിരുന്നു.സംസ്ഥാന സർക്കാരിന്റെ സാമ്പത്തീക സ്ഥിതിവിവര കണക്കുവകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വിവരാവകാശപ്രകാരം ലഭ്യമായ വിവരങ്ങൾ കോടതിയിൽ എത്തിയപ്പോൾ ഈ വാദവും പൊളിഞ്ഞു.300 ൽപ്പരം ഇനം സാധനങ്ങൾക്ക് വില വർദ്ധനയുണ്ടായതായി വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരുന്നു.